ad
Deshabhimani

print edition ഇരുണ്ടകാലം v/s നല്ലകാലം

UDF vs LDF.jpg
വെബ് ഡെസ്ക്

Published on Apr 08, 2026, 01:09 AM | 4 min read

2011 നും 2016 നും ഇടയിൽ നമ്മൾ കടന്നുപോയ ഇരുണ്ട കാലം ഓർമയായി. ഇന്ന് എല്ലാവർക്കും സന്തോഷവും സമാധാനവുമുള്ള നല്ലകാലം


ഇരുണ്ട കാലം


  • പെൻഷൻ 18 മാസം കുടിശ്ശിക


സംസ്ഥാനത്തെ വിവിധ ക്ഷേമ പെൻഷനുകൾ 18 മാസം കുടിശ്ശികയാക്കി. നിരവധി തവണ അധികാരത്തിലുണ്ടായിട്ടും ക്ഷേമപെൻഷനുകളിൽ ആകെ 100 രൂപയാണ് യുഡിഎഫ് സർക്കാരുകൾ വർധിപ്പിച്ചത്. അതും കുടിശ്ശികയാക്കി.


  • സർവം ഇരുട്ടിൽ


യുഡിഎഫ്‌ ഭരണകാലത്ത്‌ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയായിരുന്നു ലോഡ്ഷെഡിങ്. മെഴുകുതിരിവെട്ടത്തിലും എമർജൻസി വെട്ടത്തിലും കടന്നുപോയ പരീക്ഷാക്കാലം, ഷോക്കടിപ്പിക്കുന്ന അധികബിൽ, ദുർബലവിഭാഗങ്ങൾക്കുള്ള ആനുകൂല്യം ഇല്ലാതാക്കൽ എന്നിവയെല്ലാം വ്യാപകമായിരുന്നു. പുറത്തുനിന്ന് വൈദ്യുതി കൂടുതലായി വാങ്ങി അധികബാധ്യത ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു.


  • തകർന്ന സ്കൂൾ, പൂട്ടിയ സ്കൂൾ


ഇടിഞ്ഞുവീഴാറായ സ്‌കൂൾ കെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, പരീക്ഷ നടത്താൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ ഓണം നേരത്തെ വന്നതുകൊണ്ടാണെന്ന് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി... ഇതായിരുന്നു ഇരുണ്ടകാലത്തെ വിദ്യാഭ്യാസ മേഖല.

ആയിരത്തോളം സർക്കാർ സ്‌കൂളുകൾ അനാദായകരമെന്ന് മുദ്രകുത്തി പൂട്ടാൻ ശ്രമിച്ചു. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂൾ അടക്കം നാല് സ്കൂളുകൾ അടച്ചുപൂട്ടി. ഓണപ്പരീക്ഷ ആയിട്ടും പാഠപുസ്‌തകം ലഭിക്കാതായതോടെ അധ്യാപകർ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി.


  • കിടപ്പിലായ ആരോഗ്യം


മരുന്നില്ല, ഡോക്ടർമാരില്ല, ചികിത്സയില്ല.... എന്തിന് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഗവർണർ പോലും മരിച്ചു. ആശുപത്രികളിലേക്ക് മരുന്നുവാങ്ങുന്നതിൽ വൻ അഴിമതിയായിരുന്നു. കേരള മെഡിക്കൽ സർവീസ് കോർപറേഷനെ നോക്കുകുത്തിയാക്കി സർക്കാർ നൽകേണ്ട 250 കോടി രൂപ കൊടുക്കാതെ കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണ സംവിധാനത്തെ തകർത്തു.


  • സ്ത്രീകൾക്ക് രക്ഷയില്ലാക്കാലം


പെരുന്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട ജിഷ യുഡിഎഫിന്റെ ഇരുണ്ടകാലത്തിന്റെ ഇരയാണ്‌. സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച കാലമായിരുന്നു ഇത്‌. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടികളുമുണ്ടായില്ല. ജിഷ കേസിലെ പ്രതിയെ 2016ൽ അധികാരത്തിലേറിയ എൽഡിഎഫ്‌ സർക്കാരാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


  • താഴുവീണ വ്യവസായം


2016ൽ യുഡിഎഫ് പടിയിറങ്ങിയപ്പോൾ 645.96 കോടി രൂപയായിരുന്നു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശരാശരി നഷ്ടം. നിക്ഷേപമെത്തിക്കാനെന്ന പേരിൽ യുഡിഎഫ് സംഘടിപ്പിച്ച എമേർജിങ് കേരള പ്രഹസന്നമായി. വ്യവസായങ്ങൾക്ക് 75 ശതമാനംവരെ പവർകട്ട് ഏർപ്പെടുത്തി. യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ പുതിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ ധൈര്യമില്ലെന്ന സർട്ടിഫിക്കറ്റ് എ കെ ആന്റണി തന്നെ നൽകി.


