കാലവർഷം കനത്തു ജില്ലയിൽ വ്യാപക നാശം

കണ്ണൂർ
കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപക നാശം. പലയിടത്തും മരം വീണ‌് ഗതാഗതം തടസ്സപ്പെട്ടു. മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റിൽ പലയിടത്തും വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട‌്. വൈദ്യുതി വിതരണവും താറുമാറായി.
പാനൂർ ചമ്പാട‌് അരയാക്കൂലിൽ പൊട്ടി വീണ മരം മുറിക്കുന്നതിനിടെ തോട്ടിൽ വീണ‌് ഒരാൾ മരിച്ചു. കണ്ണൂർ പഴയ ബസ‌്റ്റാൻഡിൽ കൂറ്റൻ ഫ്ലക‌്സ‌് ബോർഡ‌് വീണ‌് ഒരാൾക്ക‌് പരിക്കേറ്റു. രണ്ട‌് കാറുകൾക്കും കേടുപറ്റി.
രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ താഴ‌്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ‌്. പലയിടത്തും റോഡുകളിലും വെള്ളം കയറി. കാറ്റിൽ പലയിടത്തും വീടിനുമുകളിലും മറ്റുമുള്ള ഷീറ്റുകളും പാറിപ്പോയിട്ടുണ്ട‌്. മലയോരത്തും കാറ്റിലും മഴയിലും വ്യാപക നാശമാണ‌്.
കനത്ത മഴയിലും കാറ്റിലും ഇരിട്ടി മേഖലയിൽ 2 വീടുകൾ തകർന്നു. പലയിടത്തും മരം കടപുഴകി വീണ് വൈദ്യുതി മുടങ്ങി. ഗതാഗതവും തടസ്സപ്പെട്ടു. മഴ കനത്തതിനാൽ താഴ‌്ന്ന പ്രദേശങ്ങളും ഗ്രാമീണ റോഡുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മലയോരത്ത‌് നാശംവിതച്ച‌് മഴ തുടരുകയാണ‌്.
പെരിങ്ങോം മേഖലയിൽ കാറ്റിലും മഴയിലും തെങ്ങ് പൊട്ടിവീണ് തിരുമേനി കോക്കടവ് അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. തിരുമേനി, പ്രാപ്പൊയിൽ, മരുതുംപാടി, ചട്ടിവയൽ ഭാഗങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടായി. സിപിഐ എം പുക്കൽ ബ്രാഞ്ച് ഓഫീസായ കെ വി സി മന്ദിരം മരം വീണ് തകർന്നു. പുഴകളും തോടുകളും കര കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ മലയോരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കാറ്റിലും മഴയിലും തലശേരിയിലും പരിസര പ്രദേശങ്ങളിലും വൻനാശം.
പാലിശേരിയിലെ എഎസ്പി ഓഫീസ് വളപ്പിലെ കൂറ്റൻ തണൽ മരം കടപുഴകി. ഓഫീസിന്റെ മതിൽ ഭാഗികമായി തകർന്നു. ന്യുമാഹി പരിമഠത്ത്്് ജയശീലന്റെ വീട് തകർന്നു. ഓടുകൾ പാറിപ്പോയി. പലയിടങ്ങളിലും വൈദ്യുതി നിലച്ചു.
ചുഴലിക്കാറ്റിൽ കൂത്തുപറമ്പ‌് മേഖലയിൽ വ്യാപക നാശം. മാങ്ങാട്ടിടം, മാനന്തേരി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ശനിയാഴ‌്ച അർധരാത്രി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കാഞ്ഞിലേരി മാടമ്പള്ളി കുഞ്ഞിരാമന്റെ വാഴകൃഷിയും തെങ്ങുകളും നശിച്ചു. സുകു ഗുരുക്കൾ റോഡിൽ തെങ്ങുവീണ‌് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.










0 comments