പണയസ്വർണ തട്ടിപ്പ‌് : പ്രതികൾ 7 ദിവസംകൂടി പൊലീസ‌് കസ‌്റ്റഡിയിൽ

ആലുവ
പണയസ്വർണ തട്ടിപ്പുകേസിലെ പ്രതികളെ ഏഴുദിവസത്തേക്കുകൂടി പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങി. കസ‌്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ‌് വെള്ളിയാഴ‌്ച കോടതിയിൽ ഹാജരാക്കിയത‌്. വെള്ളിയാഴ‌്ച നടത്തിയ പരിശോധനയിൽ കണ്ടെടുത്ത 800 ഗ്രാം സ്വർണമുൾപ്പെടെ ഇതുവരെ ഏഴുകിലോയോളം സ്വർണമാണ‌് വിവിധ ബാങ്കുകളിൽനിന്നായി വീണ്ടെടുത്തത‌്. ഇനിയും രണ്ടു കിലോയോളം സ്വർണം കണ്ടെത്താനുണ്ട‌്. അങ്കമാലിയിലെ വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയ സ്വർണമാണ‌് കണ്ടെടുത്തത‌്.
ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലെ ബാങ്കുകളിലും പണയംവച്ചിട്ടുണ്ട‌്. തുടർന്നുള്ള ദിവസങ്ങളിൽ അവിടങ്ങളിൽ പരിശോധന നടത്തും.
ഓരോ സ്ഥാപനത്തിലും പണയപ്പെടുത്തിയ ഉരുപ്പടികളുടെ തൂക്കം ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്ന ഡയറി പ്രതികളുടെ വീട്ടിൽനിന്ന‌് പൊലീസ‌് കണ്ടെടുത്തിരുന്നതിനാൽ പൊലീസിന‌് അന്വേഷണം എളുപ്പമായി. എന്നാൽ, പണയ ഉരുപ്പടികൾ വിട്ടുകിട്ടാനുള്ള നടപടിക്രമം പൂർത്തിയാക്കാൻ സമയമെടുക്കും.
യൂണിയൻ ബാങ്കിന്റെ ആലുവ ശാഖയിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി സ്വർണപ്പണയ ഇടപാടിന്റെ ചുമതലക്കാരിയായിരുന്ന അസി. മാനേജർ അങ്കമാലി പാദുവാപുരം കരുമത്തിൽ സിസ‌്മോൾ ജോസഫ‌് ഒരുവർഷംകൊണ്ടാണ‌് 8.852 കിലോ സ്വർണം ലോക്കറിൽനിന്ന‌് തട്ടിയെടുത്തത‌്. 2.3 കോടി രൂപ വിലവരുന്ന സ്വർണം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം മുഴുവൻ സിസ‌്മോളുടെ ഭർത്താവ‌് സജിത്ത‌് ഓഹരി ബിസിനസിൽ ഉപയോഗിക്കുകയായിരുന്നു.









0 comments