ad
Deshabhimani

print edition വടക്കോട്ട്‌ ചൂടുണ്ട്‌; ഇടത്തോട്ട്‌ കാറ്റുണ്ട്‌

LDF Election

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന്

avatar
പി വി ജീജോ

Published on Apr 05, 2026, 02:49 AM | 2 min read

കോഴിക്കോട്‌: തുളുനാട്‌ മുതൽ ഏറനാട്‌വരെയുള്ള വടക്കൻ കേരളത്തിലിപ്പോൾ മീനച്ചൂട്‌ 36 ഡിഗ്രിയിലാണ്‌. രാഷ്‌ട്രീയമാപിനിയാകട്ടെ നൂറും കടക്കും. കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലായി 48 നിയമസഭാമണ്ഡലങ്ങളാണ്‌. നിലവിൽ 27 മണ്ഡലങ്ങളിൽ വിജയിച്ച എൽഡിഎഫിന്‌ സുശക്തമായ അടിത്തറയുള്ള മേഖല.


കോൺഗ്രസ്‌ നേതൃത്വം തഴഞ്ഞ കെ സുധാകരൻ എംപി ഉയർത്തിവിട്ട പ്രതിഷേധമായിരുന്നു തുടക്കത്തിലെ ചർച്ച. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ മണ്ഡലങ്ങളിൽ സൃഷ്‌ടിക്കുന്ന ഇളക്കങ്ങളെന്താകുമെന്ന ആധി യുഡിഎഫിനുണ്ട്‌. ഉരുളെടുത്ത വയനാടിന്റെ മക്കളെ ചേർത്തുപിടിച്ച്‌ സർക്കാർ പണിതുനൽകിയ ട‍ൗൺഷിപ്പും പുനരധിവാസ നടപടികളും വലിയ ചർച്ചയാണ്‌. കോടികൾ പിരിച്ച്‌ കല്ലുമാത്രമിട്ട്‌ ഒരു വീടും നൽകാത്ത കോൺഗ്രസിന്റെ വഞ്ചനയിലും തട്ടിപ്പിലുമുള്ള പ്രതികരണവും വിധിയെഴുത്തിനെ സ്വാധീനിക്കും. ദുരന്തത്തിൽ ഒന്നും നൽകാത്ത ബിജെപി സർക്കാരിനൊപ്പം പ്രതിക്കൂട്ടിൽ കോൺഗ്രസും വോട്ടർമാർക്ക്‌ മുന്നിൽ നന്നായി വിയർക്കയാണിവിടെ. വയനാട്‌ തുരങ്കപാത, മലയോര പാത, രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി, ദേശീയപാത, തീരദേശപാത––ഇങ്ങനെ തൊട്ടറിയാവുന്ന വികസന പ്രവർത്തനങ്ങൾ എൽഡിഎഫിന്‌ പറയാനേറെ. ജമാഅത്തെ ഇസ്ലാമിയെ മുതൽ ബിജെപിയെവരെ കൂട്ടുപിടിച്ചാണ്‌ യുഡിഎഫിന്റെ പോരാട്ടം.

കാസർകോട്‌ ജില്ലയിൽ അഞ്ചിൽ മൂന്ന്‌ മണ്ഡലവും ഇത്തവണയും എൽഡിഎഫിന്‌ സ്വന്തമാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കണ്ണൂർ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും കെപിസിസി പ്രസിഡന്റ്‌ സണ്ണിജോസഫും മത്സരിക്കുന്ന പേരാവൂർ എന്നിവയാണ്‌ കണ്ണൂരിലെ ശ്രദ്ധേയമണ്ഡലങ്ങൾ. 11 മണ്ഡലത്തിൽ ഇരിക്കുറും പേരാവൂരുമാണ്‌ നിലവിൽ യുഡിഎഫിനുള്ളത്‌. പയ്യൂന്നൂരിലും തളിപ്പറന്പിലും അവസരവാദികളായ വഞ്ചകരെ ചേർത്തുള്ള യുഡിഎഫിന്റെ നീക്കത്തിൽ കോൺഗ്രസിനകത്തെ അതൃപ്‌തി ചെറുതല്ല.

കോഴിക്കോട്‌ പതിറ്റാണ്ടുകളായി കോൺഗ്രസിന്‌ എംഎൽഎയില്ല. ഡിസിസി പ്രസിഡന്റ്‌ മുതൽ ഇറങ്ങിയിട്ടും ഇത്തവണയും ചിത്രം മാറുമെന്ന അവകാശവാദവുമില്ല. 13ൽ ലീഗിന്‌ കിട്ടിയ രണ്ട്‌ സീറ്റാണ്‌ യുഡിഎഫ്‌ അക്ക‍ൗണ്ടിലുള്ളത്‌. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണ(പേരാന്പ്ര), മന്ത്രിമാരായ എ കെ ശശീന്ദ്രൻ (എലത്തൂർ), പി എ മുഹമ്മദ്‌റിയാസ്‌( ബേപ്പൂർ), മുൻമന്ത്രി അഹമ്മദ്‌ദേവർകോവിൽ (കോഴിക്കോട്‌ സ‍ൗത്ത്‌) എന്നിവരാണ്‌ കളത്തിലുള്ള പ്രമുഖർ. വയനാട്ടിൽ മൂന്നിൽ രണ്ടും യുഡിഎഫ്‌ നിന്ത്രണത്തിലാണ്‌. വർധിച്ച സ്വീകാര്യതയുമായാണ്‌ മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവിന്റെ മൂന്നാമങ്കം.


മലപ്പുറത്ത്‌ എൽഡിഎഫിന്‌ മൂന്നും യുഡിഎഫിന്‌ 13ഉം എന്നതാണ്‌ ഇപ്പോഴത്തെ സീറ്റ്‌ നില. പലമണ്ഡലങ്ങളിലായി സ്ഥാനാർഥികൾക്കെതിരെ നേതാക്കൾതന്നെ രംഗത്തുവന്നത്‌ ലീഗിന്റെ ചരിത്രത്തിലില്ലാത്തതാണ്‌. തിരൂരങ്ങാടിയിൽ ബിനാമി സ്ഥാനാർഥിയെന്നുള്ള ആരോപണം ഇപ്പോഴും കെട്ടടങ്ങിയിട്ടുമില്ല. സുരക്ഷിതമല്ലെന്നതിനാൽ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര ഉപേക്ഷിച്ച്‌ മലപ്പുറത്ത്‌ ചേക്കേറി. ഇറക്കുമതി ചെയ്‌ത കെ എം ഷാജിയെ ചൊല്ലിയുള്ള പ്രതിഷേധം ലീഗിൽ ഒതുങ്ങുന്നതല്ല. മന്ത്രി അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കുന്പോൾ കെ ടി ജലീൽ എൽഡിഎഫ്‌ സ്വതന്ത്രനായി നാലാമതും തവനൂരിൽ രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home