കളിവണ്ടിയല്ല; കുതിച്ചോടും 
കിടിലൻ വണ്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 10:31 PM | 0 min read

പുല്ലൂർ

പത്താം ക്ലാസുകാരൻ നിരഞ്ജൻ സ്വന്തമായി ഉണ്ടാക്കിയ ഈ വാഹനം ആരെയും അതിശയിപ്പിക്കും. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി നിരഞ്ജൻ മാടിക്കാൽ നിർമിച്ച വാഹനത്തിന്‌ സവിശേഷത ഏറെ. ഗുജിരിക്കടയിൽ നിന്നും മറ്റുമായി പലതരം വാഹനങ്ങളുടെ പഴയ സാമഗ്രികൾ ശേഖരിച്ചുകൊണ്ടുവന്നാണ് വണ്ടിയുണ്ടാക്കിയത്. ഏതുതരം വാഹനമാണെന്ന് ഒറ്റനോട്ടത്തിൽ പറയാനാകില്ല. പൾസർ വണ്ടിയുടെയും ഓട്ടോയുടെയും സ്കൂട്ടറിന്റെയും ടയറുകളാണ്  ഉപയോഗിച്ചത്. സീറ്റ് പിക്കപ്പ് വാനിന്റേത്‌. കാറിന്റെ സ്റ്റിയറിങ്. ബ്രേക്ക്, ആക്സിലേറ്റർ തുടങ്ങിയവയും കമ്പികളും ഘടിപ്പിച്ച് പെട്രോളിൽ ഓടുന്ന വണ്ടിയാക്കി മാറ്റാൻ മൂന്നുമാസ പരിശ്രമം വേണ്ടിവന്നതായി നിരഞ്ജൻ പറയുന്നു. സാധാരണ വാഹനങ്ങളെ പോലെ ഇത്‌ റോഡിലൂടെ നല്ല വേഗതയിൽ ഓടും. തടത്തിൽ റോയൽ ആർക്ക് വെൽഡിങ്‌ ഷോപ്പിൽ  വാഹനത്തിന്റെ വെൽഡിങ്‌ ജോലി നിരഞ്ജൻ സ്വയം ചെയ്യുകയായിരുന്നു.  
ചെറുപ്പത്തിലേ ചെറിയ കളിവണ്ടികൾ ഉണ്ടാക്കുന്നതിൽ തൽപ്പരനായിരുന്ന നിരഞ്ജൻ. വാഹനമുണ്ടാക്കാൻ നിരഞ്ജന് ചിലവായത് അമ്പതിനായിരത്തോളം രൂപ. അച്ഛനമ്മമാരുടെ സഹായത്തിന് പുറമെ ബന്ധുക്കളും നാട്ടുകാരും ചെറുതും വലുതുമായ സാമ്പത്തിക സഹായം നൽകി. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ വാങ്ങാനുള്ള തുക ഇങ്ങനെ സ്വരൂപിക്കാനായി.  വാഹനത്തിൽ കൂടുതൽ യന്ത്രഭാഗങ്ങൾ ഘടിപ്പിച്ച്  കൂടുതൽ ഭംഗിയുള്ളതാക്കി  സ്ഥിരമായി ഓടിക്കുന്ന രീതിയിലേക്ക് മാറ്റണമെന്ന ആഗ്രഹവും നിരഞ്ജനുണ്ട്. ഭാവിയിൽ കാർഷിക യന്ത്രം രൂപപ്പെടുത്താനുള്ള പദ്ധതിയുമുണ്ട്.
വയനാട്ടിൽ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്  നിരഞ്ജൻ. പുല്ലൂർ ഉദയനഗർ ഹൈസ്കൂളിനടുത്താണ് താമസം. സിപിഐ എം പുല്ലൂർ ലോക്കൽ കമ്മിറ്റിയംഗം മാടിക്കാൽ നാരായണന്റെയും പെരിയ കൃഷിഭവൻ ആഗ്രോ സർവീസ് ജീവനക്കാരി മഞ്ജുഷയുടെയും മകനാണ്‌.  ബാലസംഘം പുല്ലൂർ വില്ലേജ് കമ്മിറ്റിയംഗമാണ്. സഹോദരി മാനസ. 
 


deshabhimani section

Related News

View More
0 comments
Sort by

Home