print edition 10 വർഷം ശ്രദ്ധയൂന്നി; തൊഴിലില്ലായ്‌മ കുറച്ചു

Representative Image

സ്വന്തം ലേഖകൻ
Published on Apr 05, 2026, 03:10 AM | 2 min read
തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് സംസ്ഥാന സർക്കാരിനുള്ള ഗുഡ് സർട്ടിഫിക്കറ്റ്. 2016ൽ എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ 35 ഇന പരിപാടിയിൽ മുഖ്യ ഉൗന്നൽ തന്നെ തൊഴിലില്ലായ്‌മയ്ക്ക് പരിഹാരം കാണലായിരുന്നു. അതാണിപ്പോൾ ഫലം കണ്ടത്.
ഐടി, ടൂറിസം, ഇലക്‌ട്രോണിക്‌സ് തുടങ്ങി ആധുനിക വ്യവസായ വളർച്ച, പിഎസ്‌സിയിൽ പരമാവധി നിയമനം, ശക്തമായ കരിയർ ഗൈഡൻസും നൈപുണി വികസനവും, സ്വയം സംരംഭങ്ങൾക്ക് പ്രോത്സാഹനം എന്നിവയിലെ ഇടപെടലാണ് നേട്ടം കൈവരിക്കാനിടയാക്കിയത്. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക് വകുപ്പാണ് കണക്ക് പുറത്തുവിട്ടത്.
ദിവസം 87 നിയമനം എന്ന നിലയിലാണ് പിഎസ്‌സി നിയമനം നടത്തിയത്. മൊത്തം 3.09 ലക്ഷം നിയമനം. സ്‌റ്റാർട്ടപ് 2016ൽ 300 ആയിരുന്നത് ഇപ്പോൾ 6681ൽ എത്തി. അംഗീകാരത്തിന് കാത്തിരിക്കുന്നവ 6300 എണ്ണമുണ്ട്. ഐടി കമ്പനികൾ 650ൽ നിന്ന് 1160ലേക്ക് ഉയർത്തി; 200 ശതമാനം വളർച്ച. ജീവനക്കാർ 1.6 ലക്ഷത്തിലെത്തി. സ്‌റ്റാർട്ടപ്പുകൾ അടക്കം അഞ്ചുലക്ഷത്തോളം പേർക്കാണ് കുടുംബശ്രീ തൊഴിൽ നൽകിയത്. കേന്ദ്ര സർവേ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 2017-–18-ലെ 11.4 ശതമാനത്തിൽനിന്ന് 2023–-24ൽ 7.1 ശതമാനമായി. ഇപ്പോൾ 4.3 ശതമാനമാക്കി. അടുത്ത അഞ്ചുവർഷത്തിൽ ദേശീയ ശരാശരിയായ 3.2 ശതമാനമാക്കാനാണ് എൽഡിഎഫ് ശ്രമം.
തൊഴിലിലും പെൺകുതിപ്പ്
തിരുവനന്തപുരം : കേരളത്തിന്റെ വികസന ഭൂപടത്തിൽ കൈയൊപ്പ് പതിപ്പിച്ച് സംസ്ഥാനത്തെ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ കുതിച്ചുചാട്ടം. എൽഡിഎഫ് സർക്കാരിന്റെ ലിംഗനീതിയിലധിഷ്ഠിതമായ നയങ്ങളും സ്ത്രീശാക്തീകരണ പദ്ധതികളും ചട്ടക്കൂടുകൾ തകർത്ത് തൊഴിൽ മേഖലയിലേക്കെത്താൻ സ്ത്രീകൾക്ക് ആത്മവിശ്വാസമേകി.
2017-–18-ൽ 26.5 ശതമാനം ആയിരുന്ന സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2020–21ൽ 32.3 ശതമാനമാവും മൂന്നുവർഷത്തിനുള്ളിൽ 36.4 ശതമാനവുമായി ഉയർത്തി. തൊഴിൽ ശതമാനം ഉയർത്തുന്നതിനൊപ്പം സ്ത്രീകളുടെ സാമൂഹ്യപദവി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും സർക്കാർ ഏറ്റെടുത്തു. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50ശതമാനമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. കുടുംബശ്രീ വഴി 8.81 ലക്ഷം സ്ത്രീകൾ സ്വയം തൊഴിൽ മേഖലയിലേക്കും സംരംഭകത്വത്തിലേക്കും കടന്നുവന്നു. 