താലിമാലയില്‍ സമരാവേശം കൊളുത്തിയ ധീരവനിത

തലശേരി
താലിമാലയിൽ സ്വാതന്ത്ര്യത്തിന്റെ സമരാവേശം കൊളുത്തിയ ധീരവനിതക്ക് മുന്നിലാണന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം മുട്ടുകുത്തിയത്. കോളിളക്കം സൃഷ്ടിച്ച ആ കഥയിലെ നായികയാണ് സാഹിത്യ കുശലൻ എം ശേഷഗിരി പ്രഭുവിന്റെ മകളും സ്വാതന്ത്ര്യ സമരസേനാനി അഡ്വ. എൽ എസ് പ്രഭുവിന്റെ ഭാര്യയുമായ കമലാബായി പ്രഭു.
വിദേശവസ്ത്ര ഷാപ്പ് പിക്കറ്റ് ചെയ്തതിന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കമലാ പ്രഭുവിന്റെ താലിമാല പൊട്ടിച്ച സംഭവം. താലിമാല വെല്ലൂർ ജയിലിലെത്തിച്ചതും ഖേദം പ്രകടനവും സ്ത്രീമുന്നേറ്റ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏട‌്.
വിദേശ വസ്ത്രഷാപ്പ് പിക്കറ്റ് ചെയ്ത കുറ്റത്തിന് തലശേരി സബ്ഡിവിഷനൽ മജിസ്‌ട്രേട്ട് ജെയിംസ് ഡോഡ്‌വെൽ കമലാബായിയെ ഒരുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടക്കാൻ വിസമ്മതിച്ച ഇവരുടെ കമ്മലും മൂക്കുത്തിയും മോതിരവും അഴിച്ചുവാങ്ങിയെങ്കിലും മജിസ്‌ട്രേട്ട് തൃപ്തനായില്ല. താലിമാല അഴിച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ വിധവകൾ മാത്രമേ മംഗല്യസൂത്രം അഴിക്കാറുള്ളൂവെന്നും അതിന് നിർബന്ധിക്കരുതെന്നും അപേക്ഷിച്ചു.
ക്രുദ്ധനായ മജിസ്‌ട്രേട്ട് താലി അഴിച്ചെടുക്കാൻ പൊലീസുകാരോട് കൽപിച്ചു. ഗത്യന്തരമില്ലാതായപ്പോൾ ഒപ്പമുണ്ടായിരുന്ന സ്ത്രീകളോട് താലിമാല അഴിച്ച് മജിസ്‌ട്രേട്ടിന് കൈമാറാൻ നിർദേശിച്ചു. വിവരമറിഞ്ഞ കമലപ്രഭുവിന്റെ ബന്ധുവും സാമൂഹ്യപരിഷ്‌കർത്താവുമായ ആനന്ദതീർഥൻ കോടതിയിലെത്തിയെങ്കിലും കൂടിക്കാഴ്ച അനുവദിച്ചില്ല. വെല്ലൂർ ജയിലിൽ കമലയെത്തുമ്പോൾ നിയമലംഘന സമരത്തിൽ പങ്കെടുത്ത ഭർത്താവ് എൽഎസ് പ്രഭുവും അവിടെയുണ്ടായിരുന്നു.
ബ്രിട്ടനെതിരെ ജനകീയ പ്രതിഷേധം ആളിക്കത്തിച്ച സംഭവമായിരുന്നു താലി അഴിപ്പിക്കൽ. മദിരാശി സർക്കാരിലും ബ്രിട്ടീഷ് പാർലമെന്റിലും ഒച്ചപ്പാടുണ്ടായി. അവിവേകമായിപോയെന്ന് തോന്നിയ മദിരാശി സർക്കാർ ഖേദം പ്രകടിപ്പിച്ച് താലിമാല തിരിച്ചുനൽകാൻ നിർദേശിച്ചു.
വെല്ലൂർ ജയിലിൽ താലി എത്തിച്ചെങ്കിലും കമല സ്വീകരിച്ചില്ല. ജയിലിൽവച്ച് എൽ എസ് പ്രഭുവിനെകൊണ്ട് താലികെട്ടിച്ചാണ് ബ്രിട്ടീഷുകാർ മുഖംരക്ഷിച്ചത്. മജിസ്‌ട്രേട്ട് ഡോഡ്‌വെലിനെ ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.
മംഗളൂരു കോളേജിൽ സംസ്‌കൃത അധ്യാപകനായി ശേഷഗിരി പ്രഭു ജോലിചെയ്യുമ്പോൾ 1901 ആഗസ്ത് 12നാണ് കമലയുടെ ജനനം. അമ്മ സാവിത്രി. ബാല്യത്തിലേ വിവാഹം കഴിപ്പിച്ചതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടിയുള്ളൂവെങ്കിലും കന്നഡ, തെലുങ്ക്, കൊങ്കിണി, മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ പഠിച്ചു. തലശേരി സന്ദർശനകാലത്തെ ഗാന്ധിജിയുടെ ആഹ്വാനമാണ് കമലാഭായിയെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്. 1930 ജനുവരി 30ന് കോഴിക്കോട് കടപ്പുറത്തെ നിയമലംഘനസമരത്തിൽ പങ്കെടുത്താണ് ആദ്യജയിൽവാസം.
ഭർത്താവ് എൽഎസ് പ്രഭു 1944ൽ അന്തരിച്ചതോടെയാണ് പൊതുരംഗം വിട്ടതെന്ന് ബന്ധുവായ തിരുവങ്ങാട്ടെ ശശിധരപ്രഭു പറഞ്ഞു. കേരളത്തിലെ ആദ്യ വനിത നഗരസഭ അധ്യക്ഷ ലളിതപ്രഭു ഇവരുടെ ഇളയസഹോദരിയാണ്. 1949 ഡിസംബർ 14 മുതൽ 1952 ഒക്‌ടോബർ 31വരെ തലശേരി നഗരസഭ ചെയർപേഴ്‌സണായിരുന്നു ലളിത. 1986 ഡിസംബർ 26ന് കോയമ്പത്തൂരിൽ അന്തരിച്ച കമലപ്രഭുവിന്റെ മുപ്പത്തിരണ്ടാം ചരമവർഷിദിനമായിരുന്നു ബുധനാഴ്ച കടന്നുപോയത്.










0 comments