കരിമണലിൽ വിരിഞ്ഞു 
ചെണ്ടുമല്ലി വസന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 10:42 PM | 0 min read

കരുനാഗപ്പള്ളി 
അറബിക്കടലിനോട് ചേർന്നുള്ള ആലപ്പാട് ശ്രായിക്കാട് ഗവ. എൽപി സ്കൂളിന്റെ അങ്കണത്തിൽ ഇത് ചെണ്ടുമല്ലി പൂക്കാലം. കടലിൽനിന്ന് ഏതാനും മീറ്റർ ദൂരം മാത്രമുള്ള സ്കൂൾ മുറ്റത്തെ പൂവസന്തം ഏവർക്കും അതിശയമാകുകയാണ്. കരിമണലിൽ ഇത്ര നല്ല പൂക്കൾ വിരിയുമോ എന്ന് പലർക്കും അത്ഭുതം തോന്നിയേക്കാം. എന്നാൽ, കൂട്ടായ്മയുടെ വിജയത്തിലൂടെയാണ് ഇവർ ഇത് സാധിച്ചെടുത്തത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് കൃഷിക്കുപിന്നിൽ.
സുനാമിയിൽ ഏറെനാശം സംഭവിച്ച വിദ്യാലയമാണ് ശ്രായിക്കാട് ഗവ. എൽപി സ്കൂൾ. രണ്ടു വിദ്യാർഥികളെയും ദുരന്തത്തിൽ നഷ്ടമായി. ഇതിനെ അതിജീവിച്ച് മികവിന്റെ പാഠം രചിക്കുകയാണ് സ്കൂൾ. കെട്ടിടങ്ങൾക്ക് നടുവിലുള്ള മൈതാനത്തെ ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനമായി ഇവർ മാറ്റി. ആഫ്രിക്കൻ മെറി ഗോൾഡ് ഇനത്തിൽപ്പെട്ട 1000 തൈകൾ പാകി കൃത്യമായ പരിചരണത്തിലൂടെ മികച്ചവിളവ് നേടിയെടുത്തു. പൂക്കൾ മാത്രമല്ല പച്ചക്കറി കൃഷിയും സ്കൂളിൽ ധാരാളമായുണ്ട്. കുറ്റിപ്പയർ, മുളക്, വെണ്ട, വഴുതന തുടങ്ങി വിവിധയിനങ്ങൾ വിളവെടുപ്പിനു പാകമായി നിൽക്കുന്നു. കഴിഞ്ഞവർഷം അഞ്ചിനത്തിൽപ്പെട്ട മില്ലറ്റുകൾ കൃഷിചെയ്തും വിദ്യാലയം ശ്രദ്ധനേടി. ഇതിലൂടെ മികച്ച കർഷക സ്കൂളിനുള്ള അവാർഡും കരസ്ഥമാക്കി. ചെണ്ടുമല്ലി വിറ്റുകിട്ടുന്ന പണം വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകാനാണ് സ്കൂളിന്റെ തീരുമാനം. വിളവെടുപ്പുത്സവം കഴിഞ്ഞദിവസം നടന്നു. ഒരേ മനസ്സോടെ നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ നേട്ടമെന്ന് പ്രധാനാധ്യാപിക അമ്പിളി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home