തകർന്നവീട്ടിൽ ‘കുടുങ്ങിയ’ യുവാവ‌് ബന്ധുവീട്ടിൽനിന്ന‌് തിരിച്ചെത്തി

അങ്കമാലി
തകർന്നുവീണ വീടിനുള്ളിൽ കുടുങ്ങിയെന്നുകരുതിയ യുവാവിനെ കണ്ടെത്താൻ കെട്ടിടം പൊളിച്ച് തെരച്ചിൽ. കെട്ടിടം പൊളിച്ച് നീക്കിയിട്ടും യുവാവിനെ കണ്ടെത്തിയില്ല. രക്ഷാപ്രവർത്തകർ നിരാശപൂണ്ടിരിക്കെ ബന്ധുവിന്റെ വീട്ടിലായിരുന്ന യുവാവിന്റെ അവിശ്വസനീയ മടങ്ങിവരവ്. പാറക്കടവ് പഞ്ചായത്തിലെ 10‐ാം വാർഡിൽ വട്ടപ്പറമ്പ് ചെട്ടിക്കുളം കോളനിക്കുസമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചെട്ടിക്കുളം ചൂരക്കാട്ടിൽ വിജയൻ‐തങ്കമ്മ ദമ്പതികളുടെ മകൻ ശ്രീനി എന്ന ശ്രീനിവാസൻ (31) താമസിക്കുന്ന കാലപ്പഴക്കംചെന്ന വീടാണ് കനത്തമഴയെത്തുടർന്ന് ഭാഗികമായി നിലംപൊത്തിയത്. ശ്രീനിയുടെ അച്ഛൻ ചെന്നൈയിലാണ്. അമ്മ വർഷങ്ങൾക്കുമുമ്പ് മരിച്ചു. സഹോദരിയെ തൃപ്പൂണിത്തുറയിൽ വിവാഹം ചെയ്തയച്ചു. അങ്കമാലി കറുകുറ്റിയിലാണ് മറ്റു ബന്ധുക്കളുള്ളത്. വർഷങ്ങൾക്കുമുമ്പ് നിർമിച്ച, സിമന്റ‌് തേക്കാത്ത, വെള്ളക്കെട്ടും ചോർച്ചയുമുള്ള വീട്ടിലാണ് അവിവാഹിതനും കൂലിപ്പണിക്കാരനുമായ ശ്രീനി ഒറ്റയ‌്ക്ക് താമസിക്കുന്നത്. ഈയിടെയുണ്ടായ ശക്തമായ മഴയിൽ വീടിനുമുകളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ ചില ഭാഗങ്ങൾ അടർന്നുവീണു. ഞായറാഴ്ച രാത്രിയുണ്ടായ മഴയിൽ കിടപ്പുമുറിയുടെ കുറച്ചുഭാഗവും തകർന്നു. അൽപ്പം കഴിഞ്ഞപ്പോൾ അടുക്കളഭാഗത്തും ഇടിച്ചിലുണ്ടായി. പന്തികേടുതോന്നിയ ശ്രീനി, രാത്രിതന്നെ ആരോടും പറയാതെ കറുകുറ്റിയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ശ്രീനി പോയതിനുപിന്നാലെ വീടിന്റെ അടുക്കളഭാഗവും കിടപ്പുമുറിയുമടക്കം ഉഗ്രശബ്ദത്തോടെ നിലംപൊത്തി. അതോടെ നാട്ടുകാർ വീടിനുസമീപം ഓടിക്കൂടി. കിടപ്പുമുറിയിൽ പ്രവേശിക്കാനാകാത്തവിധം അപകടാവസ്ഥയിലായിരുന്നു വീട‌്. നാട്ടുകാർ ഒച്ചവച്ച് വിളിച്ചുനോക്കി. കട്ടിലിൽ ശ്രീനി ഉപയോഗിക്കാറുള്ള മുണ്ട് കണ്ടെത്തിയതോടെ അയാൾ അപകടത്തിൽപ്പെട്ടുവെന്ന് കരുതി.
അങ്കമാലി അഗ്നിരക്ഷാസേനയും ചെങ്ങമനാട് പൊലീസും സ്ഥലത്തത്തെി. എന്നാൽ, കിടപ്പുമുറിയിലേക്ക് കടക്കാനാകാതെ ഉദ്യോഗസ്ഥരും ക്ലേശിച്ചു. തുടർന്ന‌് വീടിന്റെ മുൻഭാഗം പൊളിച്ചുമാറ്റാൻ എക്സ്കവേറ്റർ എത്തിച്ചു. മൂന്ന് മണിക്കൂറോളമെടുത്ത് കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയിട്ടും ശ്രീനിയെ കണ്ടെത്താനായില്ല. ഇതിനിടെ, ചിലർ ശ്രീനിയെ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച്ഓഫായിരുന്നു. അതോടെ, സൈബർസെൽവഴി ഫോൺ ലോക്കേറ്റ് ചെയ്തു. കറുകുറ്റിയിലുള്ളതായി അറിഞ്ഞതോടെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ശ്രീനി എത്തിയതോടെ മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ ആശങ്കയ‌്ക്കും പരിഭ്രാന്തിക്കും വിരാമമായി. കിടപ്പാടം ഇല്ലാതായതിന്റെ നൊമ്പരവും നാട്ടുകാർക്ക‌് ബുദ്ധിമുട്ടുണ്ടായതിന്റെ പ്രയാസവുമായിരുന്നു ശ്രീനിയുടെ മുഖത്ത്.








0 comments