അനീഷിന്‌ അതിജീവനമാണ്‌ ഈ മോഹന രൂപങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:48 PM | 0 min read

പുല്ലൂർ

ജന്മനാ സംസാരശേഷിയില്ല. ഇരുകാലും തളർന്നതിനാൽ പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനുമാകില്ല. എങ്കിലും തളരാതെ കലാരൂപങ്ങളൊരുക്കി അതിജീവന പോരാട്ടത്തിലാണ് അനീഷ്. തൊടുപ്പനത്ത് എൻ കെ കരുണാകരന്റെയും കെ പി വാസന്തിയുടെയും മകനായ എൻ കെ അനീഷ്(28) ഉണ്ടാക്കുന്നത്‌ മനോഹരമായ കലാരൂപങ്ങൾ. വീട്, കോളേജ്, ആശുപത്രി, ഫ്‌ളാറ്റ്, ബഹുനില കെട്ടിടം തുടങ്ങിയവയുടെ മാതൃക നിർമിച്ചാണ് അനീഷ്  സന്തോഷം കണ്ടെത്തുന്നത്. ബസ്, ജീപ്പ്, കാർ, ഓട്ടോ, ലോറി, കണ്ടെയ്‌നർ, ബൈക്ക്, മോട്ടോർ സൈക്കിൾ, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളുടെ മാതൃകകളും   നിർമിക്കുന്നു. ടിവിയും മറ്റ് ഇലക്ടോണിക്‌സ് ഉപകരണങ്ങളും പൊതിയാൻ ഉപയോഗിക്കുന്ന കട്ടിയുള്ള കവറും പേപ്പറും ഷീറ്റും തെർമോക്കോളും ചായക്കൂട്ടുകളും ഉപയോഗിച്ചാണ് കെട്ടിടമാതൃകകളുടെ നിർമാണം.  ഉപയോഗിക്കാത്ത ടയറുകളും യന്ത്രസാമഗ്രികളും പാഴ്വസ്തുക്കളും ഉപയോഗിച്ച്‌ വാഹന മാതൃകകളുണ്ടാക്കാനും അനീഷിന്  നല്ല പാടവമുണ്ട്.   ഇവയൊന്നും സൂക്ഷിച്ചുവയ്‌ക്കാൻ വീട്ടിൽ സൗകര്യമില്ല. തട്ടിൻപുറത്ത് കൂട്ടിയിട്ടത്‌ മിക്കതും നശിച്ചു. ചാലിങ്കാൽ ഗ്രാന്മ ക്ലബ്  അനീഷിനെ ആദരിച്ചിരുന്നു.   മാതാപിതാക്കളെയും സഹോദരൻ എൻ കെ വിനോദിനെയും ആശ്രയിച്ചാണ് അനീഷിന്റെ ജീവിതം. മുപ്പത്തേഴുകാരനായ വിനോദിന് സംസാരശേഷിയില്ലെങ്കിലും ശാരീരികപ്രയാസമില്ല. വിനോദ് ആശാരിപ്പണിക്ക്  സഹായിയായി പോകുന്നുണ്ട്. ഇതിൽനിന്നും കിട്ടുന്ന ചെറിയ കൂലിയും  അച്ഛൻ കരുണാകരൻ ആശാരിപ്പണി ചെയ്തുകിട്ടുന്ന വരുമാനവും മാത്രമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. അനീഷിന്റെ സഹോദരി ബിന്ദു വിവാഹിതയാണ്‌.  അനീഷിന്റെ ചികിത്സയ്‌ക്കും മറ്റുമായി വൻതുക വേണം. മകനെ പരിചരിക്കേണ്ടതിനാൽ അമ്മ വാസന്തിക്ക് പുറത്ത് ജോലിക്കുപോകാനാവില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ സർക്കാരിൽനിന്നുള്ള പ്രതിമാസ സഹായമല്ലാതെ മറ്റ്  സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്ന്‌ കുടുംബം പറയുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home