രണ്ടരക്കോടിയുടെ കൃഷിനാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2018, 06:50 PM | 0 min read


ആലപ്പുഴ
വെള്ളപ്പൊക്കവും പേമാരിയും നാശം വിതക്കുന്ന ജില്ലയിൽ രണ്ടരകോടി രൂപയുടെ കൃഷിനാശം.  നെല്ല‌്, വാഴ, പച്ചക്കറി, തെങ്ങ‌്, മരച്ചീനി, റബർ അടക്കമുള്ള കാർഷികവിളകൾ കാറ്റിലും മഴയിലും നശിച്ചു.  ജലനിരപ്പ‌് ഉയരുന്നത‌് ആശങ്ക ഉയർത്തുന്നു.   200 ഹെക‌്ടറിൽ നെൽകൃഷി തകർന്നതായാണ‌് കൃഷിവകുപ്പ‌് ശേഖരിച്ച കണക്ക‌്.

എടത്വ, വീയപുരം, പുറക്കാട‌്, തകഴി, തലവടി, ചമ്പക്കുളം എന്നീ പ്രദേശങ്ങളിലാണ‌് നെൽകൃഷി നശിച്ചത‌്. പുറക്കാട‌് നാലുചിറ വടക്കും നാലുചിറ പടിഞ്ഞാറും പാടങ്ങളുടെ ബണ്ട‌് തകർന്നു. വിതച്ചിട്ട‌് ഏതാനും ദിവസം മാത്രമായ പാടങ്ങളാണിത‌്. ചമ്പക്കുളം കുന്നങ്കരി വരമ്പിനകം പാടശേഖരത്തിന്റെ മോട്ടോർതറയുടെ പെട്ടി തള്ളിപ്പോയി വെള്ളം നിറഞ്ഞു. ബുധനാഴ‌്ച വിതക്കാനിരുന്ന പാടമാണ‌ിത‌്.   230 ഏക്കർ വിസ‌്തൃതിയുള്ള തലവടി കണ്ണംങ്കരി കടംമ്പങ്കരി പാടം ബണ്ട് തകർന്നും, തകഴി ചെത്തിക്കളം ഇരുനൂറ് പാടം മോട്ടർതറ തട്ടിയുമാണ് മടവീണത്. കണ്ണംങ്കരി കടമ്പങ്കരി പാടത്ത് വിതയിറക്കി 40 ദിവസം പിന്നിട്ടിരുന്നു.  ചെത്തിക്കളം ഇരുന്നൂറ് പാടം മോട്ടർ തറ തകർന്നും, തോട് കരകവിഞ്ഞുമാണ് മടവീണത്.

ചാരുംമൂട‌് പെരുവേലിൽച്ചാൽ പുഞ്ചയിൽ 85 ഏക്കറിലെ നെൽക്കൃഷി വെള്ളംകയറി നശിച്ചു. നൂറനാട്, പാലമേൽ, ചുനക്കര, തഴക്കര പഞ്ചായത്തുകളിലായി കിടക്കുന്ന പുഞ്ചയിലാണ് കൃഷി നശിച്ചത്. കൊയ്യാൻ പാകമായ നെല്ലായിരുന്നു.  എടത്വ തെങ്ങുംപള്ളിക്കരി പാടത്തിൽ വെള്ളിയാഴ‌്ച പകൽ മടവീണു.
 ചെങ്ങന്നൂരിൽ   റബർ കൃഷി നശിച്ചത‌്.   മൂന്ന‌് ഹെക‌്ടറിൽ പച്ചക്കറി  കൃഷിയും നശിച്ചിട്ടുണ്ട‌്.

പ്രളയക്കെടുതിയിൽ കുട്ടനാട‌്
മങ്കൊമ്പ് 
രണ്ടു ദിവസമായി  പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും നിലയ‌്ക്കാത്തതോടെ കുട്ടനാട്ടിലെ ജന ജീവിതം ദുസഹമായി തുടരുന്നു.  ജലനിരപ്പുയർന്നതിനെ തുടർന്ന് എ സി റോഡൊഴികെ  വിവിധ പ്രദേശങ്ങളിൽ  ഗതാഗതം തടസപ്പെട്ടതോടെ ഉൾപ്രദേശങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

വെള്ളപ്പൊക്കദുരിതം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന കൈനകരിയിലെ ഒന്ന്, നാല്, അഞ്ച്, എട്ട്, ഒമ്പത്, 10, 13, 14 വാർഡുകളിൽ വ്യാഴാഴ്ച വൈകിട്ടോടെ കഞ്ഞിവീഴ‌്ത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചു. എടത്വാ, തലവടി, മുട്ടാർ, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ കഞ്ഞിവീഴ‌്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ‌് ആരംഭിച്ചിട്ടുണ്ട്. വെള്ളിയാെഴ‌്ചയോടെ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും കഞ്ഞിവീഴ‌്ത്തൽ കേന്ദ്രം ആരംഭിക്കാൻ കഴിയുമെന്ന് തഹസീൽദാർ ആന്റണി സ്‌കറിയ അറിയിച്ചു. പുളിങ്കുന്ന്, കൈനകരി, മുട്ടാർ, വെളിയനാട് പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ വെള്ളത്തിലായി.  നീലംപേരൂർ പഞ്ചായത്തിലെ എസ്‌സി  കോളനികളായ മൂക്കോടി, മുണ്ടകപാടം, കരിക്കുഴി, വലടി, വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ പുതുവൽ കോളനി പുളിങ്കുന്ന് പഞ്ചായത്തിലെ ആറുപതിൻചിറ കോളനി, രാമങ്കരി കുഴിക്കാല, വേഴപ്ര, മുട്ടാർ പഞ്ചായത്തിലെ കുടിയനടി കോളനിയിലെ 50ഓളം വീടുകളും വെള്ളത്തിലാണ്. മിത്രമഠം, കണ്ണംമാലി കോളനികളിലേയും ഭൂരിഭാഗം വീടുകളും വെള്ളത്തിൽ മുങ്ങി. രണ്ടാംകൃഷിക്കായി വിതയാരംഭിച്ച പുളിങ്കുന്ന് മണപ്പള്ളി പാടശേഖരം, മങ്കൊമ്പ് മൂലപൊങ്ങമ്പ്ര പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് വെള്ളം കയറിത്തുടങ്ങി. എടത്വാ ദേവസ്വം വരമ്പിനകം, ചുങ്കം, ചമ്പക്കുളം പടച്ചാൽ പാടശേഖരം, മൂലപൊങ്ങമ്പ്ര പാടശേഖരം എന്നിവിടങ്ങളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള നെൽച്ചെടികൾ വെള്ളത്തിലായി. പമ്പിങ് ജോലികൾ നിർത്തി വെക്കേണ്ട അവസ്ഥയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home