നെഹ്റു ട്രോഫി ഫൈനൽ വിവാദം: ജൂറി പരിശോധന ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 02:46 AM | 0 min read

ആലപ്പുഴ> നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽമത്സരത്തിലെ ഫല പ്രഖ്യാപനത്തെച്ചൊല്ലിയുണ്ടായ പരാതിയിൽ ജൂറി ഓഫ്‌ അപ്പീൽ വ്യാഴാഴ്ച പ്രാഥമിക പരിശോധന നടത്തും. പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിലെ തെളിവുകളും വീഡിയോ ദൃശ്യങ്ങളുമായി എത്താൻ ബോട്ട്‌ ക്ലബുകൾക്കും വള്ളംസമിതി പ്രതിനിധികളോടും ആവശ്യപ്പെട്ടു. പകൽ മൂന്നിന്‌ വീയപുരം ചുണ്ടന്റെയും 3.30ന്‌ നടുഭാഗം ചുണ്ടന്റെയും പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും.
 
എൻടിബിആർ സൊസൈറ്റി ബൈലോ പ്രകാരം ജില്ലാ ഗവൺമെന്റ്‌ പ്ലീഡർ വി വേണു, ജില്ലാ ലോ ഓഫീസർ പി അനിൽകുമാർ, എഡിഎം ആശാ സി ഏബ്രഹാം എന്നിവരാണ്‌ ജൂറി ഓഫ്‌ അപ്പീൽ അംഗങ്ങൾ. ആർ കെ കുറുപ്പ്‌, സി കെ സദാശിവൻ എന്നിവർ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളാണ്‌. ഇവർ യോഗംചേർന്ന്‌ ആദ്യഘട്ട വിലയിരുത്തൽ നടത്തും. തുടർന്ന്‌ ക്ലബുകളുടെയും വള്ളംസമിതികളുടെയും പ്രതിനിധികൾ ഹാജരാക്കുന്ന ദൃശ്യങ്ങളും തെളിവുകളും പരിശോധിക്കും. ഇതിനുശേഷം വിശദപരിശോധന നടത്തിയാണ്‌ പരാതി തീർപ്പാക്കുക.  
 
  നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട്‌ക്ലബ്‌, വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരി ഭാരവാഹികളും വള്ള സമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സ്റ്റാർട്ടിങ്ങിനെക്കുറിച്ചാണ്‌ കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിന്റെ പരാതി. ചീഫ്‌ സ്റ്റാർട്ടർ കെ കെ ഷാജുവും പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home