print edition കെട്ടിയ നുണക്കോട്ടകൾ ജനങ്ങൾ ഇടിച്ചുനിരത്തും

പ്രതീകാത്മക ചിത്രം
കൊച്ചി : മധ്യകേരളത്തിലെ ജില്ലകളിൽ ഇക്കുറിയും എൽഡിഎഫ് ചരിത്രം കുറിക്കും. സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും അപസ്വരലേശമില്ലാതെ വേഗത്തിൽ പൂർത്തിയാക്കിയ എൽഡിഎഫ് പ്രചാരണരംഗത്തും ഏറെ മുന്നിൽ. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള എൽഡിഎഫ് പ്രചാരണത്തിൽ എതിരാളികൾ നിരായുധരാണ്. പാളയത്തിലെ പടയും നുണക്കോട്ടകൾ ഒന്നൊന്നായി തകർന്നുവീഴുന്നതിലെ നിരാശയും യുഡിഎഫ്, എൻഡിഎ മുന്നണികളെ കടുത്തപ്രതിരോധത്തിലാക്കുന്നു.
സമാനതകളില്ലാത്ത വികസന പദ്ധതികളുടെ കരുത്തുമായി എറണാകുളം ജില്ലയിൽ എൽഡിഎഫിലെ അഞ്ച് സിറ്റിങ് എംഎൽഎമാരും വീണ്ടും ജനവിധി തേടുന്നു. ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ, ചെല്ലാനം ടെട്രാപോഡ് ഒന്നും രണ്ടും ഘട്ടം, പെട്രോകെമിക്കൽ പാർക്ക് എന്നിങ്ങനെ രാഷ്‌ട്രീയ ഭേദമന്യേ ജില്ലയിലാകെ നടപ്പായ എണ്ണമറ്റ പദ്ധതികൾ എടുത്തുപറഞ്ഞാണ് എൽഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കഴിവുറ്റ സ്ഥാനാർഥിനിര യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലും കനത്ത വെല്ലുവിളിയുയർത്തുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രകടമായ ഭിന്നത പരിഹരിക്കപ്പെടാത്തതും യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കും.
കോട്ടയം ജില്ലയിലെ എൽഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാർ എന്നിവിടങ്ങളിൽ വെല്ലുവിളിയുയർത്താൻ എതിരാളികൾക്കായിട്ടില്ല. എന്നാൽ, പാലാ, കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങളിലടക്കം എൽഡിഎഫിന് ലഭിച്ച സ്വീകാര്യത യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കും. 20,000 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ 10 വർഷം ജില്ലയിലെത്തിയത്. യുഡിഎഫിലെ സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായി ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരിലൂടെ പുറത്തായ ഭിന്നത പുകയുന്നു. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും അതൃപ്‌തി രൂക്ഷം.
ഇടുക്കിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി അഞ്ച് മണ്ഡലങ്ങളിൽ ഒന്നിൽനിന്നുപോലും കോൺഗ്രസിലെ ഒരാളെ നിയമസഭയിലേക്ക് ജയിപ്പിച്ചിട്ടില്ല. എന്ത് നുണ പറഞ്ഞിട്ടായാലും കടന്നുകൂടാനുള്ള അവരുടെ അവസാന അടവ് ഇക്കുറിയും ഫലം കാണില്ല. 13,500 കോടിയുടെ വികസനമാണ് പോയ പത്ത് വർഷത്തിൽ ജില്ലയിലുണ്ടായത്. വിനോദസഞ്ചാര കേന്ദ്രംകൂടിയായ മേഖലയുടെ സർവതല വികസനമാണ് എൽഡിഎഫ് ചർച്ചചെയ്യുന്നത്. അണിനിരക്കുന്നത് കഴിവുറ്റ സ്ഥാനാർഥിനിരയും. കടുത്ത ഗ്രൂപ്പ് വടംവലിക്കുപുറമെ, പേയ്-മെന്റ് ആരോപണങ്ങളും ഇക്കുറി യുഡിഎഫ് സ്ഥാനാർഥിനിർണയത്തിന്റെ ഭാഗമായി ഉയർന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശത്തിലും നേടിയ മേൽക്കൈ തുടരാനുള്ള കുതിപ്പിലാണ് തൃശൂർ ജില്ലയിൽ എൽഡിഎഫ്. 2016ലും 2021ലും 13ൽ 12 സീറ്റും എൽഡിഎഫ് നേടിയിരുന്നു. നിസ്സാര വോട്ടിന് കൈവിട്ട ചാലക്കുടിയും തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. വർഗീയപ്രചാരണം നടത്തുന്ന ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യമുന്നയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിയും നേതാക്കളും മൗനംപാലിച്ചത് കോലീബി സഖ്യത്തിന്റെ ഭാഗമാണെന്ന ആരോപണമുണ്ട്.
പാലക്കാട് ജില്ലയിൽ യുഡിഎഫ് ക്യാമ്പ് അടിമുടി അങ്കലാപ്പിലാണ്. കഴിഞ്ഞതവണ വിജയിച്ച പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ കനത്ത വെല്ലുവിളിയാണ് എൽഡിഎഫ് ഉയർത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് മുന്നേറ്റം എതിരാളികൾക്ക് ഞെട്ടലായി. മുഖ്യമന്ത്രി പങ്കെടുത്ത റാലികളിൽ വൻ ജനസഞ്ചയം ഒഴുകിയെത്തിയതും എൽഡിഎഫ് അനുകൂല തരംഗമുണ്ടാക്കി.








0 comments