  • സമ്പൂർണ്ണ നിയമന നിരോധനം


യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ നിയമന നിരോധനത്തിനും തസ്തിക വെട്ടിക്കുറയ്ക്കലിനും ശ്രമിച്ചു. വൈദ്യുതി ബോർഡിൽ മാത്രം അയ്യായിരത്തോളം തസ്തിക വെട്ടിക്കുറച്ചു. സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്‌തിക വെട്ടിക്കുറയ്ക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതാധികാര സമിതിയെയും ചുമതലപ്പെടുത്തി.


  • 4189 വീട് മാത്രം


എം എൻ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ കണക്കാക്കിയാലും 2011–-16 യുഡിഎഫ് കാലത്ത് നിർമിച്ചത് 4189 വീടുകൾ മാത്രം.


  • കെഎസ്ആർടിസി കട്ടപ്പുറത്ത്


കെടുകാര്യസ്ഥതയും ധൂർത്തും നടത്തിപ്പിലെ പാളിച്ചയുംകൊണ്ട് ഏതു നിമിഷവും പൂട്ടിപ്പോകാവുന്ന അവസ്ഥയിലായിരുന്നു കെഎസ്‌ആർടിസി. ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനും നൽകിയില്ല. ഒരു നിലയിലും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രതിവിധി കണ്ടില്ലെങ്കിൽ കെഎസ്ആർടിസി എന്നത് തനിയേ നിന്നേക്കുമെന്നും പറഞ്ഞത്‌ അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ്‌.


  • പൂട്ടിപ്പോയ എൻ എച്ച് ഓഫീസ്


സ്ഥലമെടുപ്പിനെച്ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന്‌ ദേശീയപാത 17-ന്റെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ദേശീയപാത അതോറിറ്റി പിന്മാറി. 45 മീറ്റർ ദേശീയപാത കേരളത്തിൽ സാധ്യമല്ലെന്നും അങ്ങനെ ആവശ്യപ്പെട്ടാൽ 15 വർഷം കഴിഞ്ഞാലും ദേശീയപാത വികസനം പൂർത്തിയാകില്ലെന്നും അന്നത്തെ മുഖ്യമന്ത്രി വിധിയെഴുതി.


നല്ലകാലം


  • ആരും ഇരുട്ടിലായില്ല


പവർകട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാത്ത 10 വർഷമാണ്‌ കടന്നുപോയത്‌. ഇപ്പോൾ ഇ‍ൗ രണ്ടു വാക്കും മലയാളി മറന്നു. എല്ലാ വീടുകളിലും വൈദ്യുതി എത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. കെഎസ്ഇബി തുടർച്ചയായി ലാഭത്തിലാക്കി.


  • ക്ഷേമപെൻഷൻ 600 ൽ നിന്ന് 2000 രൂപയാക്കി


ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ 62 ലക്ഷം കുടുംബങ്ങൾക്കാണ്‌ സർക്കാർ മാസംതോറും പെൻഷൻ വീട്ടിലെത്തിക്കുന്നത്‌. 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ ഇന്ന്‌ 2000 രൂപയാണ്‌. 1400 രൂപയാണ്‌ പിണറായി സർക്കാർ വർധിപ്പിച്ചത്‌. ഇത്‌ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നു.

യുഡിഎഫ് 18 മാസംവരെ കുടിശ്ശികയാക്കിയ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്തത് 2016ൽ ഒന്നാം പിണറായി സർക്കാരാണ്. 1473 കോടി രൂപയാണ് ഇങ്ങനെ നൽകിയത്.


  • സ്കൂളുകൾ ഹൈക്ലാസായി


പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റം പ്രകടമാണ്‌. ഇന്ന്‌ ഡിജിറ്റൽ സ്‌ക്രീനുള്ള ക്ലാസ്‌ മുറികളായി. അത്യാധുനിക സൗകര്യമുള്ള ബഹുനില മന്ദിരങ്ങൾ, എസി മുറികൾ, ലിഫ്‌റ്റ്‌ എന്നിവയുള്ള സ്‌കൂളും വ്യാപകമായി.


  • വ്യവസായ സൗഹൃദത്തിൽ തുടർച്ചയായി ഒന്നാമത്


പൊതുമേഖലാ വ്യവസായങ്ങൾ അടച്ചുപൂട്ടാത്ത, കേരളം നിക്ഷേപ സൗഹൃദമായി മാറിയ, ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷമാണ്‌ കടന്നുപോകുന്നത്‌. ഇന്ത്യയുടെ വ്യവസായ ഭൂപടത്തിലില്ലാതിരുന്ന കേരളം വ്യവസായ സ‍ൗഹൃദാന്തരീക്ഷത്തിൽ തുടർച്ചയായി രണ്ടുതവണ ഒന്നാമതായി. 27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. വിറ്റുവരവ്‌ 2440.14 കോടിയിലെത്തി. യുഡിഎഫ്‌ കാലത്ത്‌ വെറും 300 എണ്ണം മാത്രമായിരുന്ന സ്റ്റാർട്ടപ്പുകൾ ഇപ്പോൾ എണ്ണായിരത്തിലധികമായി.


