ad
Deshabhimani

ചരിത്രം തിരുത്തിയ താനൂർ

a
avatar
മനു വിശ്വനാഥ്‌

Published on Mar 07, 2026, 01:22 AM | 3 min read

താനൂർ ​

സ്വാതന്ത്ര്യ സമരചരിത്രത്തിൽ വീരേതിഹാസം തീർത്ത ഉമൈത്താനത്ത് കുഞ്ഞിക്കാദറിന്റെ സ്മരണ നിലനിൽക്കുന്ന നാടാണ് താനൂർ. മതമൈത്രിയുടെ ഈറ്റില്ലം. പടിഞ്ഞാറ് അറബിക്കടലും തെക്ക് പൂരപ്പുഴയും അതിരിടുന്നതാണ്‌ താനൂർ മണ്ഡലം. കർഷക തൊഴിലാളികളും മത്സ്യ തൊഴിലാളികളും ഉൾപ്പെടെ സാധാരണക്കാരുടെ മേഖല. വടക്ക്, കിഴക്ക് ഭാഗങ്ങളിൽ തിരൂരങ്ങാടി നിയമസഭാ മണ്ഡലവും തെക്ക് തിരൂർ മണ്ഡലവും അതിർത്തി പങ്കുവയ്ക്കുന്നു. 2008ലെ മണ്ഡലം പുനർനിർണയത്തിൽ താനൂരിന്റെ ഭാഗമായിരുന്ന നന്നമ്പ്ര, എടരിക്കോട്, തെന്നല, പറപ്പൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ഒഴിവായി. താനൂർ നഗരസഭ, താനാളൂർ, ഒഴൂർ, ചെറിയമുണ്ടം, നിറമരുതൂർ, പൊന്മുണ്ടം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിലെ താനൂർ നിയമസഭാ മണ്ഡലം. 1957ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി എച്ച് മുഹമ്മദ് കോയയായിരുന്നു ആദ്യ നിയമസഭാംഗം. 1960ൽ സി എച്ച് മുഹമ്മദ് കോയ മുസ്ലിംലീഗ് സ്ഥാനാർഥിയായി. 55 വർഷം ലീഗിന്റെ ശെകവശമായിരുന്നു മണ്ഡലം. സി മുഹമ്മദ്കുട്ടി, എം മൊയ്തീൻകുട്ടി, ഉമ്മർ ബാഫഖി തങ്ങൾ, യുഎ ബീരാൻ, ഇ അഹമ്മദ്, പി സീതിഹാജി, പി കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരെയും വിജയിപ്പിച്ചു. ഇ അഹമ്മദ് മൂന്നുതവണയും പി കെ അബ്ദുറബ്ബ് അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ രണ്ടുതവണവീതവും ബാക്കിയുള്ളവർ ഓരോതവണയും താനൂരിലെ ജനപ്രതിനിധികളായി. 2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വി അബ്ദുറഹിമാനിലൂടെ എൽഡിഎഫ് താനൂർ പിടിച്ചെടുത്തു. 2021ൽ മണ്ഡലം നിലനിർത്തി. മുൻ കെപിസിസി അംഗമായിരുന്ന വി അബ്ദുറഹിമാൻ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. ലീഗിലെ ഇ ടി മുഹമ്മദ് ബഷീറിനോട് 25,410 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും താനൂർ നിയമസഭാ മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. തുടർന്ന്‌ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തെത്തി. 4918 വോട്ടുകൾക്ക് ലീഗിലെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. 2021ൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഇറക്കിയിട്ടും ലീഗിന്‌ ജയിക്കാനായില്ല. 985 വോട്ടിനായിരുന്നു പരാജയം. നിലവിൽ നിറമരുതൂർ പഞ്ചായത്തിൽ സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. പൊന്മുണ്ടത്ത് ജനകീയ മുന്നണിയുടെ നേതൃത്വത്തിലും. താനൂർ നഗരസഭ, ചെറിയമുണ്ടം താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ യുഡിഎഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.


