ബിസ്‌കറ്റ് നൽകി മയക്കി തീവണ്ടി യാത്രക്കാരനെ കൊള്ളയടിച്ചു

കാസർകോട്
ട്രെയിൻ യാത്രയ്‌ക്കിടെ സഹയാത്രികനെ ബിസ്‌കറ്റ് നൽകി മയക്കി കൊള്ളയടിച്ചു. പാലക്കാട് അകത്തേത്തറ നടക്കാവിലെ സ്‌കൈലൈൻ കോളനിയിൽ ചന്ദ്രന്റെ മകൻ അരുൺ (30) ആണ് കൊള്ളയടിക്കപ്പെട്ടത്. മയക്കുമരുന്ന‌് കലർന്ന ബിസ്‌കറ്റ് കഴിച്ച് അവശനിലയിലായ അരുണിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാംനഗർ‐ തിരുനെൽവേലി ഹാപ്പ എക്‌സ്‌പ്രസിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫിന് ലഭിച്ച വിവരത്തെ തുടർന്നാണ‌് അബോധാവസ്ഥയിലായ അരുണിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത‌്. ഒന്നരപ്പവൻ വരുന്ന വിവാഹമോതിരം, 2000 രൂപ, എടിഎം, പാൻ കാർഡുകൾ എന്നിവയടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടു.
ഗോവയിൽ വെൽഡിങ് ജോലിചെയ്യുന്ന അരുൺ മുംബൈയിൽ ഇന്റർവ്യൂവിന‌് പോയതായിരുന്നു. ഞായറാഴ്‌ച പകൽ ഒന്നോടെ പനവേലിൽനിന്നാണ് ഷൊർണൂരിലേക്ക് ടിക്കറ്റെടുത്ത് ഹാപ്പ എക്‌സ്‌പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ കയറിയത‌്. അടുത്തിരുന്നയാൾ സ്വയം പരിചയപ്പെടുത്തിയശേഷം മധ്യപ്രദേശ് സ്വദേശിയാണെന്നും ഗോവയിലേക്ക‌് പോകുകയാണെന്നും പറഞ്ഞു. രത്നഗിരിക്കും ഗോവയ്‌ക്കും ഇടയിൽ എപ്പോഴോ ഇയാൾ അരുണിന‌് ബിസ്‌കറ്റ് നൽകി. വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ വാങ്ങി പകുതി കഴിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ മയങ്ങിപ്പോയ അരുൺ തിങ്കളാഴ്‌ച പുലർച്ചെ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് കൊള്ളയടിക്കപ്പെട്ടത് അറിഞ്ഞത്.
വീട്ടിൽനിന്ന് അമ്മ പങ്കജം വിളിച്ചപ്പോൾ അരുണിന്റെ ശബ്ദത്തിൽ പതർച്ച തോന്നി. തുടർന്ന് അടുത്ത ബന്ധുവഴി ആർപിഎഫ് ഹെൽപ്‌ലൈൻ നമ്പറിൽ അറിയിച്ചു. ഫോട്ടോയും അയച്ചുകൊടുത്തു. ഹെൽപ്‌ലൈനിൽനിന്ന് സന്ദേശം കാസർകോട് ആർപിഎഫിൽ അറിയിച്ചു. തുടർന്ന‌് ട്രെയിനിൽനിന്ന് ആർപിഎഫ് എസ്‌ഐ പി വി അനിൽകുമാറും ഹെഡ്‌കോൺസ്‌റ്റബിൾ കെ ശശിയും അരുണിനെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 8.45ന‌് ട്രെയിൻ കാസർകോട്ടെത്തിയപ്പോഴാണ‌് അരുണിനെ കണ്ടെത്തിയത‌്.
ഹിന്ദി മാത്രം സംസാരിച്ച അപരിചിതന് 34 വയസ്സുണ്ടാകുമെന്ന‌് അരുൺ പറഞ്ഞു. ചെറിയ പൂച്ചക്കണ്ണുള്ള ഇയാൾക്ക് മെലിഞ്ഞ ശരീര പ്രകൃതിയാണ്. പാന്റും ഇൻ ചെയ്‌ത ഷർട്ടുമായിരുന്നു വേഷം.








0 comments