  • ആരോഗ്യം വീണ്ടെടുത്തു


ആർദ്രം പദ്ധതിയിലൂടെ പത്തുവർഷങ്ങൾക്കിപ്പുറം കേരളത്തിലെ ശിശുമരണനിരക്ക് 12ൽ നിന്ന്‌ അഞ്ചിലേക്ക്‌ എൽഡിഎഫ്‌ കുറച്ചു. അമേരിക്കയേക്കാൾ കുറഞ്ഞ നിരക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായും കേരളം മാറി. താലൂക്ക്‌ ആശുപത്രികൾ പോലും മെഡിക്കൽ കോളേജ്‌ ആശുപത്രികളുടെ സ‍ൗകര്യത്തിലേക്ക്‌ മാറി.


  • റോഡുകൾ സൂപ്പർ ട്രാക്ക്


ദേശീയപാത മുതൽ നാട്ടിടവഴികൾവരെ നവകേരളത്തിന്റെ വികസനരേഖയായി റോഡുകൾ മാറി. ദേശീയപാതയ്ക്ക്‌ ഭൂമിയേറ്റെടുക്കാൻ 5580.73 കോടി രൂപയാണ് കേരളം നൽകിയത്. യുഡിഎഫ്‌ കാലത്ത്‌ ഇവിടെ ഒന്നും നടക്കില്ലെന്ന്‌ പറഞ്ഞ്‌ ദേശീയപാത അതോറിറ്റിയുടെ ഓഫീസ്‌ വരെ പൂട്ടിപ്പോവുന്ന സ്ഥിതിയുണ്ടായിരുന്നു.


  • കുതിച്ചു കെഎസ്ആർടിസി


എൽഡിഎഫ്‌ കാലത്ത്‌ പ്രതിസന്ധിയുടെ കട്ടപ്പുറത്തുനിന്ന് മുന്നേറ്റത്തിന്റെ പാതയിലാണ്‌ കെഎസ്ആർടിസി. വരുമാനത്തിൽ ശരാശരി രണ്ടരക്കോടിയുടെയും യാത്രക്കാരുടെ എണ്ണത്തിൽ നാലുലക്ഷത്തിന്റെയും വർധനയാണ് വൈവിധ്യവൽക്കരണത്തിലൂടെ ആനവണ്ടി കൈവരിച്ചത്. ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ നൽകി.


  • 3.12 ലക്ഷം സർക്കാർ ജോലി


എൽഡിഎഫ്‌ സർക്കാർ 10 വർഷത്തിനിടെ 3.12 ലക്ഷം പേർക്ക്‌ കേരള പിഎസ്‌സി വഴി നിയമന ശുപാർശ നൽകി സർക്കാർ ജോലി ഉറപ്പാക്കി. യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‌സി) കണക്കുപ്രകാരം രാജ്യത്തെ 51 ശതമാനം പിഎസ്‌സി നിയമനങ്ങളും നടക്കുന്നത് കേരളത്തിലാണ്. പിഎസ്‌സി പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതു വിഭാഗത്തിന്‌ 40 വയസ്സായും എസ്‌സി–എസ്‌ടിക്ക്‌ 45 ആയും ഒബിസിക്ക്‌ 43 ആയും ഉയർത്തി.


  • 6 ലക്ഷം വീട്; 20 ലക്ഷം പുഞ്ചിരി


എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട് ലക്ഷ്യമിട്ട്‌ 2017 മെയ് 23ന് സർക്കാർ ലൈഫ് പദ്ധതി പ്രഖ്യാപിച്ചു. ഇതുവരെ അനുവദിച്ച 6,06,065 വീടുകളിൽ 5,00,783 വീടുകൾ പൂർത്തിയായി. രാജ്യത്ത് ഏറ്റവും ഉയർന്ന തുക ഭവന നിർമാണത്തിന് നൽകുന്നത് കേരളത്തിൽ.


  • വൻകിട പദ്ധതികൾ നടപ്പാക്കി


കേരളത്തിൽ ഒന്നും നടപ്പാക്കാനാവില്ലെന്ന് ഉറക്കെപ്പറഞ്ഞത്‌ പ്രതിപക്ഷമാണ്‌. എന്നാൽ എല്ലാ വൻകിട പദ്ധതികളും നടപ്പാക്കിയ പത്തുവർഷമായിരുന്നു ഇത്‌. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, വാട്ടർ മെട്രോ, ഗെയിൽ പൈപ്പ്‌ലൈൻ തുടങ്ങിയ പദ്ധതികളെല്ലാം ഒരുതടസ്സവുമില്ലാതെ നടന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home