ad
Deshabhimani

കാട്ടിത്തറ കുളത്തിന‌് സംരക്ഷണഭിത്തി കെട്ടാൻ നടപടിയെടുക്കാതെ നഗരസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2018, 09:16 PM | 0 min read


തൃപ്പൂണിത്തുറ
 സ്കൂൾവാഹനം മറിഞ്ഞ്  കുട്ടികളടക്കം മൂന്നുപേർ മരിച്ച മരട് കാട്ടിത്തറ കുളത്തിൽ സംരക്ഷണഭിത്തി കെട്ടുന്നതിൽ നഗരസഭയുടെ അനാസ്ഥ തുടരുന്നു. ബുധനാഴ‌്ച നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ ആവശ്യം ഉന്നയിച്ച് ബഹളം വച്ചപ്പോൾ മാത്രമാണ്  ഭിത്തികെട്ടാൻ  4.65 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് കൗൺസിൽ അംഗീകാരം നൽകിയത്. നഗരസഭയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന‌് തുക കണ്ടെത്തുമെന്നും റോഡിനു കൂടുതൽ ബലംകിട്ടുന്ന വിധത്തിൽ വീതികൂട്ടുമെന്നും ഉറപ്പുനൽകി. ബുധനാഴ‌്ചതന്നെ നിർമാണം തുടങ്ങുമെന്ന‌് അറിയിച്ചെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. 

കുളത്തിന് സംരക്ഷണഭിത്തി കെട്ടണമെന്ന് വാർഡ‌്തല യോഗത്തിൽ ഉയർന്ന ആവശ്യം നഗരസഭ പരിഗണിച്ചില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. എന്നാൽ, വാർഡ‌്‌യോഗങ്ങളിൽ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് നഗരസഭാധ്യക്ഷ മറുപടിയുമായി എത്തിയെങ്കിലും  പരാതി രേഖാമൂലം നൽകിയിട്ടും നടപടിയെടുക്കാതിരുന്നത‌് മുൻഅധ്യക്ഷ കൂടിയായ യുഡിഎഫ് കൗൺസിലർ അജിത നന്ദകുമാർ  ചുണ്ടിക്കാട്ടിയതോടെ ഭരണപക്ഷം വെട്ടിലായി. അയിനി തോടിലെ ഇടിഞ്ഞകൽക്കെട്ട് ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകി ഒമ്പതു മാസമായിട്ടും അധികൃതർ അനങ്ങിയില്ലെന്ന‌് അജിത പറഞ്ഞു. നാട്ടുകാർ പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ല. മരടിലെ പ്രധാന തോടുകളായ അയിനി, അടിച്ചി എന്നിവിടങ്ങളിൽ ശുചീകരണം നടത്താത്തതും സംരക്ഷണഭിത്തികൾ ഇല്ലാത്തതും എൽഡിഎഫ് അംഗം എം പി സുനിൽകുമാർ ഉന്നയിച്ചു. മഴ തുടങ്ങിയതിനു ശേഷമാണ് പല ഡിവിഷനുകളിലും ശുചീകരണം തുടങ്ങിയത്. മഴക്കാല ശുചീകരണം ഇത്ര വൈകിയത് ഈ ഭരണ സമിതിയുടെ കാലത്തുമാത്രമാണെന്ന‌് എം വി ഉല്ലാസ് പറഞ്ഞു. ദുരന്തത്തിന്റെ മറവിൽ അടിച്ചി തോട്ടിൽ സ്വകാര്യവ്യക്തികളെ സഹായിക്കുന്ന നിലപാടാണ് നഗരസഭാ ഭരണസമിതി സ്വീകരിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ എ ദേവസി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home