ad
Deshabhimani

print edition ടീച്ചറല്ലാതെ മറ്റേത് പേര്?

KK Shailaja.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 02:03 AM | 2 min read

കണ്ണൂർ: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ പേരാവൂർ. പിടിച്ചെടുക്കാനുറപ്പിച്ച്‌ എൽഡിഎഫ്‌ പോർക്കളത്തിലിറങ്ങിയ മണ്ഡലം. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയും സിറ്റിങ് എംഎൽഎയായ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫും അണിനിരക്കുന്ന പോരാട്ടമാണിവിടെ.


പേരാവൂരിൽ എന്തുകൊണ്ട്‌ കെ കെ ശൈലജ എന്ന ചോദ്യത്തിന്‌, ഉറപ്പായും പിടിച്ചെടുക്കുന്ന മണ്ഡലമെന്നാണ്‌ ഇടതുപക്ഷത്തിന്റെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ 60,983 വോട്ടിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ നേടിയ ടീച്ചറുടെ പേരാവൂരിലേക്കുള്ള വരവിൽ യുഡിഎഫിന്‌ മുട്ടിടിക്കുന്നുണ്ട്‌. 2006ൽ പേരാവൂർ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌ ടീച്ചറിലൂടെയാണ്‌. ഇരുപത്‌ വർഷത്തിനിപ്പുറം ഒരിക്കൽക്കൂടി മണ്ഡലം പിടിച്ചെടുക്കാനുള്ള ദ‍ൗത്യവുമായാണ്‌ ടീച്ചറുടെ മാസ്‌എൻട്രി.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,172 വോട്ടുകളുടെമാത്രം ഭൂരിപക്ഷത്തിനാണ്‌ യുഡിഎഫ്‌ അവരുടെ കോട്ടയെന്ന്‌ അവകാശപ്പെടുന്ന മണ്ഡലത്തിൽ കടന്നുകൂടിയത്‌. 2016ൽ സണ്ണി ജോസഫ്‌ നേടിയ 7,989 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ കുത്തനെ ഇടിഞ്ഞത്‌.

ഇടതുപക്ഷവിരോധം ആളിക്കത്തിച്ചാണ്‌ എക്കാലവും യുഡിഎഫ്‌ പേരാവൂരിനെ കൂടെനിർത്തിയത്‌. രാഷ്‌ട്രീയത്തിനപ്പുറം കേരളം ഒരുമിച്ച സന്ദർഭങ്ങളിലെല്ലാം സണ്ണി ജോസഫ്‌ പുറംതിരിഞ്ഞ്‌ നിൽപ്പായിരുന്നു. വയനാട്‌ പുനരധിവാസത്തിലടക്കം അത്‌ കണ്ടതാണ്‌.


കണ്ണൂരിൽ മത്സരിക്കാനുറച്ച്‌ രംഗത്തുവന്ന കെ സുധാകരനെ വെട്ടിയത്‌ സണ്ണി ജോസഫും കൂട്ടരുമാണെന്ന്‌ വിശ്വസിച്ച്‌ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നിരുന്നു. സുധാകരനെ മൂലയ്‌ക്കിരുത്തിയ സണ്ണി ജോസഫിനെ നിയമസഭ കാണിക്കില്ലെന്ന വാശിയിലാണ്‌ പ്രബല വിഭാഗം.


1977ൽ നിലവിൽവന്ന മണ്ഡലത്തിന്‌ മുന്നണികളെ മാറിമാറി സ്വീകരിച്ച ചരിത്രമുണ്ട്‌. ആദ്യ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർവിജയം നേടിയ കെ പി നൂറുദ്ദീൻ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടത്‌ ഇടതുപക്ഷത്തിനൊപ്പം നിന്നാണ്‌. പിന്നീട് യുഡിഎഫിലായ നൂറുദ്ദീനെ 1996ൽ എൽഡിഎഫിലെ കെ ടി കുഞ്ഞഹമ്മദ് പരാജയപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രൊഫ. എ ഡി മുസ്തഫയിലൂടെ യുഡിഎഫ് പിടിച്ചു. 2006ൽ എൽഡിഎഫിനായി കെ കെ ശൈലജ തിരിച്ചുപിടിച്ചു. 2011ലും 2016ലും സണ്ണി ജോസഫിലൂടെ വീണ്ടും യുഡിഎഫ്‌.


ആറളം, അയ്യങ്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ചേർന്നതാണ് മണ്ഡലം. പായം, മുഴക്കുന്ന്‌, പേരാവൂർ പഞ്ചായത്തുകളും നഗരസഭയും എൽഡിഎഫ്‌ ഭരണത്തിലാണ്‌.


ടീച്ചർക്ക്‌ ആത്മബന്ധമുള്ള മണ്ഡലമാണ്‌ പേരാവൂർ. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റാണ്‌. ശിവപുരം ഹൈസ്‌കൂളിൽ അധ്യാപികയായിരിക്കെ ജോലി രാജിവച്ച്‌ മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകയായി.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. സ്ത്രീശബ്ദം മാസിക എഡിറ്ററായിരുന്നു. 2020ൽ വോഗ് മാഗസിന്റെ ലീഡർ ഓഫ്‌ ദ ഇയർ ബഹുമതിയും റേഡിയോ ഏഷ്യയുടെ വാർത്താതാരവുമായി. കോവിഡ്‌ കാലത്ത്‌ കേരളത്തെ രക്ഷാകവചമണിയിക്കുന്നതിൽ നേതൃത്വംവഹിച്ചത്‌ ആരോഗ്യമന്ത്രിയായിരുന്ന ശൈലജയാണ്‌.


സണ്ണി ജോസഫ്‌ നിയമസഭയുടെ പബ്ലിക്‌ അക്ക‍ൗണ്ട്‌സ്‌ കമ്മിറ്റി അംഗമാണ്‌. നേരത്തേ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗമായും പ്രവർത്തിച്ചു. ബിഡിജെസിലെ പൈലി വാത്യാട്ടാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home