കിടക്കയില്ല, ജീവനക്കാരില്ല, രോഗികളും
പുലയനാർകോട്ടയിൽ പ്രഹസനം മാത്രം

തിരുവനന്തപുരം
പുലയനാർകോട്ട മെഡിസിൻ ഒപിയിൽ ഒരാഴ്‌ച പിന്നിട്ടിട്ടും സൗകര്യങ്ങളെത്തിക്കാതെ ആരോഗ്യവകുപ്പ്. ആവശ്യത്തിന് കിടക്കകളോ ജീവനക്കാരോ ആശുപത്രിയിലില്ല. ആദ്യഘട്ടത്തിൽ 100 കിടക്ക സജ്ജമാക്കിയെന്നും കൂടുതൽ കിടക്കകൾ ഉറപ്പാക്കുമെന്നുമാണ് മന്ത്രി ഉദ്‌ഘാടന ദിനത്തിൽ അവകാശപ്പെട്ടത്. എന്നാൽ ഇതുവരെ പകുതിപോലും സജ്ജമാക്കാനായില്ല. മെഡിക്കൽ കോളേജിലെ കിടപ്പുരോഗികൾക്ക് കിടക്ക ഒരുക്കുമെന്ന പിആർ നേട്ടത്തിനായാണ് മന്ത്രി തിരക്കുകൂട്ടി പുലയനാർകോട്ടയിൽ ഒപി തുടങ്ങിയത്. എന്നാൽ, ഇവിടെയെത്തുന്ന രോഗികളിൽ പലരും കിടത്തിചികിത്സ ആവശ്യമില്ലാത്തവരാണ്. പേരിനായി പലരെയും ഒരുദിവസം കിടത്തിയശേഷം പിറ്റേന്ന് പറഞ്ഞയക്കും. എന്നാൽ രോഗികൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവിലുള്ള ജീവനക്കാർ അധികജോലി ചെയ്യേണ്ട സ്ഥിതിയാണ്. പിജി ഡോക്ടർമാർ മാത്രമാണ് പരിശോധനയ്ക്കുള്ളത്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന ആശുപത്രിയിൽ പനി ബാധിതരെ കൊണ്ടുവരുന്നത് അണുബാധയുണ്ടാക്കുമെന്ന ആശങ്കയും അധികൃതർ അവഗണിക്കുകയാണ്.










0 comments