താനൂർ മുന്നേറിയ പതിറ്റാണ്ട്‌

കഴിഞ്ഞ പത്ത് വർഷക്കാലം രണ്ടായിരം കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് താനൂർ മണ്ഡലത്തിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. താനൂർ ഹാർബർ, ഗവ. കോളേജ്, താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, തയ്യാല റോഡ് റെയിൽവേ മേൽപ്പാലം, സമഗ്ര കുടിവെള്ള പദ്ധതി, ഗവ. നഴ്സിങ് കോളേജ്, ഗവ. ഐടിഐ, മാതൃക മത്സ്യഗ്രാമം, പൂരപ്പുഴ റെഗുലേറ്റർ, അഞ്ചുടി പാലം, ഉണ്യാൽ പാലം പുനർനിർമാണം, താനൂർ റവന്യൂ ടവർ, കൊട്ടിലത്തറ -മഞ്ഞക്കടവ് പാലം, പനമ്പാലം, ഓവുങ്ങൽ ബൈപാസ്, നടുവത്തിതോട് നവീകരണം, തലക്കടത്തൂർ ടൗൺ നവീകരണം, ഫയർ സ്റ്റേഷൻ ഡയാലിസിസ് സെന്റർ, സ്റ്റേഡിയങ്ങൾ, ഹൈടെക് വിദ്യാലയങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തീരദേശ ഹൈവേ തുടങ്ങിയവ ശ്രദ്ധേയമായ പദ്ധതികളാണ്.


നിയമസഭാ സാമാജികര്‍ 1957: സി എച്ച് മുഹമ്മദ് കോയ (സ്വത.)  1960: സി എച്ച് മുഹമ്മദ് കോയ (ലീഗ്) 1965: സി മുഹമ്മദ്കുട്ടി (ലീഗ്)  1967: എം മൊയ്തീൻകുട്ടി (ലീഗ്)  1970: ഉമ്മർ ബാഫഖി തങ്ങൾ (ലീഗ്)  ​1977: യു എ ബീരാൻ (ലീഗ്)  ​1980: ഇ അഹമ്മദ് (ലീഗ്)  ​1982: ഇ അഹമ്മദ് (ലീഗ്)  ​1987: ഇ അഹമ്മദ് (ലീഗ്)  ​1991: പി സീതി ഹാജി (ലീഗ്)  ​1996: പി കെ അബ്ദുറബ്ബ് (ലീഗ്)  ​2001: പി കെ അബ്ദുറബ്ബ് (ലീഗ്)  ​2006: അബ്ദുറഹിമാൻ രണ്ടത്താണി (ലീഗ്) ​2011: അബ്ദുറഹിമാൻ രണ്ടത്താണി(ലീഗ്) ​2016: വി അബ്ദുറഹിമാൻ (എൽഡിഎഫ് സ്വതന്ത്രൻ) ​2021: വി അബ്ദുറഹിമാൻ (എൽഡിഎഫ് സ്വതന്ത്രൻ) ​ ​ 2021ലെ തെരഞ്ഞെടുപ്പ് ഫലം ​വി അബ്ദുറഹിമാൻ (എൽഡിഎഫ് സ്വത.) 70704 പി കെ ഫിറോസ് (യുഡിഎഫ്) -69719 കെ നാരായണൻ മാസ്റ്റർ (എൻഡിഎ)- 10590 ഫിറോസ് കുഞ്ഞുമരക്കാർ (സ്വത.) - 247 വി അബ്ദുറഹിമാൻ (സ്വത) - 224 കുഞ്ഞിമുഹമ്മദ് എം ബാപ്പുട്ടി (സ്വത.) - 213 മുഈനുദ്ദീൻ (സ്വത.) - 183 വി അബ്ദുറഹിമാൻ (സ്വത.) - 179 വി അബ്ദുറഹിമാൻ (സ്വത.) -102 ഫിറോസ് (സ്വത.) - 73 ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home