ad
Deshabhimani

print edition ബിഹാറിന്റെ തേജസ്സാണ്‌ പറയുന്നത്‌; കേരളമാണ്‌ ബെസ്റ്റ്

Tejashwi Yadav LDF Campaign

ഓർക്കാട്ടേരിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ ആർജെഡി അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് 
തേജസ്വി യാദവിനെ സ്വീകരിക്കുന്നവർ

avatar
എം ജഷീന

Published on Apr 05, 2026, 03:38 AM | 1 min read

കോഴിക്കോട്‌: ‘ഇവിടെ വന്നപ്പോൾ സ്വന്തംനാട്ടിൽ നിൽക്കുന്ന പോലെയാണ്. അപരിചിതത്വം തോന്നുന്നില്ല. നല്ല മനുഷ്യർ, നല്ല ഭക്ഷണം, ആതിഥേയത്വം...' പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തെ വേദിയിൽ തേജസ്വി യാദവ് സംസാരിച്ച് തുടങ്ങിയതോടെ സദസ്സിൽ സ്നേഹാരവങ്ങൾ ഉയർന്നു. നാടിന്റെ സവിശേഷതകളും നൻമയും കുതിപ്പും ഉൾച്ചേർന്ന പ്രസംഗം. കേരളത്തിന്റെ മുന്നേറ്റത്തിനായി എൽഡിഎഫിനെ ചേർത്തുപിടിക്കണമെന്ന തേജസ്വിയുടെ ആഹ്വാനത്തിൽ ആവേശം ഇരന്പി.


എൽഡിഎഫ്‌ റാലികളെ ആവേശത്തിലാഴ്‌ത്തി മലബാറിൽ ഓളംതീർക്കുകയാണ് ആർജെഡി അഖിലേന്ത്യാ വർക്കിങ്‌ പ്രസിഡന്റും ബിഹാർ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്‌. കോഴിക്കോട് ജില്ലയിലെ ആദ്യ പൊതുയോഗം പേരാമ്പ്രയിലായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണനും നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് ആവേശപൂർവം വരവേറ്റു. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടായ മാറ്റങ്ങൾ, ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെതിരെ മൂർച്ചയുള്ള വിമർശനങ്ങൾ... കുറഞ്ഞ വാക്കുകളിൽ സമഗ്ര വിലയിരുത്തൽ.


എൽഡിഎഫ് പ്രവർത്തകരെയും നേതാക്കളെയും അഭിവാദ്യമർപ്പിച്ച് അടുത്ത കേന്ദ്രത്തിലേക്ക്. ഇതിനിടയിൽ പരിചയപ്പെടാനും സെൽഫി എടുക്കാനും വന്നവരെ ചേർത്തുനിർത്തി സ്നേഹം പങ്കിട്ടു. നേരം ഇരുട്ടിയെങ്കിലും തിങ്ങിനിറഞ്ഞ ഓർക്കാട്ടേരി കച്ചേരി മൈതാനി കാത്തിരുന്നു. വടകരയിലെ സ്ഥാനാർഥി എം കെ ഭാസ്കരൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്നേഹപൂർവം കടത്തനാടൻ മണ്ണിലേക്ക് തേജസ്വിയെ വരവേറ്റു. കേരളത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ലെന്ന് പറഞ്ഞതോടെ സദസ്‌ ഇളകിമറിഞ്ഞു. രാത്രി വൈകി, കൂത്തുപറമ്പിലെ പ്രചാരണ പൊതുയോഗത്തിലും തേജസ്വിയെത്തി.


വ്യാഴം രാവിലെ ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിത്തോട്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌ത റാലിയിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞ സദസിനൊപ്പം ഏറെ നേരം ചെലവഴിച്ചു. നല്ല നാടിനായുള്ള തുടർപോരാട്ടങ്ങൾക്ക്‌ ആഹ്വാനംചെയ്ത്‌ മുഖ്യമന്ത്രിയും തേജസ്വി യാദവും ബേപ്പൂരിലെ സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസും കൈകോർത്ത്‌ സദസിനെ അഭിവാദ്യംചെയ്തു. വയനാട്ടിലും പ്രചാരണ യോഗങ്ങളിൽ തേജസ്വി യാദവ്‌ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home