ശുചിത്വമില്ലാത്ത ഭക്ഷണ വിതരണം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധന

കണ്ണൂർ
ശുചിത്വമില്ലാത്ത ഭക്ഷണ വിതരണം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ഉന്നതതല പരിശോധന. പാലക്കാട് ഡിവിഷൻ അസി. കമേഴ്സ്യൽ മാനേജർ മായാ പീതാംബരന്റെ നേതൃത്വത്തിലാണ് പരിശോധനയും ബോധവൽക്കരണവും നടത്തിയത്.
കൈയ്യുറ ധരിക്കാതെയും വൃത്തിഹീനമായും ഭക്ഷണം വിതരണം ചെയ്യുന്നെന്നുള്ള പരാതിയെ തുടർന്നാണ് ട്രെയിനുകളിലും സ്റ്റേഷനിലും പരിശോധന നടത്തിയത‌്. ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ലൈസൻസില്ലാത്ത ആളുകൾ മലിന വെള്ളത്തിൽനിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കക്കൂസിൽനിന്ന് വെള്ളമെടുത്ത് ഭക്ഷണം പാകം ചെയ്യുന്നത് നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരിശോധനക്ക് റെയിൽവേ തീരുമാനിച്ചത്. അതൊടൊപ്പം ഓരോ പ്രധാന സ്റ്റേഷനുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നവർക്കുള്ള ബോധവൽക്കരണവും നടത്തും.
കണ്ണൂരിൽ സ്റ്റേഷനിലെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും പരിശോധിച്ചു. ട്രെയിനുകളിലും പരിശോധന നടന്നു. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്ത് നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സ്റ്റേഷനിലെ ഭക്ഷണ വിതരണക്കാർക്ക് വേണ്ടി നടത്തിയ ക്ലാസിൽ മായാ പീതാംബരൻ വിശദീകരണം നടത്തി. നിധിൻ റോബർട്ട്, സ്റ്റേഷൻ മാനേജർ എം എം മനോജ്, കോമേഴ്സ്യൽ മാനേജർ എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.








0 comments