ഇച്ചിരി കപ്പേം പോട്ടീംകഴിച്ചാലോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 04:12 AM | 0 min read

 കരിമണ്ണൂർ

വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ച് വേവിച്ച കപ്പയും പോട്ടിയും ചേര്‍ത്തിളക്കി മുകളില്‍ സവാളയും വിതറി അഷ്‍റഫിക്ക കൈയിലേക്ക് തരും. അതൊരു സ്വാദാണ്. ഉടുമ്പന്നൂരിലെ അഷ്‍റഫ് ഇക്കയുടെ തട്ടുകടയിലെ രുചി നാട്ടില്‍പാട്ടാണിന്ന്. കപ്പയും പോട്ടിക്കും അല്‍പം ഫാൻസ് കൂടുതലുണ്ട്. കപ്പ ബിരിയാണി, എല്ലുംകപ്പയും, കരൾ ഉലര്‍ത്തിയത്, പൊറോട്ടയും ബീഫും, ചിക്കൻ ബിരിയാണി തുടങ്ങി കൊതിപകരും വിഭവങ്ങളുടെ നീണ്ടനിരയാണ് തട്ടുകടയില്‍. 
ഉടുമ്പന്നൂർ ന്യൂ സിറ്റയിൽ വില്ലേജ്‌ ഓഫീസിനോട്‌ ചേർന്ന്‌ നാലുവർഷം മുമ്പാണ്‌ നടുപ്പറമ്പിൽ അഷ്റഫ്‌ തട്ടുകട തുടങ്ങിയത്. രുചിയറിഞ്ഞ് സമീപപ്രദേശങ്ങളില്‍നിന്ന് വരെ ആളുകള്‍ തേടിയെത്തുന്നു. സമൂഹമാധ്യമങ്ങളിലും അഷ്‍റഫ് ഇക്കയുടെ തട്ടുകട ഫേമസാണ്. അഷറഫ്‌ ഭക്ഷണം വിളമ്പാൻ തുടങ്ങിയിട്ട്‌ 42 വര്‍ഷമായി. 1982ൽ ഉടുമ്പന്നൂരിന്‌ സമീപം പരിയാരത്ത് ചെറിയൊരു ചായക്കടയായിരുന്നു തുടക്കം. കോവിഡ് കാലത്ത് കട അടയ്‍ക്കേണ്ടിവന്നു. പിന്നീട് സുഹൃത്തുക്കളുടെ പ്രേരണയിലാണ്‌ കച്ചവടം ഉടുമ്പന്നൂരിലേക്ക്‌ മാറ്റിയത്‌. 
പകൽ മൂന്നോടെ തുറക്കുന്ന സ്ഥാപനം രാത്രി 12വരെ തുടരും. പാചകംചെയ്യുന്ന ഭക്ഷണം തീരുന്ന മുറയ്‌ക്ക്‌ ചിലപ്പോൾ നേരത്തെയും കടയടയ്‍ക്കേണ്ടിവരും. ദിവസവും 10കിലോ മാവിന്റെ പൊറോട്ടയാണ്‌ ഉണ്ടാക്കുന്നത്‌. എട്ടുകിലോ ബീഫ്‌, അഞ്ചുകിലോ ലിവർ, 10കിലോ വീതം പോട്ടിയും ചിക്കനും, 30 കിലോയിലധികം കപ്പ എന്നിവയാണ്‌ പാകംചെയ്‍ത് വില്‍ക്കുന്നത്. കപ്പ ബിരിയാണി മാത്രം 15 കിലോയോളം ചെലവാകും. 
പരിയാരത്ത്‌ പണ്ട്‌ നടത്തിയിരുന്ന കടയാണ്‌ ഇപ്പോഴത്തെ പാചകപ്പുര. അവിടെനിന്ന്‌ ചേരുവചേർത്ത്‌ വേവിച്ച് തട്ടുകടയിലെത്തിക്കും. വെളിച്ചെണ്ണയിൽ പാകപ്പെടുത്തുന്ന കപ്പയ്‍ക്കും കറികൾക്കും പ്രത്യേക രുചിതന്നെയാണ്‌. കൃത്രിമ രുചിക്കൂട്ടുകള്‍ ഒന്നുമില്ലാത്തതാണ് അഷ്‍റഫിന്റെ ടേസ്റ്റ് സീക്രട്ട്. ‘നാച്വറൽ’ ചേരുവകള്‍ മാത്രമേ ചേർക്കൂ. ഒപ്പം നാടൻ വെളിച്ചെണ്ണയും. കപ്പ–-പോട്ടിക്കും കപ്പ ബിരിയാണിക്കും 80 രൂപയാണ്‌ ഒരു പ്ലേറ്റിന് വില. പാഴ്‌സലിന്‌ അൽപ്പം കൂടുമെങ്കിലും വയറ് നല്ലോണം നിറയും. ഭാര്യ ഖദീജയും മകൻ നജീബും അഷ്‍റഫിനൊപ്പം കടയിലുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home