ad
Deshabhimani

print edition വികസന രാജൻ വൈറൽ

K Rajan Election Campaign

ഒല്ലൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാജന് മാടക്കത്തറ പഞ്ചായത്തിലെ വെള്ളാനിശേരിയിൽ നൽകിയ സ്വീകരണം

avatar
സി എ പ്രേമചന്ദ്രൻ

Published on Mar 30, 2026, 02:54 AM | 2 min read

തൃശൂർ: ‘‘2016ൽ എൽഡിഎഫ്‌ സ്ഥാനാർഥിയായ ശേഷം കെ രാജൻ ഒളകരയിലെത്തി. അന്ന്‌ പട്ടയത്തിനായി ഞങ്ങൾ സമരത്തിലായിരുന്നു. വോട്ടുചെയ്യില്ലെന്ന്‌ ഞങ്ങൾ പറഞ്ഞു. വോട്ട്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന്‌ കരുതി. പിന്നീട്‌ രാജൻ വിജയിച്ച ശേഷം നിരന്തരം വന്നു, ഇടപെട്ടു. പീച്ചി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് 1957ൽ കുടിയൊഴിപ്പിക്കപ്പെട്ട 44 കുടുംബങ്ങൾ 68 വർഷത്തിനുശേഷം ഭൂമിയുടെ അവകാശികളായി’’– ഒളകര ഉന്നതിയിലെ മൂപ്പത്തി മാധവിയുടെ വാക്കുകൾ കെ രാജന്റെ ജനകീയ ഇടപ്പെടലിന്റെ സാക്ഷ്യമാണ്‌. ഒല്ലൂർ മണ്ഡലത്തിലെ ജനങ്ങൾ മാത്രമല്ല, ദുരന്തഭൂമിയായ വയനാട്‌ ചൂരൽമലയിലെ ജനങ്ങളും കെ രാജനെ നെഞ്ചോട്‌ ചേർക്കുന്ന ചിത്രം വൈറലാണ്‌.


ലോകോത്തരമായ പുത്തൂർ സുവോളജിക്കൽ പാർക്ക്‌ യാഥാർഥ്യമാക്കിയതുൾപ്പെടെ 10 വർഷത്തിനകം ഒല്ലൂർ മണ്ഡലത്തിൽ 2350 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയ ചരിത്ര നേട്ടവുമായാണ്‌ കെ രാജൻ വീണ്ടും മത്സരിക്കുന്നത്‌. മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളും കോർപറേഷനിലെ 16 ഡിവിഷനുകളും ചേർന്നതാണ്‌ ഒല്ലൂർ മണ്ഡലം. ഒരു കാലത്ത്‌ ഒല്ലൂർ യുഡിഎഫ്‌ കോട്ടയായി അവകാശപ്പെട്ടിരുന്നു. 1957ലും 60ലും കോൺഗ്രസ്‌ വിജയിച്ചു. 1965ലും 67ലും സിപിഐ എമ്മിലെ എ വി ആര്യൻ വിജയിച്ചു. പിന്നീട്‌ യുഡിഎഫ്‌ തുടർച്ചയായി വിജയിച്ചു. നീണ്ട ഇടവേളക്കുശേഷം 1987ൽ സിപിഐയിലെ എ എം പരമനിലൂടെ മണ്ഡലം എൽഡിഎഫ്‌ പിടിച്ചെടുത്തു. 1996ൽ സി എൻ ജയദേവനും 2006ൽ രാജാജി മാത്യു തോമസും വിജയിച്ചു. ഇവർക്കാർക്കും തുടർ വിജയം നേടാനായില്ല. എന്നാൽ കെ രാജൻ ചരിത്രം തിരുത്തിക്കുറിച്ച്‌ രണ്ടാമതും വിജയിച്ചു. 2016ൽ കോൺഗ്രസിലെ എം പി വിൻസന്റിനെ 13,248 വോട്ടിനാണ് രാജൻ പരാജയപ്പെടുത്തിയത്. 2021ൽ യുഡിഎഫിലെ ജോസ്‌ വള്ളൂരിനെ 21,506 വോട്ടുകൾക്ക്‌ മറികടന്നു.


ഒല്ല‍ൂർ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനക്കുതിപ്പിന്റെ അടയാളങ്ങൾ കാണാം. എല്ലാ ഗവ. സ്‌കൂൾ കെട്ടിടങ്ങളും ഹൈടെക്കാക്കി. ആരോഗ്യകേന്ദ്രങ്ങളിലും മികച്ച സ‍ൗകര്യമൊരുക്കി. പ്രധാന റോഡുകളെല്ലാം മെക്കാഡം ടാറിങ് ചെയ്‌തു. നെടുപുഴ വനിത പോളിടെക്നിക് കോളേജിൽ 22 കോടിയുടെ വികസനം നടപ്പാക്കി. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമാണം തുടങ്ങി. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡും പുത്തൂരിൽ സാമാന്തര പാലവും യാഥാർഥ്യമായി. 24 കോടി മുടക്കി കണ്ണാറ ബനാന ഹണി പാർക്ക് പൂർത്തിയായി.


സിപിഐ നാഷണൽ ക‍ൗൺസിൽ അംഗമാണ് കെ രാജൻ. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്താണ്‌ യുഡിഎഫ് സ്ഥാനാർഥി. ഹൈക്കോടതി വിധിയെന്ന പേരിൽ കെ രാജനെതിരെ ഷാജി കള്ളവാർത്തകൾ പ്രചരിപ്പിച്ചു‍‍‍‍‍‍. ഇതിൽ ഷാജി മാപ്പുപറയണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടതോടെ യുഡിഎഫ്‌ നാണംകെട്ടിരിക്കയാണ്‌. എൻഡിഎയ്‌ക്കായി ബിജെപിയിലെ ബിജോയ്‌ തോമസാണ്‌ മത്സരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home