പൂച്ചയെ സ്നേഹിച്ചോളൂ...... സൂക്ഷിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 09:05 AM | 0 min read

കൊല്ലം> ജില്ലയിൽ പൂച്ചയുടെ കടിയേറ്റ്‌ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. ശാസ്‌താംകോട്ട മുതുപിലാക്കാടിൽ പൂച്ചയുടെ മാന്തലേറ്റ വീട്ടമ്മ പേവിഷബാധയേറ്റ്‌ മരിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. കഴിഞ്ഞ മാസം 2701 പേരാണ്‌ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്‌. മേയിൽ 2615 പേരും ജൂണിൽ 3063 പേരും ചികിത്സ തേടി. നായകളുടെ കടിയേറ്റ് ചികിത്സയ്‌ക്കു വരുന്നവരേക്കാൾ കൂടുതലാണ്‌ ഈ എണ്ണം.

ജൂണിൽ 2672 പേരും ജൂലൈയിൽ 2247 പേരുമാണ്‌ നായയുടെ കടിയേറ്റ്‌ ചികിത്സ തേടിയത്‌. കഴിഞ്ഞ ദിവസം പൂച്ചയുടെ മാന്തലിനെ തുടർന്നുണ്ടായ പേവിഷബാധയേറ്റ് മുതുപിലാക്കാട് പടിഞ്ഞാറ് വിജയ ഭവനിൽ രാജന്റെ ഭാര്യ വിജയമ്മ (58)ആണ് മരിച്ചത്. മുതുപിലാക്കാട് കിഴക്ക് സെന്റ് മേരീസ് കാഷ്യൂ ഫാക്ടറിത്തൊഴിലാളിയായ ഇവർ രണ്ടാഴ്ച മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ കിടന്ന പൂച്ചയുടെ വാലിൽ ചവിട്ടിയതോടെ പൂച്ച വിജയമ്മയുടെ കാലിൽ മാന്തി.

ശക്തമായ പനിയും വെള്ളംകാണുമ്പോൾ ഭീതി കാണിക്കുകയും ചെയ്തതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു. ജില്ലാ ആശുപത്രിയിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു. സാധാരണ കഴുത്തിനു മുകളിൽ  കടിയേൽക്കുന്നതാണ്‌ അപകടം. മുറിവിൽ നിന്ന്‌ വൈറസ്‌ നേരെ തലച്ചോറിൽ എത്തുന്നത്‌ മരണത്തിന്‌ ഇടയാക്കും.  

പൂച്ച കടിച്ചാൽ ചെയ്യേണ്ടത്‌


പേപിടിച്ച മൃഗങ്ങളെ അവയുടെ സ്വഭാവംകൊണ്ട് വേഗം തിരിച്ചറിയാനാകും. പ്രകോപനമൊന്നും കൂടാതെ തന്നെ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെങ്കിൽ സൂക്ഷിക്കണം. വായിൽനിന്ന് ഉമിനീരൊഴുകുക, കീഴ്‌ത്താടി തൂങ്ങിക്കിടക്കുക എന്നിവ രോഗമുള്ള മൃഗങ്ങളുടെ ലക്ഷണമാണ്. പേപിടിച്ച നായയുടെയും പൂച്ചയുടെയും ഉമിനീരിൽ ആറു ദിവസം മുമ്പുതന്നെ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. പനി, തലവേദന, കണ്ണിനു ചുവപ്പ്, ദേഹമാകെ ചൊറിച്ചിൽ, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ശബ്‌ദവ്യത്യാസം, ഉറക്കമില്ലായ്‌മ, കാറ്റിനോടും വെള്ളത്തിനോടും ഭയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ  വിദഗ്‌ധപരിശോധന നടത്തണം.  

മുറിവ് കഴുകണം


മുറിവ്‌ 15 മിനിറ്റോളം ശുദ്ധജലം ഉപയോഗിച്ചു നന്നായി കഴുകണം. പൈപ്പിൽനിന്ന് ഒഴുകുന്ന വെള്ളത്തിനുനേരെ കടിയേറ്റ ഭാഗം കുറേനേരം വച്ച്‌ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകണം. മുറിവിന്റെ വ്യാപ്‌തി, രക്തം ഒഴുകൽ എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്. മുറിവ്‌ കെട്ടിവയ്‌ക്കാനോ തുന്നലിടാനോ പാടില്ല.
കടിയേറ്റാലുടനെ ഐഡിആർവി പൂച്ചയുടെ കടിയും മാന്തലുമേറ്റ് ഗുരുതരമായ നിലയിലെത്തുന്നവർക്ക് ഐഡിആർവി (ഇൻട്ര ഡെർമൽ റാബീസ് ആന്റി വാക്‌സിനേഷൻ) കുത്തിവയ്‌പ്പാണ് എടുക്കേണ്ടത്‌. മുറിവിന്റെ വ്യാപ്‌തി അനുസരിച്ച്‌ കാറ്റഗറി രണ്ട്‌ ബി, മൂന്ന്‌ വിഭാഗത്തിൽപ്പെട്ടവർക്കാണ്‌ ഡോക്ടർമാർ ഇമ്യൂണോഗ്ലോബുലിൻ ഇൻജക്‌ഷൻ നിർദേശിക്കുക. പൂച്ചകൾക്ക്‌ വാക്‌സിനേഷൻ കൃത്യമായി എടുക്കാനും മറക്കരുത്‌. അതിന്റെ രേഖ സൂക്ഷിക്കുകയും വേണം

 



deshabhimani section

Related News

View More
0 comments
Sort by

Home