ഉമ്മൻചാണ്ടിയെ സ്‌മരിച്ച്‌ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 01:04 AM | 0 min read

പുതുപ്പള്ളി
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളിയിൽ നടന്ന അനുസ്‌മരണചടങ്ങും ഫൗണ്ടേഷന്റെ വിവിധ പദ്ധതികളും ഗവർണ്ണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്ഘാടനംചെയ്തു. ബസേലിയോസ്‌ മർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കതോലിക്കാബാവാ അധ്യക്ഷനായി. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.  സിറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ, ശശി തരൂർ എംപി, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. 
ഉമ്മൻചാണ്ടിയുടെ വീട്ടിലും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കല്ലറയിലും പ്രത്യേക പ്രാർഥനയും പുഷ്‌പാർച്ചനയും നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി, കൊടിക്കുന്നിൽ സുരേഷ്‌ എംപി, സിനിമാതാരം കുഞ്ചാക്കോ ബോബൻ, ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്‌പോർട്‌സ്‌ അരീന ഉദ്‌ഘാടനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിൽനിന്ന്‌ കൂരോപ്പടയിലേക്ക്‌ ദീപശിഖാപ്രയാണം നടന്നു. അനുസ്‌മരണ ചടങ്ങിൽ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
മാമ്മൻമാപ്പിള ഹാളിൽ കോട്ടയം ഡിസിസി സംഘടിപ്പിച്ച അനുസ്‌മരണം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അധ്യക്ഷനായി. രമേശ്‌ ചെന്നിത്തല, ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home