ഹണിട്രാപ്പ് സംഘം നിരവധി പ്രമുഖരെ കുടുക്കിയതായി സൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2018, 06:47 PM | 0 min read

തളിപ്പറമ്പ്

സ്ത്രീയോടൊപ്പം ചിത്രീകരിച്ച കിടപ്പറ രംഗങ്ങളുപയോഗിച്ച് സമ്പന്നരെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടവരിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രമുഖർ. തിങ്കളാഴ്ച റിമാൻഡിലായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഹണിട്രാപ്പ് സംഘം നിരവധി പ്രമുഖരെ കുടുക്കിയതായി സൂചന ലഭിച്ചത്.
 സംഘത്തിലെ പ്രധാനകണ്ണിയായ കാസർകോട് കുഡ്ലു കാലിങ്കാൽ ജഗദംബ ക്ഷേത്രത്തിന് സമീപത്തെ മൈഥിലി ക്വാർട്ടേഴ്സിലെ ഷാഹിദ (32)യെ ചോദ്യം ചെയ്തപ്പോഴാണ് ഹണിട്രാപ്പ് സംഘത്തിന്റെ ഇടപാടുകൾ വ്യക്തമായത്. വീഡിയോ ചിത്രീകരണത്തിന‌് പുറമെ ഉന്നതർ തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കങ്ങൾ തീർക്കാനും സംഘം ഷാഹിദയെ ഉപയോഗിച്ചിരുന്നു. കുറുമാത്തൂർ ചൊറുക്കളയിലെ  റഹ്മത്ത് വില്ലയിൽ കൊടിയിൽ റുവൈസ്(22), കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് യാർഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പയ്യന്നൂർ കാങ്കോലിലെ തലയില്ലത്ത് ടി മുസ്തഫ(45) എന്നിവരാണ് ഇത്തരം ക്വട്ടേഷനുകൾ ഏറ്റെടുത്തത്.
 എന്നാൽ അന്വേഷണപുരോഗതിയെ ബാധിക്കുമെന്നതിനാൽ പൊലീസ് ഇത്തരം വിവരങ്ങളൊന്നും  വെളിപ്പടുത്താൻ തയ്യാറായിട്ടില്ല.   ഷാഹിദയുടെ ഭർത്താവെന്ന് പറയുന്ന കുഡ്ലുവിലെ കെ ദിനേശ് ബിഎംഎസിന്റെ സജീവ പ്രവർത്തകനും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയുമാണെന്ന് വ്യക്തമായി. ക്ലബ്ബുകൾ തമ്മിലുള്ള തർക്കത്തെതുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകൻ അശ്വിനെ വധിക്കാൻ ശ്രമിച്ച കേസിൽ ദിനേശ് 17 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. ജ്യേഷ്ഠൻ ദീപക്കിനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്നുള്ള സംഘട്ടനക്കേസിലും ദിനേശ് പ്രതിയാണ്.  കാൽലക്ഷം രൂപ വാടകയുള്ള ആഡംബര  ഫ്ളാറ്റിലാണ് ഷാഹിദയും ദിനേശും താമസിക്കുന്നത്. ദിനേശിന്റെ പ്രവർത്തനങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 ഷാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ  സംഘത്തിലെ ശേഷിച്ചവരെ പിടികൂടാനാകൂ. ഇതിനുള്ള നടപടി പ്രത്യേക അന്വേഷകസംഘം ആരഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ എഎസ്ഐ പുരുഷോത്തമൻ, സീനിയർ സിപിഒ അബ്ദുൾ റൗഫ്, സിപിഒമാരായ പ്രിയേഷ്, സുരേഷ് കക്കറ, സ്നേഹേഷ്, ഷിജി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home