പി സി രാഘവന് ഗുരുവന്ദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 03:05 AM | 0 min read


വൈപ്പിൻ
കൈക്കരുത്തിൽ സാമൂഹ്യപ്രതിബദ്ധത നിറച്ച പി സി രാഘവന് ശിഷ്യഗണത്തിന്റെ ഗുരുവന്ദനം. വോളിബോൾ പരിശീലനം നൽകി നിരവധി പെൺകുട്ടികളെ മികച്ച ജീവിതസൗകര്യങ്ങളിലേക്ക് ഉയർത്താൻകഴിഞ്ഞ പി സിക്കുള്ള ഗുരുവന്ദനം പള്ളത്തുപടി ട്രസ്റ്റിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നായരമ്പലം സ്വദേശിയായ പി സി രാഘവൻ 18–-ാം വയസ്സിൽ കരസേന ആർട്ടിലറിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അക്കാലത്ത് സർവീസസ് ടീമിലെ മിന്നൽപ്പിണരായിരുന്നു. 1970 വരെ അവിടെ കളിച്ചു. തുടർന്ന് കളമശേരി പ്രീമിയർ ടയേഴ്സിൽ ജോലിയിൽ പ്രവേശിച്ചു. 20 വർഷത്തോളം അവിടെ. 90കളിൽ നായരമ്പലത്ത് വോളിബോൾ അക്കാദമി (എസ്ജിഡിസി) ആരംഭിച്ചു. അതിലൂടെ വൈപ്പിൻ വോളിബോൾ അക്കാദമി, സ്പോർട്സ് ആൻഡ് ഗെയിംസ് ഡെവലപ്മെന്റ് ക്ലബ് എന്നിവ ഉയർന്നുവന്നു. ഈ ക്ലബ്ബുകളിലൂടെ നിരവധി വോളിതാരങ്ങളെ വളർത്തിയെടുത്തു.

ദേശീയ, അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്തു. ഇന്ത്യൻ റെയിൽവേ, കെഎസ്ഇബി, പൊലീസ്, സർക്കാർ സർവീസ്, ജി വി രാജ, എൻഐഎസ് പരിശീലകർ, ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ തുടങ്ങിയ വകുപ്പുകളിൽ 23 ഓളം വോളിബോൾ താരങ്ങൾക്ക് ജോലി നേടാൻ അവസരം ഒരുക്കി. നിലവിൽ 88 വയസ്സുള്ള പി സി, നായരമ്പലത്ത് ഇപ്പോഴും കുട്ടികൾക്ക് വോളിബോൾ പരിശീലനം നൽകുന്നു.

ഗുരുവന്ദനത്തിൽ സിന്ധു ജയൻ (എസ്ജിഡിസി) അധ്യക്ഷയായി. ഐആർഎസ് ഇഡിവിഎയുടെ മൊയ്ദീൻ നൈന മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് സെക്രട്ടറി സേവ്യർ ലൂയിസ്, കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സെക്രട്ടറി ടി ആർ ബെന്നി, ജില്ലാ സെക്രട്ടറി ആൻഡ്രൂസ് കടത്തൂർ, മുൻ സംസ്ഥാന വോളി ടീം ക്യാപ്റ്റൻ ബി അനിൽ, സ്നേഹ വിൻസി, വി എസ് രവീന്ദ്രൻനാഥ്, എൻ എസ് ശ്രീജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home