ഒരു സെക്കൻഡ് ദൂരത്തായിരുന്നു മിടിച്ച ഹൃദയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 11:48 PM | 0 min read

ഇരിട്ടി
അങ്ങാടിക്കടവിൽനിന്നും തൃശൂർ വടക്കാഞ്ചേരിയിലേക്ക് അവസാനവർഷ ബിരുദ പരീക്ഷയെഴുതാൻ ഇമ്മാനുവൽ പോയത്‌ കാറോടിച്ച്‌. മൂന്ന്‌ ജില്ലകൾ പിന്നിട്ട്‌ തിരികെയുള്ള യാത്രയിൽ വീടെത്താൻ സെക്കൻഡുകൾ ബാക്കിനിൽക്കെയാണ്‌ റോഡപകടം വില്ലനായത്‌. ചൊവ്വ പുലർച്ചെ അഞ്ചോടെ അച്ഛനെ ഇമ്മാനവുൽ വിളിച്ചത്‌ ഇരിട്ടിയിൽ എത്തിയപ്പോൾ. ഫോൺ വിളിക്കുശേഷം  20 മിനിറ്റിനകം വീട്ടിലെത്തേണ്ടുന്ന മകനെ പ്രതീക്ഷിച്ച രക്ഷിതാക്കൾ കേട്ടത്‌ ഹൃദയം തകർക്കുന്ന ദുരന്തവാർത്ത. ഏതാനും സെക്കൻഡുകൾകൂടി കടന്നുപോയിരുന്നുവെങ്കിൽ മകൻ വീട്ടിൽ എത്തിയേനെ എന്ന ഉള്ള്‌ പൊള്ളുന്ന തോന്നലിലാണ്‌ ഇമ്മാനുവലിന്റെ അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ കുടുംബം. നാടാകെ ഇമ്മാനുവലിന്റെ  വേർപാടിന്റെ കണ്ണീരിലാണ്‌. വീടിന്റെ അരക്കിലോമീറ്റർ അകലെയാണ്‌ ഇമ്മാനുവലിന്റെ കാറിന്മേൽ മരംവീണത്. ആനപ്പന്തി കഴിഞ്ഞ് ഡോൺ ബോസ്‌കോ കോളേജിന് സമീപത്തെ റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ അടിവശം ദ്രവിച്ച കൂറ്റൻ റബർ മരമാണ്‌ ഇമ്മാനുവൽ ഓടിച്ച കാറിനു മുകളിൽ വീണത്‌. സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ ഇളവ്‌ ലഭിച്ചിരുന്നുവെങ്കിൽ ഇമ്മാനുവൽ രക്ഷപ്പെട്ടേനെയെന്ന്‌ നാട്ടുകാർ. കാറിന്മേൽ വീണ മരത്തിന്റെ വലിയ ശിഖരം മുൻഗ്ലാസ് തകർത്ത് ഇമ്മാനുവലേന്റെ നെറ്റിത്തടത്തിൽ ഇടിച്ചതോടെയാണ്‌ വണ്ടി നിയന്ത്രണം വിട്ടത്‌. കാർ 50 മീറ്റർ കുതിച്ച് പാഞ്ഞ്‌  റോഡരികിലെ  തെങ്ങിൽ ഇടിച്ചാണ്‌ കുളത്തിലേക്ക് മറിഞ്ഞത്‌. മരമിടിച്ച്‌ നെറ്റിക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് നിഗമനം.   കുളത്തിൽ വീണ കാറിന്റെ മുൻഭാഗം ചെളിയിൽ പുതഞ്ഞതിനാൽ പെട്ടെന്ന്‌ രക്ഷാപ്രവർത്തനം സാധ്യമായില്ല. വെളിച്ചക്കുറവും പ്രതിസന്ധിയായി. നാട്ടുകാർ മണ്ണുമാന്ത്രിയന്ത്രത്തിന്റെ സഹായത്തിലാണ്‌ കാർ ഉയർത്തി ഇമ്മാനുവലിനെ പുറത്തെടുത്തത്. കരിക്കോട്ടക്കരി സിഐ എ യു ജയപ്രകാശ്, എസ്ഐ പ്രഭാകരൻ മോട്ടോർ വാഹനവകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുവർഷം മുമ്പും അപകടമുണ്ടായ സ്ഥലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ്‌ മരിച്ചിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home