കുടുംബശ്രീ പുതിയ വിതാനത്തിലേക്ക്; സമഗ്രപദ്ധതികളുമായി പ്രകടനപത്രിക

തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് ചാലകശക്തിയായ കുടുംബശ്രീ പ്രസ്ഥാനത്തെ ലോകോത്തര മാതൃകയാക്കി ഉയർത്താനുള്ള വിപ്ലവകരമായ നിർദേശങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക. കഴിഞ്ഞ പത്തുവർഷക്കാലം കുടുംബശ്രീയെ സ്ത്രീകളുടെ തൊഴിലും പദവിയും ഉയർത്തുന്ന വികസന സംവിധാനമാക്കി മാറ്റിയ എൽഡിഎഫ് സർക്കാർ വരും വർഷങ്ങളിലും കുടുംബശ്രീയെ പുതിയ വിതാനത്തിലേക്ക് എത്തിക്കാനുള്ള സമഗ്ര പദ്ധതികളാണ് പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നത്.
നവകേരളം ജനകീയാസൂത്രണം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ജൻഡർ ക്യാമ്പയിൻ, സംഘടനാശാക്തീകരണം, സംരംഭ - തൊഴിൽ വികസനപരിപാടികൾ, സാമൂഹിക വികസനപരിപാടികൾ തുടങ്ങിയവയെല്ലാം ഇതുമായി സംയോജിപ്പിക്കും.
കുടുംബശ്രീ മിഷൻ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻസമയ പ്രവർത്തകർക്കൊപ്പം വിപുലമായ സന്നദ്ധസേന കൂടി പ്രവർത്തിക്കും. മുൻകാല ജീവനക്കാർ, സിഡിഎസ് ഭാരവാഹികൾ, എൻആർഒ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം ക്യാമ്പയിനിൽ പങ്കെടുക്കും.
കുടുംബശ്രീയുടെ ഹൃദയമായ അയൽക്കൂട്ടങ്ങൾ, എഡിഎസ്, സിഡിഎസ് സംവിധാനങ്ങളുടെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സമഗ്ര സംഘടനാ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 10,000 കോടിയിൽ നിന്ന് 20,000 കോടി രൂപയായി വർധിപ്പിക്കും. സ്വകാര്യ ഏജൻസികളുടെ അന്യായ പലിശയിൽ നിന്ന് അംഗങ്ങളെ രക്ഷിക്കാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
അംഗത്വം നിലവിലെ 48 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായി ഉയർത്തും. പാർശ്വവൽകൃത സമൂഹങ്ങളെ പൂർണമായും കുടുംബശ്രീയിൽ പങ്കാളികളാക്കും. പട്ടികജാതി, പട്ടികവർഗ, പ്ലാന്റേഷൻ, തീരദേശ മേഖലകളിലെയും നഗരപ്രദേശത്തെ ദരിദ്രർ തുടങ്ങി ബാക്കിയുള്ള കുടുംബങ്ങളെ കൂടി കുടുംബശ്രീയുടെ ഭാഗമാക്കും.
യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കാൻ തൊഴിലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ ആരംഭിക്കും. ഓക്സിലറി ഗ്രൂപ്പുകളേയും അയൽക്കൂട്ടങ്ങളുമായി ബന്ധിപ്പിച്ച് ശക്തിപ്പെടുത്തും.
തദ്ദേശഭരണ സ്ഥാപനങ്ങളും കുടുബശ്രീയുമായിട്ടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെയും ഇതര വകുപ്പുകളുടെയും ദാരിദ്യനിർമാർജന സാമ്പത്തിക വികസന പ്രവർത്തനങ്ങളുടെ സംയോജന സമന്വയത്തിനുള്ള സാമൂഹിക ഏൻജൻസിയായി കുടുംബശ്രീയെ രൂപാന്തരപ്പെടുത്തും.
കുടുംബശ്രീയിൽ നിന്നു കടംകൊണ്ട എൻആർഎൽഎം, എൻയുഎൽഎം പോലുള്ള കേന്ദ്ര പദ്ധതികൾ ദാരിദ്ര്യനിർമാർജന പ്രക്രിയയിൽ സംസ്ഥാനത്തിനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതാണ്. കേരളം കൈവരിച്ച സാമൂഹിക ശാക്തീകരണ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജാഗ്രത പുലർത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു.











0 comments