മദ്യപിച്ച് റോഡിൽ അഭ്യാസപ്രകടനം ; പൊലീസിനെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവും സംഘവും അറസ്‌റ്റിൽ

പള്ളുരുത്തി
മദ്യപിച്ച് കാറിനുമുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത് ചോദ്യംചെയ്‌ത പൊലീസുദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസ് നേതാവും സംഘവും ആക്രമിച്ചു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് അരൂർ മണ്ഡലം സെക്രട്ടറി വാത്തി വീട്ടിൽ അനൂപ് (27), തൈക്കാട്ടുശേരി വേലംവെളി വീട്ടിൽ ഷെമീർ (37), കുമ്പളശേരി വീട്ടിൽ മനു (35), പള്ളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (35), അമ്പാടി കൃഷ്ണ നിവാസിൽ ജയകൃഷ്ണൻ (28), പുന്നംപൊഴി വീട്ടിൽ കിരൺ ബാബു (25), വേലിയിൽ വീട്ടിൽ അജയ കൃഷ്ണൻ (28) എന്നിവരെ പനങ്ങാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ് ഷെമീർ. മർദനത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരായ കെ എൻ ഭരതൻ, ഡി സതീഷ്, ഡി സൈജു എന്നിവർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ഞായർ പുലർച്ചെ 1.45ന് കുമ്പളം പാലത്തിനുസമീപം റോഡിനുനടുവിൽ ബെൻസ് കാർ നിർത്തിയായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും അഭ്യാസം. അതുവഴിവന്ന പട്രോളിങ് സംഘം റോഡിൽനിന്ന് കാർ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പട്രോളിങ് സംഘം അറിയിച്ചതനുസരിച്ച് പനങ്ങാട് സ്‌റ്റേഷനിൽനിന്ന് പൊലീസുദ്യോഗസ്ഥർ എത്തിയതോടെ യൂത്ത് കോൺഗ്രസ് നേതാവും സംഘവും ഇവരെ മർദിക്കുകയായിരുന്നു. അക്രമാസക്തരായ സംഘത്തെ കൂടുതൽ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.









0 comments