പാടിയും പറഞ്ഞും കളം നിറഞ്ഞ് എൽഡിഎഫ്; പ്രചാരണ ഗാനങ്ങൾ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ്

ഗായകരായ മുരുകൻ കാട്ടാക്കട, സിതാര കൃഷ്ണകുമാർ, അതുൽ നറുകര, ഗൗരി ലക്ഷ്മി, ആര്യ ദയാൽ, വേടൻ(ഹിരൺദാസ് മുരളി), കരിവെള്ളൂർ മുരളി
കൃഷ്ണപ്രിയ സി വി
Published on Mar 29, 2026, 04:10 PM | 2 min read
പാടി തുടങ്ങിയത് വേടനാണ്. പിന്നാലെ സിതാരയും ഗൗരിയും ആര്യയുമൊക്കെ എത്തി. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ എൽഡിഎഫ് പ്രചാരണ ഗാനങ്ങളാണ് ഇപ്പോൾ സോഷ്യലിടത്തെ പ്രധാന ചർച്ചാ വിഷയം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്നേ തന്നെ സോഷ്യൽ മീഡിയ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ് എൽഡിഎഫ്. വേടൻ ആലപിച്ച കാത്തിരുന്ന കാലമേ.. എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. പുതു തലമുറയുടെ റാപ് സംഗീതത്തിനൊപ്പം കേരളം നടന്നു നീങ്ങിയ വഴികൾ അടയാളപ്പെടുത്തുന്ന ഒരു ഗാനം അവതരണത്തിലെ പുതുമ കൊണ്ടും മികവാർന്ന ദൃശ്യങ്ങളാലും ജനശ്രദ്ധ പിടിച്ചുപറ്റി.
പിന്നെ വന്നത് പുതു തലമുറയിലെ ഗായകൻ അതുൽ നറുകരയാണ്. അതുലിന്റെ തുടരണമീ യാത്രയും കേരളത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പ്രചാരണ ഗാനങ്ങളിലൊക്കെയും ഗായിക സിതാരയുടെ കൈയ്യൊപ്പ് എടുത്ത് പറയേണ്ടതാണ്. മുൻവർഷങ്ങളിൽ സിതാര ആലപിച്ച അന്തിവിണ്ണിൽ അമ്പിളികല..എന്ന് തുടങ്ങുന്ന പാട്ട് പാടാത്ത മലയാളികൾ ചുരുക്കമെന്ന് പറയാം. സിതാര ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാന സർക്കാരിന്റെ വിവിധ മേഖലകളിലെ നമ്പർ വൺ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് പാടി തുടങ്ങിയത്. കേരളം നമ്മുടെ അഭിമാനം എന്ന ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രേക്ഷക പ്രീതി നേടാനായി.
പിന്നാലെ ചങ്കിലെ തുടിപ്പുമായി എത്തിയ ഗൗരി ലക്ഷ്മിയാകട്ടെ പുതുതലമുറയുടെ ബീറ്റ് അറിഞ്ഞാണ് പാട്ടൊരുക്കിയത്. പതിവ് ശൈലികളിൽ നിന്നും വേറിട്ട് ആലാപനത്തിലെ വൈവിധ്യം കൊണ്ടും കാഴ്ചകളിലെ പുതുമയാലും ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം അതിവേഗം ഇടം പിടിച്ചു. പാട്ട് കേട്ട് കഴിഞ്ഞ മലയാളി യുവത്വത്തെ കൊണ്ട് "ചങ്കിലെത്തുടിപ്പ് പോലെ കാത്തിടാം ചങ്കുറപ്പ് കൊണ്ട് നമ്മൾ വീണ്ടെടുത്ത കേരളം" എന്ന് കൂടുതൽ ഉറക്കെ പാടിക്കാൻ ഗൗരിയിലെ ഗായികയ്ക്കായി.
പുതിയ കാലം പുലരുക സ്നേഹം കനവിലും കരളിലും അനുനിമിഷം.. ആര്യ ദയാൽ ഇങ്ങനെ പാടി തുടങ്ങിയപ്പോൾ അത് പിന്നീട് കേരളം ഒന്നാകെ ഏറ്റുപാടിയ കാഴ്ചയ്ക്കാണ് സോഷ്യലിടം സാക്ഷിയായത്. ആര്യയുടെ തനത് ശൈലിയിൽ പുതിയ കേരളത്തെ വരച്ചിട്ടപ്പോൾ തലമുറകളൊന്നാകെ അത് ഏറ്റു പാടി. പെരുമ്പളം പാലവും മുണ്ടക്കൈ ടൗൺഷിപ്പും തുടങ്ങി കേരളത്തിലുണ്ടായ പത്ത് വർഷത്തെ മാറ്റങ്ങൾ ഒരൊറ്റ വീഡിയോ ഗാനത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു. നിപ, കോവിഡ്, പ്രളയം പോലുള്ള പ്രതിസന്ധി കാലത്തെ ഓർത്തുകൊണ്ട് ‘കഷ്ടത്തിലെങ്ങാന്‍ പെട്ടെന്ന് പെട്ടാൽ കൂട്ടായി നിക്കാൻ കൈത്താങ്ങ്ണ്ട്’ എന്ന വരികള്‍ സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കരുതല്‍ നടപടികള്‍ മനുഷ്യരെ എത്രത്തോളം ചേര്‍ത്തു നിറുത്തിയെന്നതിന്‍റെ തെളിവ് കൂടിയാണ്.
എൽഡിഎഫിനൊപ്പം എല്ലാ കാലവും നിൽക്കുന്ന കവി മുരുകൻ കാട്ടാക്കടയും കരിവെള്ളൂർ മുരളിയും എഴുതിയ പ്രചാരണ ഗാനങ്ങളൊക്കെയും ഇതിനകം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളം കൈവരിച്ച മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടിയ ഗാനങ്ങൾ ഇടതുപക്ഷത്തിന്റെ ഭരണ മികവ് തുടരുക തന്നെ ചെയ്യുമെന്ന് ഒരിക്കൽകൂടി ഊന്നിപറയുന്നു. ലോകത്തിന് മാതൃകയായി നാം നമ്മുടെ യാത്ര ഒന്നായി തുടരും...











0 comments