പശുക്കൾ പാട്ടിക്ക് ജീവനാണ്; ജീവിതവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 10:28 PM | 0 min read

പുല്ലൂർ
പശുവളർത്തൽ  ഉപജീവനമാർഗമാക്കിയ പലരും നഷ്ടത്തിന്റെ കണക്ക്‌ പറഞ്ഞ്‌  ഈ മേഖലയിൽനിന്ന് പിന്തിരിഞ്ഞെങ്കിലും പാട്ടി അതിന്‌ ഒരുക്കമല്ല. പുല്ലൂർ എടമുണ്ട വാണിയംകുന്നിലെ വി കെ പാട്ടി(55)ക്ക്‌ പശുവളർത്തൽ ഒരു വരുമാനമാർഗം മാത്രമല്ല; വളർത്തുമൃഗങ്ങളോട്‌ സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരംകൂടിയാണ്. എത്ര പ്രയാസം നേരിട്ടാലും പശുവളർത്തൽ വിടാൻ അവർ ഒരുക്കമല്ല. 
വീടിന് സമീപത്തെ രണ്ട് തൊഴുത്തിലായി ആറ് പശുക്കളെയാണ് പാട്ടി വളർത്തുന്നത്. ഇവയിൽ രണ്ടെണ്ണത്തിനാണ്  നിലവിൽ കറവയുള്ളത്.  രണ്ടെണ്ണം ഗർഭിണി. ദിവസവും 15 ലിറ്ററോളം പാൽ കിട്ടും. പുല്ലൂരിലെ  സൊസൈറ്റിയിലാണ് വിൽപ്പന. പാലിന് നല്ല ഗുണമേന്മയുള്ളതിനാൽ ലിറ്ററിന് 48 രൂപയോളം കിട്ടുമെന്ന് പാട്ടി പറയുന്നു. 25 ലിറ്റർ വരെ ദിവസവും പാൽ ലഭിച്ച കാലമുണ്ടായിരുന്നു. വാണിയംകുന്നിലെ വീട്ടിൽ മകൾ രമ്യക്കൊപ്പമാണ് പാട്ടിയുടെ താമസം. രമ്യ പയ്യന്നൂരിലെ ഒരു കടയിൽ ജോലിക്ക് പോകുന്നു.  പശുക്കൾക്ക്‌   പുല്ലരിയുന്നതും തൊഴുത്ത് വൃത്തിയാക്കുന്നതും കുളിപ്പിക്കുന്നതും കറക്കുന്നതും സൊസൈറ്റിയിൽ പാൽ കൊണ്ടുപോകുന്നതുമെല്ലാം പാട്ടിയാണ്. വലിയ ലാഭമില്ലെങ്കിലും നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പാട്ടിയുടെ പക്ഷം. പശുവളർത്തൽ തുടങ്ങിയിട്ട് ഇരുപതുവർഷമായി. പശുക്കളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യാറില്ല. ആദ്യം ഒരു പശുവിനെ വാങ്ങിയിരുന്നു. അതിൽ നിന്നും ഉണ്ടായ കിടാങ്ങളാണെല്ലാം. സ്വന്തം കുഞ്ഞിനെപ്പോലെ സ്‌നേഹിച്ചും പരിചരിച്ചും അവയെ വളർത്തി വലുതാക്കി.  പശുവളർത്തലിന്‌  പാട്ടി  ബാങ്ക്  വായ്പയെടുത്തിട്ടുണ്ട്.  കാലിത്തീറ്റയ്‌ക്ക് മാത്രം വലിയൊരു തുക  ചെലവാക്കണം.    കാഞ്ഞങ്ങാട് ബ്ലോക്കിൽ പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നതിന്   ക്ഷീരവികസന വകുപ്പിന്റെ   മികച്ച  ക്ഷീര കർഷകയ്‌ക്കുള്ള പുരസ്‌കാരം പാട്ടിക്ക് ലഭിച്ചിട്ടുണ്ട്.   പാൽ സൊസൈറ്റിയും പാട്ടിയെ  ആദരിച്ചിരുന്നു. ഇതിനിടെ പശുവിന്റെ കൊമ്പുകൊണ്ട് പാട്ടിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. കുറച്ചുനാൾ  വിശ്രമത്തിലായി. ആ സമയത്ത് മകൾ രമ്യയാണ് പശുക്കളെ നോക്കിയത്‌. കാലിന് സുഖമായതോടെ വീണ്ടും പശു പരിപാലനത്തിലേക്ക്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home