മലയോരത്തിന്റെ കളത്തിൽ നായകൻ

എം സനോജ്
Published on Mar 26, 2026, 12:15 AM | 1 min read
നിലന്പൂര്‍
തേക്കിന്‍നാടെന്നും മുളകളുടെ നാടെന്നും സ്വര്‍ണനാടെന്നും അറിയപ്പെടുന്നതാണ് ജില്ലയിലെ മലയോരമണ്ണായ നിലന്പൂര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അതിവസിക്കുന്ന മണ്ഡലം. ഭൂരിഭാഗവും വനത്താലും പുഴകളാലും ചുറ്റപ്പെട്ട പ്രദേശം. ഇന്ത്യയില്‍ ആദ്യമായി ഒരു എംഎല്‍എ കൊലചെയ്യപ്പെട്ടത് ഇവിടെയാണ്. ധീരരക്തസാക്ഷിയായത് സിപിഐ എമ്മിന്റെ സമുന്നത നേതാവ് കെ കുഞ്ഞാലി. യുഡിഎഫ് കുത്തകയായിരുന്ന മണ്ഡലം 2016ൽ പി വി അൻവറിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തതോടെ നിലന്പൂർ ശ്രദ്ധയാകര്‍ഷിച്ചു. കേരളത്തിന്റെ വികസനവേഗത്തിനൊപ്പം നിലന്പൂരും കുതിച്ചു. വികസനം വോട്ടായതോടെ 2021ലും എൽഡിഎഫ-് വിജയം ആവര്‍ത്തിച്ചു. 2025ല്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. കോൺഗ്രസിലെ അതികായനും നിരവധി തവണ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വികസനമെത്തിക്കാൻ സാധിച്ചിരുന്നില്ല. വൈദ്യുതി മന്ത്രിയായിട്ടും വെളിച്ചമെത്താത്ത ആദിവാസി ഉന്നതികളിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വെളിച്ചമെത്തിയത്. നിലന്പൂര്‍ റെയില്‍വേ അടിപ്പാത, നിലന്പൂര്‍ ബൈപാസിന് തുക അനുവദിച്ചത്, നിലന്പൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃശിശുമന്ദിരം, തൃക്കൈക്കുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് തുക അനുവദിച്ചത്, മലയോര ഹൈവേ തുടങ്ങി ഒട്ടനവധി വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. പ്രളയ പുനരധിവാസവും മാതൃകാപരമായി നടപ്പാക്കി. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുൻ നായകനും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ യു ഷറഫലിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. കളിമികവിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ മുൻ ഇന്ത്യൻ നായകൻ ഇതിനകം നിലന്പൂരിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. സിറ്റിങ് എംഎൽഎ ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിനും ലീഗിനും ഒരുപോലെ അനഭിമതനാണ് ഷൗക്കത്ത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് സീറ്റ് നൽകിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ തന്റെ നേട്ടമായി അവതരിപ്പിച്ചാണ് ഷൗക്കത്ത് വോട്ടഭ്യര്‍ഥിക്കുന്നത്. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് സംസ്ഥാന സമിതിയംഗം ഗിരീഷ് മേക്കാടാണ് മത്സരിക്കുന്നത്.










0 comments