പടന്നയും പിലിക്കോടും പുലിപ്പേടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:33 PM | 0 min read

പിലിക്കോട്
പടന്ന, പിലിക്കോട്‌ നിവാസികൾ പുലി ഭീതിയിൽ.  കണ്ടത് പുലിയെ തന്നെയെന്ന് വനം വകുപ്പും റസ്ക്യു വിഭാഗവും സ്ഥിരീകരിച്ചു.  ഇവിടങ്ങളിൽ സിസിടിവി കാമറ സ്ഥാപിച്ചു. പടന്നയിൽ ചൊവ്വ പുലർച്ചെ  നാലോടെയാണ് യാത്രക്കാരൻ റോഡിലൂടെ പുലി നടന്ന് നീങ്ങുന്നത് കണ്ടത്. ഉടൻ ചന്തേര പൊലീസിലും വനം വകുപ്പിനും വിവരം നൽകി. മൂസഹാജി മുക്കിന് സമീപത്തെ പഴയ മദ്രസ കെട്ടിടത്തിന് സമീപം കുറ്റിക്കാട്ടിലേക്ക് പുലി പോകുന്ന ദൃശ്യം പരിസരത്തെ സിസിടിവിയിൽ പതിഞ്ഞതോടെ ജനം ഭീതിയിലായി. ഇതേ തുടർന്ന് പടന്ന ഗവ. എൽപി സ്കൂളിന് അവധി നൽകി. രാവിലെയും പുലിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് തൊട്ടടുത്ത പഞ്ചായത്തായ പിലിക്കോട് പുലിയ കണ്ടതായി വിവരം ലഭിച്ചത്. മാങ്കടവത്ത് കൊവ്വലിൽ പുഴയോരത്ത് ജോലി ചെയ്തിരുന്ന ടി വി ശാന്ത, കെ വി വാസന്തി, ടി സുജിനി, ടി സരിത എന്നീ തൊഴിലാളികളാണ് പറമ്പിൽ പുലി കിടക്കുന്നതായി കണ്ടത്. തൊഴിലാളികളെ കണ്ടതോടെ പുലി പുഴക്കരയിലൂടെ തോട്ടുകര ഭാഗത്തേക്ക് നടന്നുനീങ്ങി. തൊഴിലാളികൾ ബഹളംവച്ചതോടെ നാട്ടുകാരും പൊലീസും വനം വകുപ്പ്‌ ജീവനക്കാരും എത്തി മണിക്കൂറോളം തിരച്ചിൽ നടത്തി. എന്നാൽ കണ്ടത്താനായില്ല. പടന്നയിലും മാങ്കടവത്ത് കൊവ്വലിലും സിസിടിവി സ്ഥാപിച്ചു. പ്രദേശത്ത് ഭീതി നിലനിൽക്കുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പഞ്ചായത്ത് മുന്നറിപ്പ് നൽകി. ഫോറസ്റ്റ് ഓഫീസർ കെ രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രസന്നകുമാരി, പി വി മുഹമ്മദ് അസ്ലം, പഞ്ചായത്തംഗം കെ ഭജിത്ത്, പി വി ചന്ദ്രൻ, വി പ്രദീപ്, സി വി രാധാകൃഷ്ണൻ സെക്രട്ടറി വി മധുസൂദനൻ, പി കെ പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് നാട്ടുകാർ ഒരു പകൽ മുഴുവനും തിരച്ചിലിൽ പങ്കാളിയായി. നാട്ടുകാർ  ജാഗ്രത പാലിക്കണമെന്നും രാത്രി കാല ട്യൂഷനുൾപ്പെടെ കുട്ടികളെ  പുറത്തുവിടരുതെന്നും നിർദ്ദേശം നൽകി.

 



deshabhimani section

Related News

View More
0 comments
Sort by

Home