37,212 പേർ ഹരിതകർമസേനാംഗങ്ങളായി ജോലി ചെയ്യുന്നു. വനിതാ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഗ്രാന്റുകളും കുറഞ്ഞ പലിശയിൽ വായ്പയും നൽകുന്നത് വഴി ഐടി മേഖലയിലുൾപ്പെടെ വനിതാ സാന്നിധ്യം വർധിച്ചു. വീടിനടുത്ത് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന "വർക്ക് നിയർ ഹോം' പദ്ധതി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കെ-ഡിസ്ക്, നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ വിജ്ഞാനകേരളം പദ്ധതിയിലൂടെ 74100 സ്‌ത്രീകൾക്ക് തൊഴിൽ ലഭ്യമായി.
തൊഴിൽ ദാതാക്കളെ നേരിട്ട് കണ്ട്, നിലവിലുള്ളതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ തൊഴിലുകൾ, ഓരോ തൊഴിലിനും ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത, നൈപുണി, വേതനം, സ്ഥലം, അവസരങ്ങൾ അവസാനിക്കുന്ന തീയതി എന്നീ വിവരങ്ങൾ ശേഖരിക്കും. സോഫ്റ്റ്‌വെയർ/മൊബൈൽ ആപ്പിന്റെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മാപ്പ് ചെയ്യും. അയൽക്കൂട്ട കുടുംബത്തിലെ ജോലി ചെയ്യാൻ സന്നദ്ധരായ യുവജനങ്ങളുടെയും സ്ത്രീകളുടെയും മുഴുവൻ വിവരങ്ങളും ശേഖരിച്ച് തൊഴിൽ സംരംഭകരുമായി ബന്ധപ്പെടുത്തുന്നതിന് പ്രാദേശിക തൊഴിൽ മേളകളിലൂടെ സർക്കാർ അവസരമൊരുക്കുന്നു.
കാഴ്‌ചപ്പാട് മാറി
സ്‌റ്റാർട്ടപ്പുകളെക്കുറിച്ചുള്ള കാഴ്‌ചപ്പാട് മാറിയ അഞ്ചുവർഷമാണ് കടന്നുപോയത്. സർക്കാരിൽനിന്ന് മികച്ച പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നു. ഞാൻ അഞ്ചുവർഷംമുന്പാണ് സ്‌റ്റാർട്ടപ് ആരംഭിച്ചത്. കേരള സ്‌റ്റാർട്ടപ് മിഷന്റെയും കെഎസ്ഐഡിസിയുടെയും ഫണ്ടിങ് ലഭിച്ചു. കേരളത്തിൽ ബിസിനസ് ചെയ്യാൻ കഴിയില്ലെന്ന കാഴ്‌ചപ്പാടും മാറി. സ്‌ത്രീകളുടെ സ്‌റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പ് സ്വാഗതാർഹമാണ്.
(ഡോ. ലിനി ബേസിൽ, ബൈലിൻ മെഡ്‌ടെക്ക് സ്ഥാപക, ഡയറക്ടർ)
സ്‌റ്റാർട്ടപ്പുകൾ സ്‌മാർട്ട്
ശ്രീരാജ് ഓണക്കൂർ
കൊച്ചി: കേരളത്തിലെ യുവാക്കളുടെ തൊഴിൽസങ്കൽപ്പങ്ങളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ച 10 വർഷമാണ് കടന്നുപോയത്. പരമ്പരാഗത ചിന്താഗതിയിൽനിന്നു മാറി സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും പുതുമയുള്ള ആശയങ്ങൾ നടപ്പാക്കാനുമുള്ള ആവേശമാണ് യുവാക്കളിൽ. കേരള സ്റ്റാർട്ടപ് മിഷൻപോലുള്ള സർക്കാർസംവിധാനങ്ങൾ നൽകുന്ന പിന്തുണ ഈ മാറ്റത്തിന് കരുത്തായി.
രാജ്യത്ത് സ്റ്റാർട്ടപ്‌നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സ്റ്റേറ്റ് സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ 2022ലെ ബെസ്റ്റ് പെര്‍ഫോമറായും 2023–-25ൽ എക്കോസിസ്റ്റം ലീഡറായും കേരളം തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 300 ആയിരുന്നത് എണ്ണായിരത്തിന് മുകളിലെത്തി. ഇതുവഴി 80,000 തൊഴിൽ സൃഷ്ടിക്കാനുമായി.










0 comments