ജയിലില്‍നിന്നിറങ്ങിയ വിദേശി വീണ്ടും ജയിലിലേക്ക്

കാസര്‍കോട് > രേഖകളില്ലാതെ പിടിയിലായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ വിദേശ പൌരന്‍ വീണ്ടും ജയിലില്‍. സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന കോടതി നിര്‍ദേശത്തോടെ കഴിഞ്ഞദിവസം സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയച്ച മുപ്പത്തൊമ്പതുകാരനായ അബ്ദുള്‍റഷീദെന്ന വിദേശ പൌരനെയാണ് പാര്‍പ്പിക്കാന്‍ ഇടംകിട്ടാതെ ചീമേനി തുറന്ന ജയിലില്‍ താമസിപ്പിക്കാന്‍ ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടര്‍ ഉത്തരവിട്ടത്. ഇതുപ്രകാരം അബ്ദുള്‍റഷീദിനെ ബുധനാഴ്ച വൈകിട്ട് പൊലീസ് സ്റ്റേഷനില്‍നിന്ന് ജയിലിലേക്ക് മാറ്റി. സൌദി അറേബ്യ സ്വദേശിയാണെന്ന് അബ്ദുള്‍റഷീദ് പറയുന്നുണ്ടെങ്കിലും ഇത് തെളിയിക്കാനാവശ്യമായ രേഖകളൊന്നും പക്കലില്ല. രണ്ടുവര്‍ഷം മുമ്പ് കാസര്‍കോട് പൊലീസ് പിടിക്കുമ്പോഴും ഇയാളുടെ കൈയില്‍ രേഖയുണ്ടായിരുന്നില്ല. ബന്ധുക്കളുടേതെന്ന് പറയുന്ന ഫോണ്‍ നമ്പറില്‍ പൊലീസ് വിളിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. സൌദി എംബസിയുമായും ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരാള്‍ ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്നാണ് പറയുന്നത്. ബംഗ്ളാദേശിലേക്ക് പോകുന്ന വഴിക്ക് ഡല്‍ഹിയില്‍ എത്തിയതാണെന്നും ട്രെയിന്‍ മാര്‍ഗം കാസര്‍കോടെത്തിയതാണെന്നുമാണ് റഷീദ് പറയുന്നത്. രേഖകളില്ലാത്ത വിദേശ പൌരനെ സ്വതന്ത്രനായി വിടാന്‍ പറ്റില്ല. അനാഥാലയത്തിലോ വൃദ്ധസദനത്തിലോ പാര്‍പ്പിക്കാന്‍ പൊലീസ് ശ്രമിച്ചു. യുവാവായ ഇയാളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. കഴിഞ്ഞദിവസം എറണാകുളത്തെ ഫോറിന്‍ റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെത്തിച്ചെങ്കിലും അവരും മടക്കി അയച്ചതോടെയാണ് കലക്ടര്‍ ഇടപെട്ടത്. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പൊലീസ് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ആളുടെ കാര്യത്തില്‍ വീണ്ടും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും കലക്ടറെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് കലക്ടര്‍ ഇയാളെ മറ്റ് തീരുമാനമുണ്ടാകുന്നതുവരെ തുറന്ന ജയിലില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ടത്. അഭയാര്‍ഥിയായി പ്രഖ്യാപിച്ചാലേ വിട്ടയക്കാന്‍ പറ്റു. ഇതിനായി കലക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ഇയാളെ സ്വതന്ത്രനാക്കാന്‍ പറ്റില്ല.










0 comments