സ്ഥിരം യാത്രക്കാർക്ക്‌ ദുരിതമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2018, 05:36 PM | 0 min read

കാസർകോട്‌
ട്രെയിനുകളുടെ സമയം മാറ്റം കണ്ണൂർ,കാസർകോട്‌ ജില്ലകളിലെ ജീവനക്കാർക്കും അധ്യാപകർക്കും ദുരിതമാകുന്നു. മലബാർ,മംഗളൂരു എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ  രാവിലെയുള്ള സമയമാറ്റമാണ്‌ പ്രശ്‌നമായത്‌.  ട്രെയിനുകൾ  കൃത്യത പാലിക്കാത്തതിന്‌  ശിക്ഷിക്കുന്നത്‌ യാത്രക്കാരെയാണ്‌.  മലബാർ എക്‌സ്‌പ്രസിന്റെ   സമയ മാറ്റമാണ്‌ ജീവനക്കാരെയും അധ്യാപകരെയും ഏറെ വലയ്‌ക്കുന്നത്‌. 
മലബാർ എക്‌സ്‌പ്രസ്‌ തലശേരിയി നിന്ന്‌  6.50നും കണ്ണൂരിൽ നിന്ന്‌ 7.30നുമാണ്‌  പുറപ്പെടുന്നത്‌. ഇത്‌ കാസർകോട്‌ എത്തുമ്പോൾ ഒമ്പതരയാകും. മഞ്ചേശ്വരത്ത്‌ 10.05നും  മംഗളൂരുവിൽ 11നുമാണ്‌ എത്തുക. നേരത്തെ   തലശേരിയിൽ 5.53നും  കണ്ണൂരിൽ 6.25നും കാസർകോട്‌ ഒമ്പതിനും മഞ്ചേശ്വരത്ത്‌ 9.30നും മംഗളൂരുവിൽ 10.15നും മലബാർ എത്തിയിരുന്നു.
 രാവിലെപത്തിന്‌  കലക്ടറേറ്റിലും  വിവിധ സർക്കാർ ഓഫീസുകളിലും  എത്തേണ്ട ജീവനക്കാർക്ക്‌ മലബാറിലെ യാത്ര ഒഴിവാക്കേണ്ടി വരും. അവർക്കെല്ലാം ആശ്രയം കണ്ണൂരിൽ നിന്ന്‌ 7.15ന്‌പുറപ്പെടുന്ന  മംഗളൂരു പാസഞ്ചറാണ്‌. അതിനാൽ പാസഞ്ചറിന്‌ വൻ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇതിന്റെ മൂന്ന്‌ കോച്ചുകൾ വെട്ടിക്കുറച്ചതും പ്രശ്‌നമാണ്‌. ഉൾക്കൊള്ളാനാകാത്തത്ര യാത്രക്കാരുമായാണ്‌ പാസഞ്ചറിന്റെ ഓട്ടം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ ഈ വണ്ടിയും കാസർകോട്‌ വൈകിയാണ്‌ എത്തുന്നത്‌.  9.15ന്‌ എത്തേണ്ട പാസഞ്ചർ അരമണിക്കൂറിലേറെ വൈകിയാണ്‌ മിക്കവാറും  ഓടുന്നത്‌. ഓണം അവധി കഴിയുന്നതോടെ പാസഞ്ചറിലെ തിരക്ക്‌ ഇരട്ടിക്കും. തലശേരി ഭാഗത്തുനിന്ന്‌  ജീവനക്കാരും അധ്യാപകരും മറ്റും പാസഞ്ചർ ട്രെയിനിനാണ്‌  കാസർകോട്‌ ഭാഗത്ത്‌  എത്തുന്നത്‌. സ്‌പെഷ്യൽ ട്രെയിനുകളുള്ള വെള്ളി, ശനി ദിവസങ്ങളിൽ ഈ വണ്ടി ഏതെങ്കിലും സ്‌റ്റേഷനിൽ പിടിച്ചിടുകയും ചെയ്യും. മലബാറും പാസഞ്ചറും കിട്ടാതെ വന്നാൽ യാത്രക്കാർ ആശ്രയിച്ചിരുന്ന മംഗളൂരു എക്‌സ്‌പ്രസിന്റെ സമയവും മാറ്റിയിട്ടുണ്ട്‌. നേരത്തെ കണ്ണൂരിൽ നിന്ന്‌ 7.50ന്‌ പുറപ്പെട്ടിരുന്നു ഈ ട്രെയിനിന്റെ പുതുക്കിയ സമയം 8.10 ആണ്‌. കാസർകോട്‌ 10.10നാണ്‌ മംഗളൂരു എക്‌സ്‌പ്രസ്‌ എത്തുക. അതിനാൽ സർക്കാർ ജീവനക്കാർ  ഈ വണ്ടിയെ കാത്തിരിക്കാറില്ല. 9.45ന്‌ കാസർകോട്‌ എത്തിയിരുന്ന വണ്ടിയാണിത്‌.
സമയ മാറ്റം കൊെണ്ടാന്നും മലബാർ എക്‌സ്‌പ്രസ്‌ രക്ഷപ്പെടില്ല. അനന്തമായി ഈ വണ്ടി വൈകിയോടുകയാണ്‌. മംഗളൂരു എക്‌സ്‌പ്രസിന്റെ കൃത്യനിഷ്‌ഠ പോലും  പുതിയ സമയമാറ്റത്തിൽ താളം തെറ്റുകയാണ്‌. കണ്ണൂർ,തലശേരി ഭാഗങ്ങളിൽ നിന്നുള്ളവർക്കുമാത്രമല്ല, പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും സമയമാറ്റം പ്രതിസന്ധിയായി മാറിയിരിക്കയാണ്‌. വളരെ നേരത്തെ പുറപ്പെടുന്ന മാവേലിയെ ആശ്രയിക്കുകയേ വഴിയുള്ളൂ. 
വൈകിട്ടുള്ള ചെന്നൈ സൂപ്പർ ഫാസ്‌റ്റിനും  മംഗളൂരു പാസഞ്ചറിനും  കൂടുതൽ ജനറൽ കോച്ച്‌ അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജർക്കും ഡെപ്യൂട്ടി ജനറൽ മനേജർക്കും ഇതുമായി ബന്ധപ്പെട്ട്‌ നിവേദനം നൽകിയിരുന്നു. വിവിധ പാസഞ്ചേഴ്‌സ്‌ അസോസിയേഷനുകളും ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളും ഈ ആവശ്യമുയർത്തി പ്രക്ഷോഭത്തിനിറങ്ങുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 

 



deshabhimani section

Related News

View More
0 comments
Sort by

Home