അക്കൗണ്ട് വിവരമടക്കം കണക്ക് പുറത്തുവിട്ട് സിപിഐ എം
print edition കോൺഗ്രസ് പിരിച്ചതെത്ര, കട്ടതെത്ര

പ്രത്യേക ലേഖകൻ
Published on Apr 03, 2026, 06:00 AM | 1 min read
തിരുവനന്തപുരം
: മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാൻ സിപിഎ എം കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ട് സഹിതം പുറത്തുവിട്ടതോടെ വീണ്ടും കുരുക്കിലായി കോൺഗ്രസ്.
സിപിഐ എം പിരിച്ച പണത്തിന്റെ കണക്ക് പറഞ്ഞിട്ട് ഞങ്ങളോട് ചോദിച്ചാൽ മതി എന്ന് കോൺഗ്രസ് പ്രതിനിധി ചാനൽ ചർച്ചകളിലടക്കം പറഞ്ഞിരുന്നു. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ സിപിഐ എം കണക്ക് വന്നു. അതോടെ, പുകമറ സൃഷ്‌ടിക്കാൻ ചില മാധ്യമങ്ങളുടെ ഒത്താശയോടെ സൃഷ്‌ടിച്ച നാടകം പൊളിഞ്ഞടുങ്ങി.
അതേസമയം, വയനാട് എന്ന് മിണ്ടിയാൽ ഒളിച്ചോടുന്ന ഗതികേടിലാണ് കോൺഗ്രസ് നേതാക്കൾ. സിപിഐ എം കേന്ദ്ര കമ്മിറ്റി സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നും, തുക രണ്ട് പ്രാവശ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നുമാണ് ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയത്. പാർടിയുടെ ബഹുജന സംഘടനകളും സിഎംഡിആർഎഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നൽകിയിട്ടുണ്ട്. പണസമാഹരണത്തിലും അക്കൗണ്ടുകളിലും സുതാര്യത പുലർത്തുന്ന സിപിഐ എമ്മിനെ സുപ്രീംകോടതി അഭിനന്ദിച്ചിരുന്നു.
എന്നാൽ, വയനാട് ഫണ്ട് പിരിച്ച് എന്തുചെയ്തുവെന്ന് സത്യസന്ധതയോടെ ജനങ്ങളോട് പറയാൻ കോൺഗ്രസ് കൂട്ടാക്കിയിട്ടില്ല.
ദുരന്തത്തിൽ മരിച്ചവരെപോലും വെറുതെവിടാത്ത പാർടിയെന്ന ആക്ഷേപം അലങ്കാരമായി കൊണ്ടുനടക്കുകയാണ് കോൺഗ്രസ്.
2025 മാർച്ച് 21ന് 92,00,000 രൂപയും 2025 മെയ് 26ന് 99,000 രൂപയുമാണ് സിപിഐ എം കൈമാറിയത്. കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്നാണ് പണം ശേഖരിച്ചത്. അഖിലേന്ത്യാ കിസാൻസഭ നേതൃത്വവും കേരള കർഷകസംഘവും മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
കോൺഗ്രസ് അധ്യാപകസംഘടനയായ കെപിഎസ്‌ടിഎയും പ്രതിക്കൂട്ടിലാണ്.10 വീട് നിർമിക്കുമെന്ന് പ്രചരിപ്പിച്ച് അധ്യാപകരിൽനിന്ന് ഒരു കോടി രൂപയിലധികമാണ് പിരിച്ചെടുത്തത്. ഇൗ തുക കൽപ്പറ്റയിലും ഷൊർണൂരിലും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചെലവിടുന്നെന്നാണ് പരാതി.










0 comments