print edition ടെക്‌നോപാർക്ക്; രാജ്യത്തിന്റെ ഐടി ഹബ്ബ്


സ്വന്തം ലേഖകൻ
Published on Apr 06, 2026, 04:39 AM | 1 min read
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ തിരുവനന്തപുരം ടെക്‌നോപാർക്ക് നഗരത്തിന്റെ വികസന മുഖമുദ്രയാണ്. 1990-ൽ അമേരിക്കയിലെ ആപ്പിൾ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ കെ നായനാർ മുന്നോട്ടുവച്ച ആശയമാണ് തുടർന്നുവന്ന ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലിൽ ഇന്നത്തെ വളർച്ചയിൽ എത്തിനിൽക്കുന്നത്. യുഡിഎഫ് ഭരണത്തിൽ ടെക്‌നോപാർക്കിന് പറയാനുണ്ടായിരുന്നത് അവഗണനയുടെ കഥകൾമാത്രം. 2015ൽ ഉമ്മൻചാണ്ടി സർക്കാർ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനാൽ ഇൻഫോസിസ് ടെക്നോസിറ്റിയിലെ ക്യാന്പസ് പദ്ധതിയിൽനിന്ന് പിന്മാറാൻ കത്തയച്ചു. പതിനായിരത്തോളം തൊഴിലവസരങ്ങൾ നഷ്ടമായി. അവ തിരികെ കൊണ്ടുവന്നത് പിന്നീടുവന്ന പിണറായി സർക്കാരും. തടസ്സപ്പെട്ടു കിടന്ന ടോറസ് പദ്ധതി ഒന്നാം പിണറായി സർക്കാർ യാഥാർഥ്യമാക്കി.
ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലൂടെ 2024-– 25 സാമ്പത്തിക വര്‍ഷം 14,575 കോടിയുടെ വരുമാനമുണ്ടായി– മുന്‍വര്‍ഷത്തേതിൽനിന്ന് 10 ശതമാനത്തിലധികം വളര്‍ച്ച. 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ടെക്നോപാർക്കിൽ അഞ്ഞൂറോളം കമ്പനികളാണുള്ളത്. 80,000 പേര്‍ക്ക് നേരിട്ടും രണ്ടുലക്ഷത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. മൂന്ന്, നാല് ഫേസുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറും.
പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയിൽ ഉപനഗരമെന്ന നിലയിലാണ് 389 ഏക്കറിൽ ഫേസ് നാല് ഒരുങ്ങുന്നത്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സൺടെക് ബിൽഡിങ്, കബനി ഐടി ബിൽഡിങ്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടിസിഎസ് ഐടി ഹബ്ബ് എന്നിവയും ഐടി പ്രൊഫഷണലുകൾക്കായുള്ള സമ്പൂർണ തൊഴിൽ– -വിനോദ– -ഷോപ്പിങ്– -ഭവന സമുച്ചയമായ ക്വാഡും ഇവിടെയുണ്ട്. 8.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഐടി കെട്ടിടവും എട്ടുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഐടി അനുബന്ധ സമുച്ചയവും. വിദ്യാഭ്യാസ നൈപുണ്യ വികസന മേഖല, ബഹിരാകാശ ഉപഗ്രഹ നവീകരണത്തിനായുള്ള സ്‌പേസ് പാർക്ക്, ചെറുകിട– ഇടത്തരം സംരംഭങ്ങളെ വളർത്താൻ എംഎസ്എംഇ ടെക്‌നോളജി സെന്റർ, കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള എമർജിങ് ടെക്‌നോളജി ഹബ്ബ്, നിർദിഷ്ട സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, യൂണിറ്റി മാൾ എന്നിവയും നാലാംഘട്ടത്തിലാണ്.









0 comments