ad
Deshabhimani

print edition ആഴത്തിലാണ്‌ ധർമടത്തെ ആത്മബന്ധം

Pinarayi Vijayan LDF Press Meet

പിണറായി വിജയൻ

avatar
എൻ കെ സുജിലേഷ്‌

Published on Apr 06, 2026, 12:07 AM | 2 min read

കണ്ണൂർ : വാളാങ്കിച്ചാലിൽ നടൻ ജയകൃഷ്‌ണൻ കേരളത്തിലെ ആശുപത്രികളുടെ മാറ്റത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. ഇനി സ്വകാര്യാശുപത്രിയിലേക്ക്‌ പോകില്ലെന്ന്‌ തീരുമാനമെടുത്ത സ്വന്തക്കാരിലൊരാളുടെ അനുഭവം. സർക്കാർ ആശുപത്രി ഇങ്ങനെയായതെങ്ങനെയെന്നു വിശദീകരിച്ചശേഷം ഇനിയത്‌ പിറകോട്ടുപോകണോയെന്നാണ്‌ ചോദ്യം.

നഗരങ്ങളിലെ ഹൈടെക്‌ സ്വകാര്യാശുപത്രികളെപ്പോലെ വളർന്ന പിണറായിയിലെയും ചക്കരക്കല്ലിലെയും അടക്കമുള്ള ആശുപത്രികൾ കണ്ട ജനങ്ങൾക്കുറപ്പുണ്ട്‌ ഇപ്പറയുന്നതിലൊന്നും ഒരു തരി പോലും അതിശയോക്തിയില്ലെന്ന്‌. വികസനത്തിന്റെയും ക്ഷേമത്തിന്റെയും അനുഭവസ്ഥർക്കുമുന്നിൽ അധികം വിശദീകരിക്കേണ്ടെന്നതാണ്‌ ഇക്കുറി എൽഡിഎഫിന്റെ നേട്ടമെന്ന്‌ പറഞ്ഞുനിർത്തുന്പോഴേക്കും സ്ഥാനാർഥിയെത്തുന്നു. പിന്നെയൊരു തിരയിളക്കമാണ്‌.

സ്ഥാനാർഥിയും ജനങ്ങളും തമ്മിൽ ഇത്രയേറെ ഇഴയടുപ്പമുള്ള മറ്റൊരു മണ്ഡലമില്ല കേരളത്തിൽ. ധർമടം കേരളത്തിന്റെ സൂചനയാണ്‌. നവകേരളത്തിന്റെ നായകൻ പിണറായി വിജയന്റെ സ്ഥാനാർഥിത്വമാണ്‌ പതിനായിരങ്ങൾ സ്വന്തമായി ഏറ്റെടുക്കുന്നത്‌. രണ്ടു ദിവസങ്ങളിലായി 25 കേന്ദ്രങ്ങളിലാണ്‌ പിണറായിയെത്തിയത്‌. ചെറുയോഗങ്ങൾ പോലും പൊതുയോഗങ്ങളാകുന്നു. പ്രചാരണത്തിന്‌ സാഹിത്യകാരൻ ടി പത്മനാഭൻ മുതൽ നടൻ കമൽഹാസൻ വരെയുള്ളവർ ധർമടത്തെത്തി.

ധർമടത്ത്‌ മൂന്നാം തവണയാണ്‌ പിണറായി ജനവിധി തേടുന്നത്‌. മണ്ഡലം രൂപീകരിച്ചതുമുതൽ എൽഡിഎഫ്‌ ഭൂരിപക്ഷം വർധിപ്പിക്കുന്ന മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌. കണിശതയുള്ള രാഷ്‌ട്രീയ ബോധ്യവും വികസനകാഴ്‌ചപ്പാടുമാണ്‌ മണ്ഡലത്തെ എന്നും ഇടതുപക്ഷത്ത്‌ ഉറപ്പിച്ചുനിർത്തുന്നത്‌. കമ്യൂണിസ്റ്റ്‌ പാർടി രൂപീകരിച്ച പാറപ്രവും കമ്യൂണിസ്റ്റ്‌ നേതാക്കളെ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്ത മാവിലായിയും എ കെ ജിക്ക്‌ ജൻമം നൽകിയ പെരളശേരിയുമടങ്ങുന്ന ധർമടം എന്നും ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയാണ്‌. പിണറായി, പെരളശേരി, കടന്പൂർ, അഞ്ചരക്കണ്ടി, ചെന്പിലോട്‌, വേങ്ങാട്‌, മുഴപ്പിലങ്ങാട്‌, ധർമടം പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മണ്ഡലം. മുഴുവൻ പഞ്ചായത്തുകളും നിലവിൽ എൽഡിഎഫിനൊപ്പമാണ്‌.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രമുഖരെ ഇറക്കുമെന്ന്‌ പ്രഖ്യാപിച്ചിറങ്ങിയ യുഡിഎഫ്‌ അവസാനം സ്ഥാനാർഥിയാക്കിയത്‌ സി രഘുനാഥിനെയായിരുന്നു. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ രഘുനാഥ്‌ ബിജെപി സ്ഥാനാർഥിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാളയാർ പെൺകുട്ടികളുടെ അമ്മയെയും പിണറായിക്കെതിരെ മത്സരത്തിനിറക്കിയിരുന്നു. എല്ലാവിധ കള്ളപ്രചാരണങ്ങൾക്കും ജനങ്ങൾ മറുപടി നൽകിയത്‌ ഭൂരിപക്ഷം അരലക്ഷത്തിനും മീതേക്ക്‌ ഉയർത്തിയാണ്‌.ഇത്തവണയും മുഖ്യമന്ത്രിക്കെതിരെ പ്രമുഖരെ ഇറക്കുമെന്നായിരുന്നു യുഡിഎഫ്‌ അവകാശവാദം. ഒടുവിൽ തളിപ്പറന്പിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന വി പി അബ്ദുൾ റഷീദാണ്‌ രംഗത്തുവന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ്‌. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്‌ജിത്താണ്‌ എൻഡിഎ സ്ഥാനാർഥി.


മണ്ഡല രൂപീകരണശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കെ കെ നാരായണനായിരുന്നു പ്രതിനിധി. രണ്ടുതവണയായി മുഖ്യമന്ത്രി പിണറായി വിജയനും. 2016ലെ തെരഞ്ഞെടുപ്പിൽ പിണറായിക്ക്‌ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ധർമടം കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയത്. 2021ൽ ഭൂരിപക്ഷം 50,123 ആയി വർധിപ്പിച്ചു. പൊതുവെ തിരിച്ചടിയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ കാൽലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home