പ്രളയ ദുരന്തത്തെ കൃത്യതയോടെ നേരിടാൻ ഭരണ നേതൃത്വത്തിനായി: എൻ റാം

കൊല്ലം
പ്രളയ ദുരന്തത്തെ ഐക്യദാർഢ്യത്തോടെയും കൃത്യതയോടും വേഗത്തിൽ നേരിടാൻ കേരളത്തിലെ ഭരണനേതൃത്വത്തിനും ജനങ്ങൾക്കും കഴിഞ്ഞതായി മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം പറഞ്ഞു. ഡോ. എം ശ്രീനിവാസന്റെ 27ാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊല്ലം എസ്എൻ കോളേജിൽ ഡോ. എം ശ്രീനിവാസൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം പലപ്പോഴും അതിന്റെ ശരിയായ രീതിയിലല്ല. മാധ്യമ സ്വാതന്ത്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്. കേന്ദ്രത്തിൽ മാത്രമല്ല പല സംസ്ഥാനങ്ങളിൽ പോലും മാധ്യമ സ്വാതന്ത്ര്യത്തിന‌് കടിഞ്ഞാൻ വീഴുന്നു.
ഡിജിറ്റൽ കാലഘട്ടത്തിൽ സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരായിരിക്കണം മാധ്യമ പ്രവർത്തകർ. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. വിശ്വാസിതയുള്ള വിവിധ ആശയങ്ങൾ ഉരുത്തിരിഞ്ഞു വരുവാനുള്ള വേദിയായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും എൻ റാം പറഞ്ഞു. എം എ ബേബി അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. സി അനിതാ ശങ്കർ, ഡോ. എം ശ്രീനിവാസൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ ബേബിസൺ, ഡോ. എൽ വിനയകുമാർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സുവർണകുമാർ എന്നിവർ പങ്കെടുത്തു. കേരള സർവകലാശാല എംഎ പൊളിറ്റിക്സ‌് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം ആർ സ്നേഹ (യൂണിവേഴ്സിറ്റി കോളേജ്), മൂന്നാം റാങ്കുനേടിയ ശ്രീപാർവതി (എസ്എൻ കോളേജ് കൊല്ലം) എന്നിവരെ അനുമോദിച്ചു.
Related News

0 comments