അശാന്തിയുടെ തണുപ്പനുഭവിപ്പിച്ച‌് ശ്രീനഗർ പ്രതിഷ‌്ഠാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 26, 2018, 08:58 PM | 0 min read

കൊച്ചി
മട്ടാഞ്ചേരിയിലെ ടികെഎം വെയർഹൗസിൽ കാശ‌്മീരി കലാകാരന്മർ ഒരുക്കിയിട്ടുള്ള ശ്രീനഗർ ബിനാലെയുടെ കവാടത്തിൽ സന്ദർശകർ കർശന ദേഹപരിശോധനക്ക‌് വിധേയരാകണം. ശ്രീനഗർ ബിനാലെ ഒരുക്കിയ 14 കലാകാരന്മാരുടെ സംഘത്തിലുള്ള ഷൗക്കിബ് ഭട്ട്, ഹീന ആരിഫ‌് എന്നിവരാണ‌് സന്ദർശകരുടെ ദേഹപരിശോധന നടത്തുന്നത‌്.  വരുന്നത് ആരായാലും പരിശോധന കർശനം. പലരും അസ്വസ്ഥരാകുന്നു.  തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി കണ്ട‌് രോഷം കൊള്ളുന്നു ചിലർ. എന്നാൽ കശ്മീരികൾ എല്ലാദിവസവും പല പ്രാവിശ്യം അനുഭവിക്കുന്ന യാഥാർഥ്യമാണിതെന്ന‌് പരിശോധന കഴിഞ്ഞ‌് ഉള്ളിൽ പ്രവേശിക്കുന്ന സന്ദർശകർ തിരിച്ചറിയുന്നു. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വില മതിക്കാനാകാത്തതാണെന്നും.

കശ‌്മീർ അശാന്തിയിലായതിന്റെ മാറിയ കഥ പറയുകയാണ് ബിനാലെയിലെ ശ്രീനഗർ  പ്രതിഷ്ഠാപനം. സ്വന്തം മണ്ണിൽ നിന്ന് പലായനംചെയ്ത ഒരു ലക്ഷത്തിലധികം പേരുടെ  യാതനകളുടെയും കശ്മീരിന് അനുഭവിക്കേണ്ടിവരുന്ന ദുർഗതിയുടെയും കഥയാണ് വീർ മുൻഷി ഒരുക്കിയ ശ്രീനഗർ പ്രതിഷ‌്ഠാപനം.

കശ്മീരിലെ രണ്ട് സമുദായങ്ങളനുഭവിക്കുന്ന യാതന ജനങ്ങളിലേക്കെത്തിക്കുകയാണ‌് ലക്ഷ്യം. സൂഫി ദർഗയുടെ മാതൃകയിലാണ് പ്രധാന പ്രതിഷ്ഠാപനം . സൂഫി ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ആർക്കും പ്രവേശിക്കാമെന്നാണെങ്കിലും ഇത്തരം ഇടങ്ങൾ എങ്ങിനെയാണ് മാറ്റി നിർത്തപ്പെട്ടതെന്ന് അന്വേഷിക്കുകയാണ് വീർ മുൻഷി.  ഈ ദർഗയ്ക്കുള്ളിൽ ചെറിയ ശവപ്പെട്ടികളിൽ എല്ലും തലയോട്ടിയുമുണ്ട്. കൊല്ലപ്പെട്ട കശ്മീരിയുടേയോ പണ്ഡിറ്റിന്റെയോ പട്ടാളക്കാരന്റെയൊ തീവ്രവാദിയുടെയോ അവശിഷ്ടമാണോ ഇതെന്ന ചോദ്യം വീർ മുൻഷി സന്ദർശകരോട് ഉന്നയിക്കുന്നു. 

കലാപ്രകടനം, ചിത്രരചന, ഫോട്ടോഗ്രഫി, കടലാസ് കലാസൃഷ്ടികൾ, വീഡിയോ പ്രതിഷ്ഠാപനം തുടങ്ങിയ സൃഷ്ടികളാണ് ശ്രീനഗർ ബിനാലെയിലുള്ളത്.  അൽത്വാഫ് കാദരി, എഹ്തിഷാം അസർ, ഗാർഗി റെയ്ന,  ഇന്ദർ സലീം, ഖൈതുൽ അബ്യാദ്, മൗമൂൻ അഹമ്മദ്, മുജ്താബ റിസ്വി, നീരജ് ബക്ഷി, രാജേന്ദർ ടികു, സന്ന ഇർഷാദ് മാട്ടൂ,  ഷൗക്കത്ത് നന്ദ എന്നിവരാണ് മറ്റ് കലാകാരന്മാർ. 

വംശീയ കലാപത്തെത്തുടർന്നുണ്ടായ പലായന സമയത്ത് കശ്മീരിൽ ഉണ്ടായിരുന്നവരാണ് ഇവരിൽ പലരുമെന്ന് 63 കാരനായ വീർ മുൻഷി പറഞ്ഞു.
 കാക്കകളെ സന്ദേശവാഹകരായി അവതരിപ്പിച്ചുകൊണ്ടാണ് ഗാർഗി റെയ്നയുടെ കലാസൃഷ്ടി. കലാപങ്ങളും അക്രമങ്ങളും എങ്ങിനെയാണ് ഓർമ്മകളായി മാറുന്നതെന്നും പിന്നെ ആ ഓർമ്മകൾ എങ്ങിനെയാണ് അത്യാഹിതങ്ങളായി മാറുന്നതെന്നുമുള്ളതാണ് ഷൗക്കിബ് ഭട്ടിന്റെ പ്രമേയം.
 കശ്മീരിൽനിന്നും അപ്രത്യക്ഷരായവരുടെ ഫോട്ടോ കോർത്തിണക്കിയാണ് മുജ്താബ റിസ്വിയുടെ പ്രതിഷ്ഠാപനം.

കശ്മീരിലെ ശ്മശാനത്തിലെ കുഴിവെട്ടുകാരൻറെ മാനസിക വേദനയാണ് സന്ന ഇർഷാദ് മാട്ടൂ വിൻറെ  പ്രമേയം. കശ്മീരിലെ വർത്തമാനകാല സാഹചര്യം വിവരിക്കുന്ന പ്രമോണിഷൻസ് എന്ന വരകളാണ് നീരജ് ബക്ഷിയുടെ സൃഷ്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home