ക്ഷീരകർഷകർക്ക‌് സഹായവുമായി മിൽമ

ആലപ്പുഴ
ക്ഷീര കർഷകർക്ക് കൈത്താങ്ങായി മിൽമയും ക്ഷീരവികസന വകുപ്പും. ദുരിതബാധിത പ്രദേശങ്ങളിൽ 1140 ചാക്ക് കാലിത്തീറ്റയാണ‌് മിൽമ സൗജന്യമായി വിതരണം ചെയ‌്തത‌്. മേഖല യൂണിയൻ വഴി 6.82 ലക്ഷം രൂപയുടെ 700 ചാക്ക് കാലിത്തീറ്റയും ദേശീയ ക്ഷീര വികസന ബോർഡ് വഴി 440 ചാക്ക് കാലിത്തീറ്റയും ഈ സമയങ്ങളിൽ മിൽമ നൽകി. പച്ചപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിൽ മാത്രം മൂന്ന് ലക്ഷം മുതൽ മുടക്കിൽ 50 ടൺ മക്കചോളത്തണ്ട് കോയമ്പത്തൂരിലെ സത്യമംഗലത്തുനിന്നും എത്തിച്ചു. ഇത് ദുരിത ബാധിത പ്രദേശങ്ങളിലെ ക്ഷീരസംഘങ്ങൾ വഴി വിതരണം ചെയ‌്തു.
ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ക്ഷീര കർഷകരുടെ കറവ മാടുകളെ ക്യാമ്പുകളിലും വീടുകളിലുമായി ജില്ലയിലെ മിൽമ ഡോക്ടർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു വിദഗ‌്ധ ചികിത്സ നൽകി. പ്രാഥമിക ചികിത്സക്ക് ആവശ്യമായുള്ള മരുന്നുകളും അതോടൊപ്പം വിറ്റാമിൻ സപ്ലിമെന്റുകളും വിതരണം ചെയ‌്തു. 41 സംഘങ്ങളുടെ സന്ദർശനത്തിന് ഇതിനായി 1.54 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ആഗസ‌്ത‌് 21 മുതൽ സെപ‌്തംബർ 15വരെ ജില്ലയിൽ മിൽമയുടെ പി ആൻഡ് ഐ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഡിവിയു യൂണിറ്റുകൾ വഴിയുള്ള അടിയന്തര മൃഗ ചികിത്സ സംവിധാനം പൂർണമായും സൗജന്യമാക്കി. 30 വരെ കാലിത്തീറ്റ സബ്സിഡി ഇനത്തിൽ ചാക്കൊന്നിനു 100 രൂപ സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈയിൽ കർഷകൻ സംഘത്തിൽ അളന്നിട്ടുള്ള പാലിന് ആനുപാതികമായാണ് സബ്സിഡി നൽകുക. ഇതോടൊപ്പം ചാക്കൊന്നിനു 50 രൂപ സബ്‌സിഡിയും കർഷകന് ലഭിക്കും.
പ്രളയം രൂക്ഷമായി ബാധിച്ച സംഘങ്ങൾക്ക് ജൂലൈയിൽ യൂണിയൻ നൽകിയിട്ടുള്ള പാലിന് ആനുപാതികമായി ലിറ്ററൊന്നിനു രണ്ടു രൂപ ഇൻസെന്റീവ് നൽകും. ഏകദേശം 15 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ മൊത്തമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുള്ള കാലിത്തൊഴുത്തിന്റെ പുനർനിർമാണത്തിന് യൂണിയന്റെ കീഴിലുള്ള ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായി 1.5 കോടി രൂപയും മിൽമ വകയിരുത്തിയിട്ടുണ്ട്. കുട്ടനാട്ടിൽ ആദ്യ വെള്ളപ്പൊക്ക സമയത്ത് മിൽമ അഞ്ചു ലക്ഷം രൂപയുടെ അരി, പയർ വർഗങ്ങൾ, പാൽപ്പൊടി, കിഴങ്ങുവർഗങ്ങളും അഞ്ചു ലക്ഷം രൂപയുടെ കാലിത്തീറ്റയും നൽകി.










0 comments