അറിവിൻ പൂക്കാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 02:27 AM | 0 min read

 കൊല്ലം

അറിവിൻ പൂക്കാലം വരവായി, ഇനി കളിചിരികളാൽ ക്ലാസ്‌മുറികൾ സമ്പന്നം. ബലൂണുകളും വർണക്കടലാസുകളും റിബണുകളും ചുമരുകളിൽ കാർട്ടൂണുകളും നിറച്ച്‌ കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. ഒന്നാം ക്ലാസുകാരെ വരവേൽക്കാൻ സ്‌നേഹത്തിൽ പൊതിഞ്ഞ സമ്മാനപ്പൊതികളും കളിപ്പാട്ടങ്ങളും മധുരവുമായാണ്‌ ഭൂരിഭാഗം സ്‌കൂളുകളും തയ്യാറായിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളായി മാറിയ ജില്ലയിലെ വിദ്യാലയങ്ങൾ ആഘോഷാരവത്തോടെയാണ് വ്യാഴാഴ്ച പ്രവേശനോത്സ വം സംഘടിപ്പിക്കുക. 429 സർക്കാർ സ്‌കൂളുകളും 439 എയ്‌ഡഡ്‌ സ്‌കൂളും 87 അൺ എയ്‌ഡഡ്‌ സ്‌കൂളുമുൾപ്പെടെ 955 വിദ്യാലയങ്ങളാണ്‌ ജില്ലയിലുള്ളത്‌. എസ്‌പിസി, എൻസിസി, സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കിണർ, കുടിവെള്ള ടാങ്ക്, ശുചിമുറി, പാചകപ്പുര, പാത്രങ്ങൾ എന്നിവ വൃത്തിയാക്കിയും അപകടാവസ്ഥയിലുള്ള വൃക്ഷവും ശിഖരങ്ങളും മുറിച്ചുമാറ്റിയും സുരക്ഷിതത്വം ഉറപ്പുവരുത്തി. സ്കൂൾ പരിസരങ്ങളിൽ ഇഴജന്തുക്കൾക്ക് താങ്ങാൻ കഴിയുന്ന പൊത്തുകൾ അടച്ചു. 
ഉപജില്ല, സ്‌കൂൾ തലത്തിൽ പ്രവേശനോത്സവത്തിന്‌ എല്ലാ തയ്യാറെടുപ്പും സ്വീകരിച്ചു കഴിഞ്ഞു. എല്ലാ സ്‌കൂളുകളിലും പാഠപുസ്‌തക വിതരണം പൂർത്തിയായി. കുട്ടികൾക്കുള്ള കൈത്തറി യൂണിഫോമുകളും നേരത്തെ ലഭ്യമാക്കി. എഇഒ, ഡിഇഒ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്‌കൂളുകൾ സന്ദർശിച്ച്‌ മുന്നൊരുക്കങ്ങളും വിലയിരുത്തി. അധ്യാപകർക്കുള്ള അവധിക്കാല പഠനക്ലാസും പിടിഎ പ്രസിഡന്റുമാർക്കുള്ള ബോധവൽക്കരണ ക്ലാസുകളും പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷാജിമോൻ പറഞ്ഞു. 
   മികവോടെ 
   തീരദേശ സ്കൂളുകൾ
കരുനാഗപ്പള്ളിയുടെ തീരദേശ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തവണ പുതിയ ഊർജവും ആവേശവുമാണ്. മികച്ച ഭൗതിക സംവിധാനങ്ങളും അതുവഴി ലഭിച്ച വിജയശതമാനവും തീരദേശ സ്കൂളുകൾക്ക് ഇക്കുറി നേട്ടമാണ്. എസ്എസ്എൽസി പരീക്ഷയിൽ തീരദേശ മേഖലയിലെ ചെറിയഴിക്കൽ വിഎച്ച്എസ്എസ്, അഴീക്കൽ ഗവ. എച്ച്എസ്, കുഴിത്തുറ ഫിഷറീസ്‌ എച്ച്എസ്എസ് സ്കൂളുകൾ നൂറുശതമാനം വിജയംനേടി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഒരു കോടിയിലധികം രൂപ ചെലവഴിച്ച്‌ പുതിയ കെട്ടിടത്തിന്റെ നിർമാണം അഴീക്കൽ ഗവ. എച്ച്എസിൽ പുരോഗമിക്കുകയാണ്. കുഴിത്തുറ ഫിഷറീസ്‌ എച്ച്എസ്എസിൽ 2.66 കോടി രൂപയുടെ നിർമാണം നടക്കുകയാണ്. ഇതേ സ്കൂളിൽ കിഫ്ബിയിൽനിന്നും അനുവദിച്ച 1.66കോടി രൂപയുടെ കെട്ടിട നിർമാണവും ഉടൻ തുടങ്ങും. ചെറിയഴീക്കൽ സ്കൂളിൽ പുതിയ ബഹുനില മന്ദിരം നിർമാണം പൂർത്തിയായി. തീരദേശ സ്കൂളുകൾക്ക് മികച്ച പശ്ചാത്തല സൗകര്യങ്ങളും സഹായങ്ങളുമാണ്‌ സർക്കാർ ലഭ്യമാക്കിയത്.
 


deshabhimani section

Related News

View More
0 comments
Sort by

Home