Deshabhimani

എണ്ണപ്പനത്തോട്ടത്തിൽ പുലിക്കൂട്ടമെത്തിയെന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2018, 05:08 PM | 0 min read

അഞ്ചൽ
വിളക്കുപാറ എണ്ണപ്പനത്തോട്ടത്തിൽ പുലിയെ കണ്ടെന്ന് ജീവനക്കാർ. കഴിഞ്ഞ ദിവസം വയനാട്ടിൽനിന്ന‌് പനങ്കുലകളുമായെത്തിയ ലോറി ഡ്രൈവർ പ്രദീപ്, ക്ലീനർ രാജേഷ് എന്നിവരാണ് പുലിയെ കണ്ടെന്നറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവർ വിളക്കുപാറ എണ്ണപ്പന ഫാക്ടറിക്കു സമീപം രണ്ടു കുട്ടികളും തള്ളയും അടങ്ങുന്ന പുലിക്കൂട്ടത്തെ കണ്ടെന്നാണ‌് അറിയിച്ചത്. 
വ്യാഴാഴ‌്ച രാത്രിയോടെയാണ് ഇവർ ഓയിൽപാം ഫാക്ടറിയിൽ എത്തിയത്. ഫാക്ടറിയുടെ പ്രവർത്തന സമയം കഴിഞ്ഞതിനാൽ വാഹനത്തിലുണ്ടായിരുന്ന എണ്ണപ്പനക്കുലകൾ ഇറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫാക്ടറിക്കു പുറത്ത്  ലോറി പാർക്ക് ചെയ്തു. രാത്രി 11ന് ആഹാരം പാകം ചെയ്യാന്‍ സജ്ജീകരണങ്ങള്‍ നടത്തുന്നതിനിടയില്‍  ലോറിയുടെ മുൻവശത്തുകൂടി ശബ്ദമുണ്ടാക്കിക്കൊണ്ട് ഏതോ ജീവി കടന്നുപോകുന്നത് ഇവര്‍ കണ്ടു. ഒറ്റ നോട്ടത്തിൽതന്നെ പുലിയാണെന്ന് തോന്നിയതോടെ പ്രദീപും സഹായിയും ലോറിയുടെ ക്യാബിനുള്ളിൽ കയറി  വാഹനം സ്റ്റാർട്ട് ചെയ്ത് ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. ഒരു വലിയ പുലിയും രണ്ടു കുട്ടികളും അടങ്ങുന്ന പുലിക്കൂട്ടം നടന്നുനീങ്ങുന്നത്  വ്യക്തമായി കണ്ടെന്ന് ഇവര്‍ പറയുന്നു. വാഹനത്തിനു നേരെ പുലി നടന്നു നീങ്ങിയതോടെ  ഇവർ ഹോൺ മുഴക്കി. ഹോണിന്റെ ശബ്ദം കേട്ട പുലിക്കൂട്ടം എണ്ണപ്പനത്തോട്ടത്തിലേക്ക് ഓടി മറഞ്ഞുവെന്നും ഇവര്‍ പറഞ്ഞു . 
വിവരം അറിഞ്ഞെത്തിയ അഞ്ചൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി  പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി. ഇവ വനപ്രദേശങ്ങളിൽ കാണുന്ന വള്ളിപൂച്ചയുടേതാണെന്നാണ് വനപാലകരുടെ നിഗമനം. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അഞ്ചൽ റേഞ്ച് ഓഫീസർ ബി ആർ ജയൻ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home