തൃക്കാക്കര നഗരസഭ ; പൊതുമരാമത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പ്‌: യുഡിഎഫിൽ തർക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:09 AM | 0 min read


തൃക്കാക്കര
തൃക്കാക്കര നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ ചൊല്ലി  യുഡിഎഫിൽ തർക്കം രൂക്ഷം. വ്യാഴാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ തിങ്കൾ രാവിലെ ചേർന്ന യുഡിഎഫ്‌ പാർലമെന്ററി പാർടി യോഗം അധ്യക്ഷ രാധാമണിപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എ വിഭാഗം  അംഗങ്ങളായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, വി ഡി സുരേഷ്, ജോസ് കളത്തിൽ, രജനി ജീജൻ, മുസ്ലിംലീഗ് കൗൺസിലർമാരായ എ എ ഇബ്രാഹിംകുട്ടി, സജീന അക്ബർ എന്നിവർ ബഹിഷ്‌കരിച്ചു. പിന്നീട് ഐ ഗ്രൂപ്പ് അംഗങ്ങൾമാത്രം പങ്കെടുത്ത യോഗം ചേർന്നു.ഭൂരിപക്ഷം നഷ്ടപ്പെട്ട്‌ രാജിവച്ച സ്ഥിരംസമിതിയിൽ തുടരില്ലെന്ന്‌ മുൻ അധ്യക്ഷയും സ്ഥിരം സമിതിയിലെ കോൺഗ്രസിന്റെ ഏക വനിതാംഗവുമായ സോമി റെജി നേതാക്കളെ അറിയിച്ചതോടെ  യുഡിഎഫ് പ്രതിസന്ധിയിലായി. അധ്യക്ഷസ്ഥാനം വനിതാ സംവരണമാണ്. എൽഡിഎഫിന് സ്ഥിരംസമിതിയിൽ രണ്ട് വനിതകളുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യ സ്ഥിരംസമിതിയിൽനിന്ന്‌ കോൺഗ്രസ് അംഗം ലാലി ജോഫിനെ രാജിവപ്പിച്ച്‌ പൊതുമരാമത്ത്‌ അധ്യക്ഷസ്ഥാനത്തേക്കു മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പ് തീരുമാനിച്ചു. ഗ്രൂപ്പ് യോഗം കഴിഞ്ഞ് നഗരസഭയിലെത്തിയ ലാലി ജോഫിൻ നഗരസഭ സെക്രട്ടറിക്ക് ആരോഗ്യ സ്ഥിരംസമിതിയിൽനിന്നുള്ള രാജി സമർപ്പിച്ചു. പിന്നീട് പൊതുമരാമത്ത്‌ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ ഡെപ്യൂട്ടി കലക്ടർക്ക് പത്രിക സമർപ്പിച്ചു.

പൊതുമരാമത്ത്‌ സ്ഥിരംസമിതിയിൽ നിലവിൽ അംഗമല്ലാത്ത ലാലി ജോഫിന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്നാണ് വിദഗ്‌ധാഭിപ്രായം.
പൊതുമരാമത്ത് സ്ഥിരംസമിതിയിൽ യുഡിഎഫ് 3, എൽഡിഎഫ് 3, സ്വതന്ത്രൻ 1 എനിങ്ങനെയാണ് കക്ഷിനില. സ്വതന്ത്ര അംഗം ഇ പി കാദർകുഞ്ഞ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home