പൊള്ളും ഈ പരാതികൾ; 
മറക്കല്ലേ, അച്ഛനമ്മമാരാണ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:11 AM | 0 min read


കൊച്ചി
‘ശരീരത്തിന്റെ പലഭാഗത്തും പൊള്ളിക്കും. അത്‌ ഉണങ്ങിവരുമ്പോൾ അവിടെത്തന്നെ വീണ്ടും പൊള്ളിക്കും. അതുംപറഞ്ഞ്‌ ആ അമ്മ ഒരു ഫോട്ടോ നീട്ടി. അവരുടെ ഒരുവർഷംമുമ്പുള്ള ചിത്രം. എന്റെ മുന്നിൽ ഇരിക്കുന്നതാകട്ടെ ആ ചിത്രം വിശ്വസിക്കാൻ കഴിയാത്തവിധത്തിലുള്ള പട്ടിണിക്കോലവും. മനസ്സ്‌ തകർന്ന നിമിഷങ്ങളായിരുന്നു അത്‌. സമാനരീതിയിൽ നിരവധിപേർ മെയിന്റനൻസ്‌ ട്രിബ്യൂണലിനുമുന്നിൽ എത്തുന്നു. സ്‌നേഹം കിട്ടുന്നില്ലെന്നായിരുന്നു ഒരച്ഛന്റെ പരാതി. ഭൂരിഭാഗം പരാതികളിലും വില്ലൻ സ്വത്തുതന്നെ’–- സാമൂഹ്യനീതിവകുപ്പിനുകീഴിലുള്ള മെയിന്റനൻസ്‌ ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ്‌ വിജയശ്രീയുടെ വാക്കുകളിൽ തെളിയുന്നത്‌ മക്കളുടെ ക്രൂരതയ്‌ക്കിരയാകുന്ന രക്ഷിതാക്കളുടെ അതിദയനീയ ചിത്രം.

അച്ഛനമ്മമാരുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന ട്രിബ്യൂണലുകളിൽ എത്തുന്ന പരാതികൾ അവർ അനുഭവിക്കുന്ന അവഗണനയുടെയും ക്രൂരതയുടെയും നേർക്കാഴ്‌ചകളാണ്‌. ജില്ലയിൽ ഈ വർഷം ഇതുവരെ ഫോർട്ട്‌ കൊച്ചിയിലെ ട്രിബ്യൂണലിൽ–- 150, മൂവാറ്റുപുഴയിൽ–- 143 പരാതികളാണ്‌ എത്തിയത്‌. കഴിഞ്ഞവർഷം തീർപ്പാക്കാനുള്ളതടക്കം 600ന്‌ അടുത്തുവരും. സ്വത്ത്‌ എഴുതിവാങ്ങിയശേഷം നോക്കുന്നില്ലെന്നാണ്‌ ഭൂരിഭാഗം പരാതികളും. ട്രിബ്യൂണലിന്‌ ഇത്തരം ആധാരങ്ങൾ റദ്ദാക്കാം. എന്നാൽ ‘സംരക്ഷിക്കുമെന്ന്‌ ഉറപ്പ്‌’എന്ന വ്യവസ്ഥ ആധാരങ്ങളിൽ വേണം. മിക്കതിലും ഇക്കാര്യമില്ലാത്തതിനാൽ അധികാരം പ്രയോഗിക്കാനാകുന്നില്ല. ഒരു ആധാരംമാത്രമാണ്‌ സമീപകാലത്ത്‌ ഫോർട്ട്‌ കൊച്ചി ട്രിബ്യൂണൽ റദ്ദാക്കിയത്‌. ആധാരത്തിൽ മുതിർന്ന പൗരന്റെ സംരക്ഷണം ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ രജിസ്‌ട്രേഷൻവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. വയോജനസംരക്ഷണ നിയമത്തിൽ പൊലീസുകാർക്കും പരിശീലനം നൽകും. ഫോർട്ട്‌ കൊച്ചി ട്രിബ്യൂണലിൽ കൂടുതൽ പരാതികളുള്ളതിനാൽ വെള്ളി, ചൊവ്വ ദിവസങ്ങളിൽ ഹിയറിങ്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home