ഇടപ്പള്ളിയിൽ ഇപ്പോഴും വെള്ളക്കെട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:15 AM | 0 min read


കൊച്ചി
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി ഇടപ്പള്ളിയിലുണ്ടായ വെള്ളക്കെട്ടിന്‌ ഹൈക്കോടതി നിർദേശമുണ്ടായിട്ടും പരിഹാരമായില്ല. ഞായറാഴ്‌ചത്തെ മഴയിൽ ദേശീയപാതയിൽ ലുലുമാൾ ജങ്‌ഷനിൽ വെള്ളം പൊങ്ങിയത്‌ തിങ്കളാഴ്‌ചയും ഗതാഗതക്കുരുക്കിനിടയാക്കി. അൽ അമീൻ സ്‌കൂളിനുസമീപവും കുന്നുംപുറത്തും ഉയരപാത പണിനടക്കുന്ന ഭാഗത്ത്‌ വലിയ കുഴികളിൽ വെള്ളം നിറഞ്ഞതും അപകടക്കെണിയൊരുക്കി.


ഇടപ്പള്ളിയിൽ പറവൂർ, ഗുരുവായൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ്‌ കാത്തുനിൽക്കുന്നത്‌ ചെളിവെള്ളത്തിലാണ്‌. റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം തെറിപ്പിച്ച്‌ വാഹനങ്ങൾ പോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻപോലും ബുദ്ധിമുട്ടേണ്ടിവന്നു. വെള്ളക്കെട്ടുമൂലം റോഡിലെ കുഴി തിരിച്ചറിയാതെ ഇരുചക്രവാഹന യാത്രക്കാർക്ക്‌ കുഴിയിൽ വീണ് പരിക്കുപറ്റുന്നു.


ലുലുമാൾ ജങ്‌ഷൻമുതൽ കുന്നുംപുറം ജങ്‌ഷൻവരെ റോഡിൽ രൂപപ്പെട്ട കുഴികൾ അടയ്‌ക്കാനും ദേശീയപാത കരാറുകാർ തയ്യാറായിട്ടില്ല. റോഡിലെ വെള്ളക്കെട്ടും കുണ്ടുംകുഴിയും പരിഹരിച്ചുവേണം ദേശീയപാത 66 നിർമാണവുമായി മുന്നോട്ടുപോകാനെന്ന്‌ ഹൈക്കോടതി നിർദേശിച്ചതാണ്‌. എന്നാൽ, കോടതി നിർദേശം വന്ന്‌ രണ്ടാഴ്‌ചയായിട്ടും കരാറുകാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാലാണ്‌ വീണ്ടും മഴ കനത്തതോടെ റോഡിൽ വെള്ളംപൊങ്ങിയതും കുഴികൾ രൂപപ്പെട്ടതും. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home