print edition ഇത്തവണയും ‘വീട്ടിലേക്കില്ല’

അറ്റ്‌ലാന്റ
: ഇംഗ്ലണ്ട് ചരിത്രമാവർത്തിച്ചു. ‘വീട്ടിലേക്ക് കപ്പ് വരുമെന്ന’ പതിവ് വാചകമടി തുടരാം. 60 വർഷത്തിനുശേഷം കിരീടം മോഹിച്ചിറങ്ങിയ ഹാരി കെയ്‌നും കൂട്ടരും ഇത്തവണയും പടിക്കൽ കലമുടച്ചു. അവസാന മൂന്ന് പതിപ്പിനിടെ രണ്ടാം സെമി തോൽവി. 2018ൽ ക്രൊയേഷ്യയോടായിരുന്നു കീഴടങ്ങൽ. 2020ലും 2024ലും യൂറോ കപ്പ് ഫൈനലിലും തോറ്റു. എട്ട് വർഷത്തിനിടെ നാല് പ്രധാന തോൽവികൾ. പ്രതിഭകളുണ്ടായിട്ടും മികച്ച പരിശീലകനുണ്ടായിട്ടും ഇംഗ്ലീഷുകാരുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
1966ൽ ബോബി ചാൾട്ടന്റെ നേതൃത്വത്തിൽ ലോകം കീഴടക്കി.
പിന്നീടിങ്ങാേട്ട് ഇരുണ്ട കാലമാണ്. അലൻ ഷിയറർ, ഡേവിഡ് ബെക്കാം, ഫ്രാങ്ക് ലാംപാർഡ്, ജോൺ ടെറി, വെയ്‌ൻ റൂണി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുണ്ടായി. ക്ലബ് ഫുട്‌ബോളിൽ അസാമാന്യ പ്രകടനം നടത്തി അതിശയിപ്പിച്ചവർ ഒന്നിച്ച് കൂടുമ്പോൾ അടിപതറി. ലോകകപ്പിലും യൂറോ കപ്പിലും ഗംഭീര ടീമുമായെത്തി മടങ്ങുന്ന ഇംഗ്ലണ്ട് പതിവ് കാഴ്‌ചയായി. ഗാരെത് സൗത്‌ഗേറ്റ് 2016ൽ പരിശീലകനായശേഷമാണ് ഇതിനൊരു മാറ്റം വന്നത്. ടീമിൽ ഒരു ചിട്ടയുണ്ടാക്കി മുൻ താരം. 2018 ലോകകപ്പിൽ സെമിയിലെത്തി. പിന്നെ രണ്ട് യൂറോയിൽ തുടർച്ചയായി ഫൈനലിലും. പക്ഷേ കിരീടമുയർത്താനായില്ല. ഇതിനൊരു മാറ്റത്തിനായാണ് ജർമൻകാരൻ തോമസ് ടുഷെലിനെ പരിശീലകനാക്കിയത്. ഇംഗ്ലീഷ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വിദേശ കോച്ചാണ് അമ്പത്തിരണ്ടുകാരൻ.
ലോകകപ്പിൽ സംഘബലത്തിന് മുൻതൂക്കം നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഫിൽ -െഫാദെനും കോൾ പാൽമെറും ഹാരി മഗ്വയറും ഒഴിവാക്കപ്പെട്ടു. ക്രൊയേഷ്യയെ 4–2ന് തകർത്ത് നല്ല തുടക്കമായിരുന്നു.
ഘാനയോട് ഗോളടിക്കാതെ സമനില വഴങ്ങി. നോക്കൗട്ടിൽ ആതിഥേയരായ മെക്‌സിക്കോയെയും നോർവെയെയും ആവേശകരമായ പോരിൽ വീഴ്‌ത്തി.
സെമിയിൽ അർജന്റീനയ്‌ക്കെതിരെ കടലാസിൽ കരുത്തർ ഇംഗ്ലണ്ടായിരുന്നു. ആദ്യപകുതിയും 70 മിനിറ്റ് വരെയും ആധിപത്യം പുലർത്തി. എന്നാൽ ലീഡ് നേടിയശേഷം അമിത പ്രതിരോധത്തിലേക്ക് നീങ്ങാനുള്ള ടുഷെലിന്റെ തന്ത്രം പാളി. മുന്നേറ്റക്കാരൻ ഹാരി കെയ്‌ൻ ഉൾപ്പെടെ എല്ലാവരും ഗോൾമുഖത്ത് അണിനിരന്നു. ‘ബസ് പാർക്കിങ്’ പ്രതിരോധ ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. ടീമിലുള്ള എല്ലാവരും ബോക്‌സിൽ അണിനിരന്ന് പന്തടിച്ചകറ്റുക എന്നതായിരുന്നു തന്ത്രം. പക്ഷേ ലയണൽ മെസിയെന്ന മാന്ത്രികന് മുന്നിൽ ഇൗ അടവ് പാളി. ആധിപത്യം നേടിയിട്ടും തന്ത്രങ്ങളിലെ പോരായ്‌മ കൊണ്ട് ഇംഗ്ലണ്ട് കീഴടങ്ങി. ആറ് പതിറ്റാണ്ടായുള്ള ഹൃദയ വേദന ഇനിയും തുടരും...










0 comments