മെഡിക്കൽ കോളേജിൽ 
7.40 കോടിയുടെ പദ്ധതികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 01:40 AM | 0 min read

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ്‌ മികവിന്റെ പുതിയ ഘട്ടത്തിലേക്ക്‌ കടക്കുന്നു. പൂർത്തിയായ 7.40 കോടി രൂപയുടെ പദ്ധതികൾ ചൊവ്വാ പകൽ മൂന്നിന്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായ 10 പദ്ധതികളാണ്‌ മെഡിക്കൽ കോളേജിൽ പൂർത്തിയായത്‌. ഇവയ്‌ക്ക്‌ 6.40 കോടിയാണ്‌ ചെലവായത്‌. ഇത്‌ കൂടാതെ ജോൺ ബ്രിട്ടാസ്‌ എംപിയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച ഒരുകോടി രൂപ ചെലവിട്ട്‌ വാങ്ങിയ നവീന ഉപകരണങ്ങളുടെ പ്രവർത്തനോദ്‌ഘാടനവും 99.3 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പ്രധാന പ്രവേശന കവാടത്തിന്റെ നിർമാണോദ്‌ഘാടനവും ഇതോടൊപ്പം നടക്കും.
സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയ(42.15 ലക്ഷം), ഡോണർ ഫ്രണ്ട്‌ലി ബ്ലഡ്‌ സെന്ററും പിജി റിസർച്ച്‌ യൂണിറ്റും(88 ലക്ഷം), ഗൈനക്കോളജി ബ്ലോക്കിലെ ബൈസ്‌റ്റാൻഡർ കാത്തിരിപ്പ്‌ കേന്ദ്രം(25 ലക്ഷം), കാഷ്വാൽറ്റി ബ്ലോക്കിൽ ലിഫ്‌റ്റും ലിഫ്‌റ്റ്‌ ടവറും(1.83 കോടി), സൂപ്രണ്ട്‌ ഓഫീസ്‌ അനക്‌സ്‌(50 ലക്ഷം), ഡീസൽ ജനറേറ്റർ, ട്രാൻസ്‌ഫോമർ(1.54 കോടി), ആധുനിക ഉപകരണങ്ങൾ(2.46 കോടി), നവീകരിച്ച ഒപി വിഭാഗങ്ങൾ(1.2 കോടി) എന്നിങ്ങനെയാണ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്ന പ്രധാന പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ഇവ പൂർത്തിയാക്കിയത്‌. സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയയിൽ മാനസികരോഗ വിഭാഗത്തിലെത്തുന്നവർക്ക്‌ വിനോദകേന്ദ്രം, ക്ലിനിക്കുകൾ, പഠനസൗകര്യങ്ങൾ എന്നിവയുണ്ടാകും. 
ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. എംപിമാരായ ജോൺ ബ്രിട്ടാസ്‌, ഫ്രാൻസിസ്‌ ജോർജ്‌ എന്നിവർ മുഖ്യാതിഥികളാകും.


deshabhimani section

Related News

View More
0 comments
Sort by

Home