'കണക്ടിങ് തളിപ്പറമ്പ്‌' നവീന കേരള മാതൃക: മുരളി തുമ്മാരുകുടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:57 PM | 0 min read

തളിപ്പറമ്പ് > യുവജനങ്ങൾക്കും  തൊഴിലന്വേഷകർക്കും അവസരങ്ങൾ ഒരുക്കുന്ന എം വി ഗോവിന്ദൻ എംഎൽഎയുടെ "കണക്ടിങ് തളിപ്പറമ്പി' നെ നവീനമായ ആശയമെന്ന്‌ ദുരന്ത നിവാരണ വിദഗ്‌ധൻ മുരളി തുമ്മാരുകുടി. കേരളമൊന്നാകെ ശ്രദ്ധിക്കേണ്ടതാണ് വിജ്ഞാന തൊഴിൽ സംരംഭകത്വ വികസന പദ്ധതിയിലൂടെ എംഎൽഎയുടെ ഇടപെടലെന്ന്‌  അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിനായി വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തതും ടെലികോളർ, കരിയർ കൗൺസലേഴ്സ് ഉൾപ്പെടെയുള്ള ടീം സജ്ജമാക്കിയത്‌ അനുകരണീയ മാതൃകയാണ്‌.
 
 

 ‘‘സുഹൃത്ത് പ്രവീണാണ്‌  കണക്ടിങ് തളിപ്പറമ്പ്   തൊഴിൽ മൂവ്മെന്റിനെ പറ്റി പറഞ്ഞത്. കേരളം  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതിലുണ്ട്. ഒത്തുപിടിച്ചാൽ തൊഴിലന്വേഷിക്കുന്നവർക്കെല്ലാം തൊഴിൽ കണ്ടുപിടിക്കാം’’–- പദ്ധതി നടത്തിപ്പിലെ കണക്കുകൾ വിശകലനംചെയ്ത തുമ്മാരുകുടി ചില വസ്തുതകളും നിരീക്ഷിക്കുന്നു. കേരളത്തിൽ തൊഴിൽ ഇല്ലാത്തവരും അന്വേഷിക്കുന്നവരും തമ്മിലുള്ള  എണ്ണത്തിൽ വലിയ വ്യത്യാസമുണ്ട്. അതായത്, കേരളത്തിലെ തൊഴിലില്ലായ്‌മ കണക്കിൽ കാണുന്നത് പോലെ രൂക്ഷമല്ല. മറ്റൊന്ന് നല്ല വിദ്യാഭ്യാസം നേടിയവരാണ് തൊഴിലന്വേഷകർ ഭൂരിഭാഗവും. അവർക്ക് ശമ്പളത്തെപറ്റിയുള്ള പ്രതീക്ഷ കുറവാണ്.
 
വിദ്യാഭ്യാസം കൂടുന്തോറും ശമ്പളം കുറയുന്ന പ്രവണത കേരളത്തിലുണ്ട്. ഇതിനുകാരണം തൊഴിൽ രംഗവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉന്നത വിദ്യാഭ്യാസവും കൂലിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത തൊഴിലിന്റെ ‘മാന്യത’യുമാണ്. ഇത് മാറിയാലേ തൊഴിലില്ലായ്മയിലും  മാറ്റം ഉണ്ടാകൂ. സമൂഹമാധ്യമങ്ങളിൽ ധാരാളം ഷെയർ ചെയ്യപ്പെട്ട കുറിപ്പിന് ധാരാളം പ്രതികരണങ്ങളുമുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home