ad
Deshabhimani

print edition ചേലുള്ള ചിരിയോടെ അവർ പറയുന്നു; "പെൻഷൻ തരുന്നവർക്ക് വോട്ട്"

Untitled design

ക്ഷേമ പെൻഷൻ വീട്ടിലെത്തിയ സന്തോഷത്തിൽ രായീന്‍കുട്ടിയും കദിയുമ്മുവും. ( ഫോട്ടോ : കെ ഷെമീർ)

avatar
പി അഭിഷേക്‌

Published on Apr 06, 2026, 01:59 AM | 1 min read

മലപ്പുറം : കോല്‍ക്കളം സഹകരണ ബാങ്കില്‍നിന്ന് പെന്‍ഷന്‍ കാശുമായി ഏജന്റ് വന്നിട്ടുണ്ടെന്നറിഞ്ഞാണ് അങ്ങാടിയിലേക്കിറങ്ങിയ ചട്ടിപ്പറമ്പ് ചേങ്ങാട്ടൂര്‍ മണമ്മല്‍ രായീന്‍കുട്ടി വീട്ടിലേക്ക് തിരിച്ചത്. ഓട്ടോയില്‍ വീട്ടുമുറ്റത്തിറങ്ങിയശേഷം മടിക്കുത്തില്‍വച്ചിരുന്ന 30 രൂപ ഡ്രൈവര്‍ക്ക് കൊടുത്തു. പുഞ്ചിരിയോടെ വീടിന്റെ ഉമ്മറത്ത് കയറുമ്പോള്‍ എണ്‍പത്തിയഞ്ചുകാരന്‍ പെന്‍ഷന്‍ ഏജന്റിനോട് പറഞ്ഞു; "ഒരു ചായ കുടിക്കാന്‍ പോയതാണ്.' കൈവിരല്‍ ഉടുമുണ്ടില്‍ തുടച്ച് വൃത്തിയാക്കി പേപ്പറില്‍ ചുണ്ടൊപ്പ് പതിച്ചശേഷം 4000 രൂപ വാങ്ങി. പിന്നാലെ ഭാര്യ എഴുപതുകാരി കദിയുമ്മുവിനും പെന്‍ഷന്‍ നല്‍കി. ഉമ്മറത്തെ ചാരുബെഞ്ചിലിരുന്ന് പൈസ എണ്ണുമ്പോള്‍ ഇരുവരുടെയും ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.


ചുമട്ടുതൊഴിലാളിയായിരുന്നു രായീന്‍കുട്ടി. മലപ്പുറം അങ്ങാടിയില്‍നിന്ന് അരിച്ചാക്കുള്‍പ്പെടെ തലച്ചുമടായി ചട്ടിപ്പറമ്പിലേക്ക് കൊണ്ടുപോയിരുന്ന കാലം. മൂന്ന് രൂപയൊക്കെയാണ് അന്ന് കൂലി കിട്ടിയിരുന്നത്. ഇന്ന് വിശ്രമജീവിതം നയിക്കുമ്പോള്‍ മുടങ്ങാതെ കിട്ടുന്ന ക്ഷേമപെന്‍ഷനാണ് ആശ്വാസം. രായീന്‍കുട്ടിക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷനും കദിയുമ്മുവിന് വാര്‍ധക്യകാല പെന്‍ഷനുമാണ്. ഇത്തവണ രണ്ടാള്‍ക്കുംകൂടി രണ്ടുമാസത്തെ പെന്‍ഷനായി 8000 രൂപ കിട്ടി.


പെന്‍ഷന്‍ കാശുകൊണ്ട് വീട്ടിലേക്ക് ഒരുചാക്ക് അരി വാങ്ങണമെന്ന് രായീന്‍കുട്ടി പറഞ്ഞു. കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം ശേഖരിച്ചുവയ്ക്കുകയാണ് കദിയുമ്മു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയത് ഇവരുടെ ഓര്‍മയിലുണ്ട്. അതുകൊണ്ട് കൃത്യമായി പെന്‍ഷന്‍ നല്‍കുന്നവര്‍ക്ക് മാത്രമേ വോട്ടുള്ളുവെന്നാണ് നിലപാട്. ഡ്രൈവറായ മകന്‍ മുഹമ്മദലി, മരുമകള്‍ ഹസീന, പേരമക്കളായ അമന്‍ അലി, അംന, ഹൈമി എന്നിവര്‍ക്കൊപ്പമാണ് ഇവരുടെ താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home